Nursing Recruitment: നഴ്‍സിങ് റിക്രൂട്ട്മെന്റിന് പണം വാങ്ങിയാല്‍ നിയമ നടപടിയെന്ന് ഇന്ത്യന്‍ അംബാസഡര്‍

By Web TeamFirst Published Jan 25, 2022, 8:19 PM IST
Highlights

റിക്രൂട്ട്മെന്റ്  സംബന്ധിച്ച സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളുടെ കാര്യത്തില്‍ ജാഗ്രത വേണമെന്ന് കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നഴ്‍സിങ് റിക്രൂട്ട്മെന്റിന് (Nursing recruitment) പണം വാങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി (Indian ambassador in kuwait) സിബി ജോര്‍ജ് പറഞ്ഞു. റിക്രൂട്ട്മെന്റ്  സംബന്ധിച്ച സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങൾ കരുതിയിരിക്കണം. ഇടനിലക്കാരായി ചമഞ്ഞ് പണം ‌പിടുങ്ങുന്നതിനുള്ള ശ്രമമാണ് പരസ്യങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. 

എംബസിയുടെ പ്രതിമാസ ഓ‌പ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു സ്ഥാനപതി. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അത്തരം പരസ്യങ്ങൾ എംബസിയുടെ ശ്രദ്ധയില്‍പെടുത്തണം. ആരോഗ്യ മന്ത്രാലയം നിശ്ചയിക്കുന്ന ശമ്പളത്തിൽ നിന്ന് ‌വിഹിതം ഇടനിലക്കാര്‍ കൈക്കലാക്കുന്ന ഇടപാട് അംഗീകരിക്കാൻ കഴിയില്ല. കരാർ വ്യവസ്ഥയിൽ നഴ്‍സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് എംബസി അംഗീകാരം ‌നൽകാത്തത് അത് കൊണ്ടാണെന്നും സിബി ജോര്‍ജ് വ്യക്തമാക്കി.

ഗള്‍ഫില്‍ ജോലിക്ക് പോകുന്ന നഴ്‍സുമാര്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ ഒരു രൂപ പോലും റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് അധികം നല്‍കരുതെന്ന് നേരത്തെ തന്നെ കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബറില്‍ നടന്ന ഓപ്പണ്‍ ഹൗസിൽ സംസാരിക്കവെയായിരുന്നു ഇത്. 

സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ച് റിക്രൂട്ടിങ് ഏജന്‍സിക്ക് പരമാവധി ഈടാക്കാവുന്ന തുക 30,000 രൂപയാണ്. അതിനേക്കാള്‍ കൂടുതലായി വാങ്ങുന്ന ഒരു രൂപ പോലും തട്ടിപ്പായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. അധികം പണം നല്‍കാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അക്കാര്യം എംബസിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും തട്ടിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

click me!