
റിയാദ്: വ്യവസായ മേഖലകളിലെ വിദേശ തൊഴിലാളികൾക്ക് ലെവി ഇളവ് അനുവദിക്കാൻ സൗദി ഭരണകൂടം തീരുമാനിച്ചു. വ്യവസായ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ഹൃസ്വകാലാടിസ്ഥാനത്തിലുള്ള അടിയന്തിര പോംവഴികൾ ബന്ധപ്പെട്ട വകുപ്പുകൾ സമർപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
സമഗ്ര സാമ്പത്തിക പരിഷ്ക്കരണ പദ്ധതിയായ വിഷൻ 2030 ന്‍റെ ഭാഗമായി വ്യവസായ മേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കാനും കയറ്റുമതി ഉയർത്താനും ലക്ഷ്യമിട്ടാണ് വ്യവസായ മേഖലകളിലെ വിദേശ തൊഴിലാളികൾക്ക് ലെവിയിൽ ഇളവ് അനുവദിക്കുന്നത്.
ചെറുകിട സ്വകാര്യ സ്ഥാപനങ്ങൾക്ക് സമാന രീതിയിൽ നേരത്തെ ലെവി ഇളവ് പ്രഖ്യാപിച്ചിരുന്നു. ഒൻപതും അതിൽ കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് അഞ്ചു വർഷത്തേക്കാണ് ലെവി ഇളവ് അനുവദിച്ചിരുന്നത്.
ഇതിനകം അഞ്ചു വർഷക്കാലം പദ്ധതി പ്രയോജനപ്പെടുത്തിയ സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് ആനുകൂല്യം അവസാനിച്ചിട്ടുണ്ട്.
2014 മുതലാണ് സൗദിയിൽ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. സ്വദേശികളേക്കാൾ കൂടുതൽ വിദേശികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളിയുടെ പ്രതിമാസ ലെവി ഈ വർഷം 600 റിയാലും സ്വദേശികളേക്കാൾ കുറവ് വിദേശികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ പ്രതിമാസ ലെവി 500 റിയാലുമാണ്. എന്നാൽ അടുത്ത വർഷം ഇത് യഥാക്രമം 800 റിയാലും 700 റിയാലയും ഉയരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam