മാർപാപ്പയുടെ കരസ്പർശത്തിലൂടെ അനുഗ്രഹം കാത്ത് സെറിബ്രല്‍ പാര്‍സി ബാധിച്ച മലയാളി ബാലന്‍

By Web TeamFirst Published Feb 4, 2019, 4:16 PM IST
Highlights

നടക്കില്ല, സംസാരിക്കില്ല കഴിഞ്ഞ 10 വര്‍ഷമായി വീല്‍ ചെയറാണ് സ്റ്റീവ് ബൈജുവിന്റെ ലോകം. അബുദാബി നജ്ദ സ്ട്രീറ്റിലെ ഫ്ലാറ്റിലെത്തിയപ്പോള്‍ മകന് ടെലിവിഷനിലൂടെ മാര്‍പാപ്പയെ കാണിച്ചുകൊടുക്കുന്ന മാതാപിതാക്കളെയാണ് കണ്ടത്. 

അബുദാബിയിലെത്തിയ മാർപാപ്പയെ സായിദ് സ്റ്റേഡിയത്തില്‍ പോയി കാണാന്‍ ആരോഗ്യം അനുവദിക്കാത്ത വിശ്വാസികളെ സെന്റ് ജോര്‍ജ്  കത്തീഡ്രലിലെത്തി പോപ്പ്  ആശീര്‍വദിക്കും. മാർപാപ്പയുടെ കരസ്പർശത്തിലൂടെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നവരില്‍ സെറിബ്രല്‍ പാര്‍സി ബാധിച്ച് കിടപ്പിലായ പത്തനംതിട്ട സ്വദേശി സ്റ്റീവെന്ന പത്തുവയസ്സുകാരനുമുണ്ട്.

നടക്കില്ല, സംസാരിക്കില്ല കഴിഞ്ഞ 10 വര്‍ഷമായി വീല്‍ ചെയറാണ് സ്റ്റീവ് ബൈജുവിന്റെ ലോകം. അബുദാബി നജ്ദ സ്ട്രീറ്റിലെ ഫ്ലാറ്റിലെത്തിയപ്പോള്‍ മകന് ടെലിവിഷനിലൂടെ മാര്‍പാപ്പയെ കാണിച്ചുകൊടുക്കുന്ന മാതാപിതാക്കളെയാണ് കണ്ടത്. അതാണെന്നോ അദ്ദേഹത്തിന്റെ മഹത്വം എന്താണെന്നോ മനസിലാക്കി കൊടുക്കാനല്ല. നാളെ അബുദാബി സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി കണ്‍മുന്നില്‍ മാര്‍പാപ്പയെത്തുമ്പോള്‍ കരയാന്‍ പാടില്ല. അതുകൊണ്ട് മുഖപരിചയത്തിന് വേണ്ടിമാത്രം.

റോമിലേക്കോ സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലെ തിരക്കിലേക്കോ ചെന്ന് മാര്‍പാപ്പയെ കാണാന്‍ പറ്റാത്തവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 300 പേരില്‍ ഒരാളാണ് പത്തനംതിട്ട കടമ്മനിട്ട സ്വദേശികളായ ബൈജു - ലിനു ദമ്പതികളുടെ മൂത്തമകന്‍. മറ്റ് രണ്ട് മക്കളെക്കാളും സ്റ്റീവ് കാരണം മാര്‍പാപ്പയെ കാണാന്‍ കഴിയുകയെന്ന ഭാഗ്യം കൈവന്നതില്‍ സന്തോഷമുണ്ടെന്നും അത് വലിയ ദൈവാനുഗ്രഹമായി കാണുന്നുവെന്നും അമ്മ പറയുന്നു. 

സെറിബ്രല്‍ പാര്‍സി ബാധിച്ച സ്റ്റീവിനെ കാണിക്കാത്ത ആശുപത്രികളില്ല. നിരവധി ശസ്ത്രക്രിയകളും ഇതിനകം നടത്തിക്കഴിഞ്ഞു. മാര്‍പാപ്പയുടെ അനുഗ്രഹം ലഭിക്കുക വഴി കുറഞ്ഞപക്ഷം സംസാരശേഷിയെങ്കിലും കിട്ടിയാല്‍ മകന്‍ അനുഭവിക്കുന്ന പ്രയാസം മനസിലാക്കാനെങ്കിലും  സാധിക്കുമായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം കൊണ്ടുവന്ന സ്റ്റീവിനെ മാതാപിതാക്കള്‍ ഒരുക്കിക്കഴിഞ്ഞു. മാര്‍പാപ്പയുടെ കരസ്പര്‍ശത്തിലൂടെ അനുഗ്രഹത്തിനായി.

click me!