ജോര്‍ദ്ദാന്‍ പൗരനുമായി ചേര്‍ന്ന് തിരുവനന്തപുരം സ്വദേശി ലുലുവില്‍ നിന്ന് വെട്ടിച്ചത് നാലരക്കോടി; തിരിച്ചറിഞ്ഞത് ഒന്നര വര്‍ഷത്തിന് ശേഷം

By Web TeamFirst Published Dec 19, 2018, 10:12 AM IST
Highlights

ലുലു ഗ്രൂപ്പിന് കീഴില്‍ റിയാദില്‍ പ്രവര്‍ത്തിക്കുന്ന ലുലു അവന്യുവില്‍ പര്‍ച്ചേസ് മാനേജരായിരുന്നു ഷിജു ജോസഫ്. ഈ സമയത്ത് ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിലാണ് തട്ടിപ്പ് നടത്തിയത്. സാധനങ്ങള്‍ എത്തിച്ചിരുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന മുഹമ്മദ് ഫക്കീം എന്ന ജോര്‍ദാന്‍ പൗരനുമായി ചേര്‍ന്നായിരുന്നു ഇത്. 

കഴക്കൂട്ടം: കഴിഞ്ഞ ദിവസം തിരുവനന്തപുരം തുമ്പ പൊലീസ് അറസ്റ്റ് ചെയ്ത കഴക്കൂട്ടം സ്വദേശി ഷിജു ജോസഫ് ലുലു ഗ്രൂപ്പില്‍ നിന്ന് വെട്ടിച്ചത് നാലര കോടിയോളം രൂപ. ഒന്നര വര്‍ഷത്തോളം ലുലുവിലേക്കെന്ന പേരില്‍ വാങ്ങിയ സാധനങ്ങള്‍ മറിച്ചുവിറ്റാണ് പണം തട്ടിയത്. മറ്റൊരു സ്ഥാപന്തില്‍ ജോലി ചെയ്തിരുന്ന ഒരു ജോര്‍ദ്ദാന്‍ പൗരനാണ് ഇയാളെ സഹായിച്ചത്.

ലുലു ഗ്രൂപ്പിന് കീഴില്‍ റിയാദില്‍ പ്രവര്‍ത്തിക്കുന്ന ലുലു അവന്യുവില്‍ പര്‍ച്ചേസ് മാനേജരായിരുന്നു ഷിജു ജോസഫ്. ഈ സമയത്ത് ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിലാണ് തട്ടിപ്പ് നടത്തിയത്. സാധനങ്ങള്‍ എത്തിച്ചിരുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന മുഹമ്മദ് ഫക്കീം എന്ന ജോര്‍ദാന്‍ പൗരനുമായി ചേര്‍ന്നായിരുന്നു ഇത്. ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് വരുന്ന കണ്ടെയ്‍നറുകള്‍ സ്ഥാപനത്തിലേക്ക് എത്താതെ മറ്റ് കടകളിലേക്ക് മാറ്റി. ഈ സാധനങ്ങള്‍ ഇരുവരും മറിച്ചുവിറ്റു. ഒന്നര വര്‍ഷത്തോളം ഇങ്ങനെ സാധനങ്ങള്‍ മറിച്ചുവിറ്റ് നാലര കോടി രൂപയുടെ വെട്ടിപ്പ് നടത്തി. ഒടുവില്‍  ലുലുവിലെ അക്കൗണ്ട്സ് വിഭാഗമാണ് തട്ടിപ്പ് കണ്ടുപിടിച്ചത്.

ലുലു ഗ്രൂപ്പ് സൗദിയില്‍ ഇരുവര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് ഷിജു ജോസഫ് വിദഗ്ദമായി നാട്ടിലേക്ക് കടന്നത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസിക്ക് നല്‍കിയ പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. ഇതനുസരിച്ച് പൊലീസ് മേധാവി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതോടെ അന്വേഷണം ഊര്‍ജിതമായി. നാട്ടിലെത്തിയ ഇയാള്‍ കഴക്കൂട്ടത്തെ ഒളിസങ്കേതത്തിലാണ് കഴിഞ്ഞിരുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ ഫോണ്‍ നമ്പര്‍ ഉപയോഗിക്കാതെ വാട്സ്ആപ് വഴിയായിരുന്നു ആശയവിനിമയം. ഒടുവില്‍ വാട്സ്ആപ് കോളുകള്‍ സൈബര്‍ സെല്‍ പിന്തുടര്‍ന്നാണ് പ്രതിയെ വലയിലാക്കിയത്. തിരുവനന്തപുരം സിറ്റി പൊലീസിനും ലുലു ഗ്രൂപ്പ് പരാതി നല്‍കിയിരുന്നു. ഷാഡോ പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

click me!