ഉംറ വിസയ്ക്ക് ഇടനിലക്കാര്‍ വേണ്ട; തീര്‍ത്ഥാടകര്‍ക്ക് ഇനി നേരിട്ട് വെബ്സൈറ്റ് വഴി അപേക്ഷിക്കാം

By Web TeamFirst Published Feb 4, 2019, 3:01 PM IST
Highlights

ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ 'മഖാ'മിലൂടെയായിരിക്കും വിസയ്ക്ക് അപേക്ഷിക്കേണ്ടത്. 157 രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഇടനിലക്കാരില്ലാതെ വെബ്‍സൈറ്റ് വഴി നേരിട്ട് വിസയ്ക്ക് അപേക്ഷ നല്‍കാം. 

റിയാദ്: ഉംറ, സിയാറത്ത് വിസകള്‍ക്ക് ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് തീര്‍ത്ഥാടകര്‍ക്ക് നേരിട്ട് അപേക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. സൗദി നേരിട്ട് നിയന്ത്രിക്കുന്ന ഏജന്‍സികള്‍ പ്രവര്‍ത്തിക്കാത്ത രാജ്യങ്ങളിലായിരിക്കും ഈ സേവനം ലഭ്യമാകുന്നതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ 'മഖാ'മിലൂടെയായിരിക്കും വിസയ്ക്ക് അപേക്ഷിക്കേണ്ടത്. 157 രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഇടനിലക്കാരില്ലാതെ വെബ്‍സൈറ്റ് വഴി നേരിട്ട് വിസയ്ക്ക് അപേക്ഷ നല്‍കാം. സൗദിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഉംറ സേവന കമ്പനികളില്‍ ഒന്നിന്റെ പാക്കേജ് തെരഞ്ഞെടുക്കുകയാണ് വേണ്ടത്. വിവിധ ഏജന്‍സികള്‍ നല്‍കുന്ന പാക്കേജുകളുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാവും. മക്കയിലെയും മദീനയിലെയും താമസ സൗകര്യങ്ങള്‍, വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രയുടെ വിശദാംശങ്ങള്‍ തുടങ്ങിയവയൊക്കെ പരിശോധിച്ച് ഉചിതമായ പാക്കേജ് തെരഞ്ഞെടുക്കാം. 

എംബസിയുടെയോ ഏജന്‍സികളുടെയോ സഹായമില്ലാതെ നേരിട്ട് ഇലക്ട്രോണിക് വിസ ലഭ്യമാവും. തീര്‍ത്ഥാടകര്‍ക്ക് വാഗ്ദാനം ചെയ്ത പാക്കേജിലെ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന് അധികൃതര്‍ പരിശോധിക്കുകയും ചെയ്യും. നേരിട്ട് വിസ ലഭ്യമാക്കാനുള്ള സംവിധാനം കൂടിയാകുന്നതോടെ ഉംറ തീര്‍ത്ഥാടകര്‍ക്ക് യാത്രാനടപടികള്‍ കൂടുതല്‍ ലളിതമാവും.

click me!