
അബുദാബി: ഇന്നലെ യുഎഇയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസില്‍ ഔദ്യോഗിക സ്വീകരണം നല്‍കി. യുഎഇ ഭരണാധികാരികളുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി.
സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന ചര്‍ച്ചകള്‍ക്കാണ് അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ് സാക്ഷിയാകുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യുഎഇ ഉപസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയത്. രണ്ട് വര്‍ഷമായി തുടരുന്ന യെമനിലെ യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാ പിന്തുണയും മാര്‍പാപ്പ യുഎഇ ഭരണാധികാരികളെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വത്തിക്കാനിലെയും യുഎഇയിലെയും ഉന്നതതല ഉദ്ദ്യോഗസ്ഥരും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്.
വൈകുന്നേരം ശൈഖ് സായിദ് ഗ്രാന്റ് മോസ്കിൽ മുസ്‌ലിം കൗൺസിൽ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് 6.10ന് മറീനയിലെ ഫൗണ്ടേഴ്‌സ് മെമ്മോറിയലിൽ ഇന്റർ റിലീജിയസ് സമ്മേളനത്തിൽ മാര്‍പാപ്പ പങ്കെടുക്കുന്ന അദ്ദേഹം ആഗോള സമാധാനത്തിനായി കൈകോർക്കേണ്ടതിന്റെയും സഹിഷ്ണുത ഊട്ടിയുറപ്പിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം പ്രസംഗിക്കും. മാനവ സാഹോദര്യത്തിന്റെ തത്വങ്ങള്‍, സാഹോദര്യം ഉറപ്പുവരുത്തുന്നതിനുള്ള അവസരങ്ങളും വെല്ലുവിളികളും തുടങ്ങിയ പ്രമേയങ്ങളിലാണ് ദ്വിദിന സമ്മേളനം നടക്കുന്നത്.
ഹിന്ദു, മുസ്ലിം, ക്രൈസ്തവ, ജൂത മത പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മതമേധാവികള്‍ കഴിഞ്ഞ ദിവസം തന്നെ അബുദാബിയിലെത്തിയിരുന്നു. നാളെ അബുദാബി സായിദ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന കുര്‍ബാനയില്‍ പങ്കെടുക്കാനും മാര്‍പാപ്പയെ നേരിട്ടുകാണാനും ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് അബുദാബിയിലെത്തുന്നത്. 1.30 ലക്ഷം പേര്‍ക്കാണ് നാളത്തെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam