കൊറോണ മുന്‍കരുതല്‍; മക്കയിലെ മസ്‍ജിദുല്‍ ഹറം ദിവസേന കഴുകുന്നത് നാല് തവണ

By Web TeamFirst Published Feb 28, 2020, 7:41 PM IST
Highlights

മസ്‍ജിദുല്‍ ഹറമില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കുന്ന സ്ഥലങ്ങള്‍ ദിവസേന നാല് തവണയാണ് കഴുകി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നത്. തീര്‍ത്ഥാടകരുടെയും സന്ദര്‍ശകരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് കൂടുതല്‍ ഊര്‍ജിതമായ ശുചീകരണ നടപടികള്‍ തുടങ്ങിയതെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

മക്ക: സൗദി അറേബ്യയില്‍ കൊറോണ വൈറസ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെങ്കിലും കനത്ത ജാഗ്രതയാണ് അധികൃതര്‍ പുലര്‍ത്തുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ വരവ് താല്‍കാലികമായി തടഞ്ഞിട്ടുണ്ട്. ഇതിന് പുറമെ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് മക്കയിലെ മസ്‍ജിദുല്‍ ഹറമില്‍ നടത്തുന്നതെന്ന് ഹറം കാര്യ വകുപ്പ് അറിയിച്ചു.

മസ്‍ജിദുല്‍ ഹറമില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കുന്ന സ്ഥലങ്ങള്‍ ദിവസേന നാല് തവണയാണ് കഴുകി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നത്. തീര്‍ത്ഥാടകരുടെയും സന്ദര്‍ശകരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് കൂടുതല്‍ ഊര്‍ജിതമായ ശുചീകരണ നടപടികള്‍ തുടങ്ങിയതെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മസ്‍ജിദുല്‍ ഹറമില്‍ നമസ്‍കാരത്തിനായി നീക്കിവെച്ചിട്ടുള്ള സ്ഥലങ്ങളില്‍ വിരിച്ചിരിക്കുന്ന 13,500 കാര്‍പ്പറ്റുകളും മാറ്റിയ ശേഷം വൃത്തിയാക്കി അണുവിമുക്തമാക്കും.

വിദഗ്ധ പരിശീലനം സിദ്ധിച്ച ജീവനക്കാരെയാണ് വൃത്തിയാക്കുന്നതിനും സ്റ്റെറിലൈസേഷനും വേണ്ടി നിയോഗിച്ചിരിക്കുന്നതെന്ന് ഹറം ക്ലീനിങ് ആന്റ് കാര്‍പറ്റ്സ് വിഭാഗം ഡയറക്ടര്‍ ജാബിര്‍ വിദാനി പറഞ്ഞു. അത്യാധുനിക ഉപകരണങ്ങളും സാമഗ്രികളുമാണ് വൃത്തിയാക്കാനും അണുവിമുക്തമാക്കാനും ഉപയോഗിക്കുന്നത്. കാര്‍പറ്റുകളും വൃത്തിയാക്കി സുഗന്ധദ്രവ്യങ്ങള്‍ തളിക്കും. റെക്കോര്‍ഡ് വേഗത്തിലാണ് വൃത്തിയാക്കല്‍ പൂര്‍ത്തീകരിക്കുന്നതെന്നും ഹറംകാര്യ വകുപ്പ് അറിയിച്ചു.
 

click me!