യുഎഇയിലെ ഭാഗ്യം വീണ്ടും മലയാളിക്കൊപ്പം; കടല്‍ കടന്നെത്തിയത് എട്ട് കോടിയുടെ സമ്മാനം

By Web TeamFirst Published Sep 14, 2022, 8:44 PM IST
Highlights

രണ്ട് കുട്ടികളുടെ പിതാന് കൂടിയായ അദ്ദേഹം ഒരു കുടുംബാംഗത്തെ സന്ദര്‍ശിച്ചിട്ട് ഇന്ന് ഖത്തറില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് ദുബൈ ഡ്യൂട്ടി ഫ്രീയില്‍ നിന്ന് സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള കോള്‍ ലഭിച്ചത്. 

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് സമ്മാനം. ദുബൈ വിമാനത്താവളത്തില്‍ വെച്ച് ഇന്ന് നടന്ന 400-ാം സീരിസ് നറുക്കെടുപ്പിലാണ് മലയാളിയായ മുഹമ്മദ് നാസറുദ്ദീന്‍ 10 ലക്ഷം ഡോളറിന്റെ (എട്ട് കോടിയോളം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനത്തിന് അര്‍ഹനായത്. ഓഗസ്റ്റ് 31ന് ഓണ്‍ലൈനിലൂടെ എടുത്ത 3768 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. 2014 മുതല്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള അദ്ദേഹം ഇത്തവണ 400-ാം സീരിസ് നറുക്കെടുപ്പിലേക്ക് രണ്ട് ടിക്കറ്റുകളാണ് എടുത്തിരുന്നത്.

രണ്ട് കുട്ടികളുടെ പിതാന് കൂടിയായ അദ്ദേഹം ഒരു കുടുംബാംഗത്തെ സന്ദര്‍ശിച്ചിട്ട് ഇന്ന് ഖത്തറില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് ദുബൈ ഡ്യൂട്ടി ഫ്രീയില്‍ നിന്ന് സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള കോള്‍ ലഭിച്ചത്. യാത്രയിലായിരുന്നതു കൊണ്ട് അദ്ദേഹത്തിന് നറുക്കെടുപ്പ് തത്സമയം കാണാന്‍ കഴിഞ്ഞിരുന്നില്ല. തനിക്കും കുടുംബത്തിനും ജീവിതം മാറിമറിയുന്നൊരു നിമിഷമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി അറിയിച്ച അദ്ദേഹം അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും അഭിനന്ദിച്ചു.

1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ചതു മുതല്‍ 10 ലക്ഷം ഡോളര്‍ സമ്മാനം നേടുന്ന 196-ാമത്തെ ഇന്ത്യക്കാരനാണ് നാസറുദ്ദീന്‍. ഈ നറുക്കെടുപ്പില്‍ ഏറ്റവുമധികം പങ്കെടുക്കുന്നവരും ഇതുവരെ സമ്മാനം ലഭിച്ചിട്ടുള്ളവരില്‍ ഏറ്റവുമധികം പേരും ഇന്ത്യക്കാര്‍ തന്നെ. ഇതുവരെയുള്ള നറുക്കെടുപ്പുകളിലൂടെ ആകെ 400 മില്യന്‍ ഡോളറിന്റെ സമ്മാനം വിതരണം ചെയ്തു കഴിഞ്ഞതായും 47 രാജ്യങ്ങളില്‍ നിന്നുള്ള വിജയികളുടെ ജീവിതങ്ങളില്‍ ഇങ്ങനെ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ദുബൈ ഡ്യൂട്ടി ഫ്രീ സി.ഇ.ഒയും എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനുമായ കോം മക്ലോഗിന്‍ പറഞ്ഞു.

മില്ലേനിയം നറുക്കെടുപ്പിന് പുറമെ ആഡംബര വാഹനങ്ങള്‍ക്കായുള്ള ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പും ഇന്ന് നടന്നു. ഇതില്‍ മുംബൈ സ്വദേശിനിയായ നഹീദ് പാണ്ഡെ  ബിഎംഡബ്ല്യു ആർ നൈന്‍ ടി അർബൻ ജി/എസ് (ഇംപീരിയൽ ബ്ലൂ മെറ്റാലിക്) മോട്ടോർബൈക്ക് സ്വന്തമാക്കി. 15 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുന്ന, മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ അവര്‍ ഓഗസ്റ്റ് 29ന് മുംബൈയിലേക്കുള്ള യാത്രയ്‍ക്കിടെയാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്. 

Read also: യുഎഇയില്‍ അനധികൃത മദ്യ വില്‍പന സംഘങ്ങളുടെ തമ്മിലടിയില്‍ യുവാവ് മരിച്ചു; പ്രതികള്‍ക്ക് ശിക്ഷ

click me!