
അബുദാബി: മാരക രോഗങ്ങള്‍ കാരണം രണ്ട് മക്കളെ നഷ്ടപ്പെട്ട മലയാളി വീട്ടമ്മ മൂന്നാമത്തെ മകനെയും രോഗിയായ ഭര്‍ത്താവിനെയും രക്ഷിക്കാന്‍ അബുദാബിയില്‍ സുമനസുകളുടെ സഹായം തേടുന്നു. ക്യാന്‍സര്‍ ബാധിച്ച് ആദ്യത്തെ മകളെയും പിന്നീട് മസ്തിഷ്ക രോഗം ബാധിച്ച് രണ്ടാമത്തെ മകനെയും നഷ്ടപ്പെട്ട സന എന്ന മലയാളി വനിതയുടെ മൂന്നാമത്തെ മകന്‍ മൂന്ന് വയസായിട്ടും സംസാരിച്ച് തുടങ്ങിയിട്ടില്ല. ഇതിനിടെ വയറ്റില്‍ ക്യാന്‍സര്‍ ബാധിച്ച ഭര്‍ത്താവ് സാമ്പത്തിക കേസുകളില്‍ പെട്ട് ജയിലിലുമായി.
റീന ചാക്കോ എന്ന സന റിയാദിലെ ആശുപത്രിയില്‍ ടെക്നീഷ്യനായി ജോലി ചെയ്യവെയാണ് ഒപ്പം ജോലി ചെയ്തിരുന്ന ശാബാസ് ഗൗസിനെ പരിചയപ്പെട്ടത്. വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ റീന മതംമാറി സന എന്ന പേര് സ്വീകരിച്ചു. ഇതോടെ കേരളത്തിലുള്ള ബന്ധുക്കള്‍ ഇവരെ കയ്യൊഴിഞ്ഞു. ശേഷം 2003ലാണ് ശാബാസിന്റെ നാടായ ഹൈദരാബാദില്‍ വെച്ച് ഇരുവരും വിവാഹിതരായത്. തുടര്‍ന്ന് 2006ല്‍ ഇവര്‍ക്ക് അബുദാബിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ലഭിച്ചു. 2008ലാണ് മകള്‍ സര്‍ഖ ജനിച്ചത്. 2012 വരെ സന്തോഷത്തോടെ ജീവിച്ച ഇവരുടെ കുടുംബത്തെ പിന്നീടാണ് രോഗങ്ങളുടെ രൂപത്തില്‍ വിധി വേട്ടയാടാന്‍ തുടങ്ങിയത്.
മകളുടെ വയറ്റില്‍ കണ്ട നീല നിറത്തിലുള്ള തടിപ്പായിരുന്നു തുടക്കം. പരിശോധനയില്‍ ജുവനൈല്‍ മൈലോമോണോസൈറ്റിക് ലൂക്കീമിയ എന്ന അപൂര്‍വ്വ ക്യാന്‍സര്‍ രോഗമാണെന്ന് സ്ഥിരീകരിച്ചു. അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി രണ്ട് മാസത്തിനുള്ളില്‍ സര്‍ഖ ലോകത്തോട് വിടപറഞ്ഞു. മകളെ നഷ്ടപ്പെട്ട വേദനയ്ക്കിടെ 2013ല്‍ ഇവര്‍ക്ക് രണ്ടാമത്തെ മകനെ ലഭിച്ചു. മോഹിതിന് ജന്മനാ മസ്തിഷ്ക വൈകല്യമുണ്ടായിരുന്നു. ചികിത്സകള്‍ക്ക് ശേഷം വീട്ടില്‍ പ്രത്യേതമായി സജ്ജീകരിച്ച വെന്റിലേറ്ററിലായിരുന്നു കുട്ടി കഴിഞ്ഞുവന്നത്. കഴിഞ്ഞ മേയില്‍ മോഹിതും മരണപ്പെട്ടു.
2015ലാണ് ശാബാസിന് കോളന്‍ ക്യാന്‍സര്‍ കണ്ടെത്തിയത്. മൂന്ന് ശസ്ത്രക്രിയകള്‍ നടത്തി. രക്ഷപെടില്ലെന്ന് ഒരു ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടെങ്കിലും 2016ല്‍ അദ്ദേഹം രോഗത്തെ അതിജീവിച്ചു. 2013ല്‍ ഇവര്‍ റെസ്റ്റോറന്റ് ആരംഭിച്ചെങ്കിലും മകന്റെയും അച്ഛന്റെയും ചികിത്സാ ചെലവുകള്‍ താങ്ങാനാവാതെ കടുത്ത നഷ്ടത്തിലായി. ബിസിനസില്‍ ശ്രദ്ധിക്കാനും സനയ്ക്കും ഭര്‍ത്താവിനും കഴിഞ്ഞില്ല. വാടക പോലും നല്‍കാന്‍ കഴിയാതെ വന്നതോടെ ഇത് അടച്ചുപൂട്ടി. സാമ്പത്തിക ബാധ്യതകള്‍ പെരുകി. ലോണുകളും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും തിരിച്ചടയ്ക്കാനാവാതെ വന്നതോടെ കഴിഞ്ഞമാസം ശാബാസ് ജയിലിലായി. 40,000 ദിര്‍ഹത്തോളമാണ് ഇവരുടെ സാമ്പത്തിക ബാധ്യത.
മൂന്ന് വയസായ മകന്‍ അമാനൊപ്പമാണ് ഇപ്പോള്‍ അബുദാബിയിലെ വീട്ടില്‍ സന കഴിഞ്ഞുകൂടുന്നത്. ഇക്കാലയളവില്‍ ആരെയും ചതിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെങ്കിലും രോഗങ്ങളുടെ രൂപത്തില്‍ വിധി വേട്ടയാടുമ്പോള്‍ തനിക്ക് ഒന്നും ചെയ്യാനായില്ലെന്ന് സന പറയുന്നു. മക്കളെ വളര്‍ത്താനുള്ള ഭാഗ്യം ദൈവം തങ്ങള്‍ക്ക് തരുന്നില്ലായിരിക്കാം. തന്റെ ആഭരണങ്ങളെല്ലാം നേരത്തെ വിറ്റു. കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ പോലും ഇപ്പോള്‍ നിവൃത്തിയില്ല. മൂന്ന് വയസായെങ്കിലും സംസാരിച്ച് തുടങ്ങാത്ത മകന് ചികിത്സ നല്‍കണം. നാല് മാസമായി വാടക പോലും നല്‍കാത്തതിനാല്‍ താമസ സ്ഥലം നഷ്ടപ്പെട്ട് ഉടനെ തങ്ങള്‍ തെരുവില്‍ ഇറങ്ങേണ്ടിവരുമെന്നും സന പറയുന്നു. സഹായിക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഈ കുടുംബം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam