
മസ്കറ്റ്: മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ഒഴിവായത് വലിയ ദുരന്തം. വിമാനം കൊച്ചിയിലേക്ക് പറക്കുന്നതിന് തൊട്ടുമുമ്പാണ് പുക ഉയരുന്നത് കണ്ടത്. ഇതോടെ യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിക്കുകയായിരുന്നു. ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിന്‍റെ ഇടത് വശത്തെ ചിറകിൽ നിന്നാണ് പുക ഉയരുന്നതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് എമര്‍ജൻസി വിൻഡോ വഴി യാത്രക്കാരെ പുറത്തേക്ക് എത്തിക്കുകയായിരുന്നു.
ആശങ്കയായി മസ്കറ്റ് -കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ പുക, യാത്രക്കാരെ ഒഴിപ്പിച്ചു
ആളുകൾ പരിഭ്രാന്തരായെങ്കിലും ജീവനക്കാർ സമയോചിതമായി ഇടപെട്ടു. പലരും കുട്ടികളെയടക്കം എടുത്ത് ഓടുകയായിരുന്നു. ഇതിന്‍റെയടക്കം വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രദേശിക സമയം 11 മണിയോടെയാണ് സംഭവം ഉണ്ടായത്. 141 യാത്രക്കാരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു. നിലവിൽ സാങ്കേതിക സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിനുള്ളിൽ പരിശോധന നടത്തുകയാണ്. വിമാനത്തിന് തീ പിടിക്കാനുണ്ടായ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തും.
അതേസമയം യാത്ര റദ്ദാക്കിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ മറ്റൊരു വിമാനത്തിൽ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് കൊച്ചിയിലെത്തിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഒമാൻ കൺട്രി മാനേജർ കറോർ പതി സിംഗ് അറിയിച്ചു. ടേക് ഓഫ് ചെയ്യുന്നതിന് മുന്നോടിയായി ടാക്സി ബേയിലേക്ക് നീങ്ങിയപ്പോഴാണ് വിമാനത്തിന്റെ ഇടതുവശത്തെ ചിറകില്‍ നിന്ന് പുക ഉയരുന്നത് കണ്ടതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി. എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗത്തിvd]Jz സഹകരണത്തോടെയാണ് മുഴുവന്‍ യാത്രക്കാരെയും നിമിഷങ്ങള്‍ക്കകം വിമാനത്തിൽ നിന്നും പുറത്തെത്തിച്ചത്. വിമാനത്തില്‍ തീ പടരുന്നത് ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയെന്നും അദ്ദേഹം വിവരിച്ചു. ഒമാനിലെ സുരക്ഷാ വിഭാഗങ്ങളുടെ പെട്ടന്നുള്ള ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. അഗ്‌നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ വിമാനത്തിന് മുകളിലേക്ക് വെള്ളം ചീറ്റി തീപടരുന്നത് തടയുകയായിരുന്നു. വിമാനത്തിൽ 141 യാത്രക്കാരും നാല് കുഞ്ഞുങ്ങളും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ 50 ഓളം ഒമാൻ സ്വദേശികളും ഉൾപ്പെടും. മുഴുവന്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിൻ്റെ ആശ്വാസത്തിലാണ് എല്ലാവരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ