Latest Videos

യുഎഇയില്‍ സ്പോണ്‍സറുടെ കാര്‍ കത്തിച്ച വീട്ടുജോലിക്കാരിക്ക് കോടതി ശിക്ഷ വിധിച്ചു

By Web TeamFirst Published Apr 13, 2019, 9:25 PM IST
Highlights

ഷാര്‍ജയിലെ അല്‍ സിയൂഹിലായിരുന്നു സംഭവം. സ്വദേശിയായ സുല്‍ത്താന്‍ മുഹമ്മദ് എന്നയാളാണ് വീട്ടുജോലിക്കാരിക്കെതിരെ പരാതി നല്‍കിയത്. വര്‍ഷങ്ങളായി തന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഇവരെ താന്‍ മാന്യമായാണ് പരിഗണിച്ചിരുന്നതെന്നും കൃത്യസമയത്ത് ശമ്പളം നല്‍കിയിരുന്നുവെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.

ഷാര്‍ജ: വീട്ടുടമസ്ഥന്റെ ഭാര്യയുടെ കാര്‍ കത്തിച്ചതിന് പ്രവാസിയായ വീട്ടുജോലിക്കാരിക്ക് ഷാര്‍ജ കോടതി ശിക്ഷ വിധിച്ചു. ശ്രീലങ്കന്‍ പൗരയായ വീട്ടുജോലിക്കാരിക്ക് ആറ് മാസം തടവും 5000 ദിര്‍ഹം പിഴയുമാണ് ശിക്ഷ. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്തും.

ഷാര്‍ജയിലെ അല്‍ സിയൂഹിലായിരുന്നു സംഭവം. സ്വദേശിയായ സുല്‍ത്താന്‍ മുഹമ്മദ് എന്നയാളാണ് വീട്ടുജോലിക്കാരിക്കെതിരെ പരാതി നല്‍കിയത്. വര്‍ഷങ്ങളായി തന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഇവരെ താന്‍ മാന്യമായാണ് പരിഗണിച്ചിരുന്നതെന്നും കൃത്യസമയത്ത് ശമ്പളം നല്‍കിയിരുന്നുവെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. കുടുംബത്തിലെ ആരുമായും പ്രതിക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല.

സംഭവദിവസം സ്പോണ്‍സറും ഭാര്യയും പുറത്ത് പോയിരുന്നപ്പോഴാണ് കാറിന് തീപിടിച്ച വിവരം വീട്ടിലെ തോട്ടക്കാരന്‍ വിളിച്ച് അറിയിച്ചത്. ഇതനുസരിച്ച് വീട്ടിലെത്തിയപ്പോള്‍ കത്തുന്ന കാറിന് സമീപം ജോലിക്കാരി നില്‍ക്കുന്നതാണ് കണ്ടത്. കാര്യം അന്വേഷിച്ചപ്പോള്‍ കാറിന് തീപിടിച്ചത് കണ്ട് താന്‍ പുറത്തിറങ്ങി വന്നതാണെന്നും തീയണയ്ക്കാന്‍ വെള്ളം കിട്ടയില്ലെന്നുമായിരുന്നു മറുപടി. സ്പോണ്‍സര്‍ സിവില്‍ ഡിഫന്‍സില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്.

എന്നാല്‍ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ജോലിക്കാരി കാര്‍ തുറന്ന് കാറിനുള്ളിലേക്ക് കയറുന്നതും അല്‍പനേരം കാറിലിരുന്നശേഷം പുറത്തിറങ്ങി വീട്ടിനുള്ളിലേക്ക് പോകുന്നതും എന്തോ ഒരു വസ്തു വസ്ത്രം കൊണ്ട് മറച്ച് കൊണ്ടുവരുന്നതും കണ്ടു. സ്പോണ്‍സറും ഭാര്യയും എപ്പോള്‍ മടങ്ങിവരുമെന്ന് നേരത്തെ ഇവര്‍ ഫോണ്‍ വിളിച്ച് ചോദിച്ചിരുന്നു. കാറിനുള്ളില്‍ കയറിയത് എന്തിനായിരുന്നെന്ന ചോദ്യത്തിന്, കാറിനുള്ളില്‍ നിന്ന് പുക ഉയരുന്നുണ്ടായിരുന്നുവെന്നും അത് പരിശോധിക്കാനാണ് താന്‍ അകത്ത് കയറിയതെന്നും പറഞ്ഞു. കാറിനുള്ളിലെ പെര്‍ഫ്യൂം കുപ്പിയില്‍ നിന്ന് തീപിടിച്ചതാണെന്നും ഇവര്‍ പറഞ്ഞിരുന്നു.

എന്നാല്‍ കാറിനുള്ളില്‍ പെര്‍ഫ്യും കുപ്പിയില്ലായിരുന്നെന്ന് സ്പോണ്‍സര്‍ പറഞ്ഞു. ഫോറന്‍സിക് പരിശോധനയില്‍ പെര്‍ഫ്യൂം കുപ്പിയില്‍ നിന്ന് തീപിടിച്ചതല്ലെന്നും പെട്രോള്‍ ഒഴിച്ച് തീയിട്ടതാണെന്നും വ്യക്തമായി. തൊട്ടടുത്ത് താമസിക്കുന്ന സ്പോണ്‍സറുടെ ബന്ധുവിന്റെ വീട്ടിലെ ജോലിക്കാരിയുമായുള്ള പ്രശ്നങ്ങളുടെ പേരിലാണ് കാറിന് തീയിട്ടതെന്ന് ഇവര്‍ സമ്മതിച്ചു. സ്പോണ്‍സറുടെ ഭാര്യ തന്നെ അവരുടെ വീട്ടില്‍ കൊണ്ടുപോകുമായിരുന്നുവെന്നും അങ്ങനോ പോകാതിരിക്കാനാണ് കാര്‍ കത്തിച്ചതെന്നും ഇവര്‍ പറഞ്ഞു. 

15,000 ദിര്‍ഹം വിലയുള്ള കാറാണ് കത്തിനശിച്ചത്. രണ്ട് ലക്ഷം ദിര്‍ഹം വിലയുള്ള മറ്റൊരു കാര്‍ സ്പോണ്‍സറുടെ ഭാര്യക്ക് ഉണ്ടായിരുന്നെങ്കിലും സംഭവദിവസം അത് സര്‍വീസിനായി കൊണ്ടുപോയിരിക്കുകയായിരുന്നു. വീടിന് പുറത്തിയിരുന്നു കാര്‍ നിര്‍ത്തിയിട്ടിരുന്നത്. അതുകൊണ്ടുതന്നെ തീ മറ്റെവിടേക്കും പടര്‍ന്നതുമില്ല. സ്പോണ്‍സറുടെ മകന്‍ ഈ സമയം വീട്ടിലുണ്ടായിരുന്നു.

click me!