
ലണ്ടന്‍: ഒരു ദിവസത്തിന്റെ ഇടവേളയില്‍ രണ്ട് വിയോഗ വാര്‍ത്തകളാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തെ തേടിയെത്തിയത്. പഠനാവശ്യത്തിന് ഒരു മാസം മുമ്പ് മാത്രം യുകെയിലെത്തിയ തിരുവനന്തപുരം സ്വദേശിനിയും യുകെയില്‍ നിന്ന്, ഓസ്‍ട്രേലിയയിലെ ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്ന മറ്റൊരു യുവതിയുമാണ് മരിച്ചത്. ഇരുവരുടെയും പ്രായം 25 വയസ് മാത്രമായിരുന്നു.
തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനിന്‍കുമാര്‍ - ലാലി ദമ്പതികളുടെ മകള്‍ ആതിര അനില്‍ കുമാര്‍ (25) ലീഡ്‍സിലെ ആംലിക്ക് സമീപം സ്റ്റാനിങ് ലീ റോഡിലെ ബസ്‍ സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് മരിച്ചത്. നിയന്ത്രണം വിട്ട ഒരു കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയാണ് ആതിരയുടെ ജീവനെടുത്തത്. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8.30ന് ആയിരുന്നു സംഭവം.
ലീഡ്‍സിലെ ബെക്കറ്റ് യൂണിവേഴ്‍സിറ്റിയില്‍ പ്രൊജക്ട് മാനേജ്‍മെന്റ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച ആതിര. പഠനത്തിനായി ഒരു മാസം മുമ്പ് മാത്രമാണ് യുകെയില്‍ എത്തിയത്. ഭര്‍ത്താവ് രാഹുല്‍ ശേഖര്‍ ഒമാനിലാണ്. ഒരു മകളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇതിനോടകം തുടങ്ങിയിട്ടുണ്ട്.
ഏറെ നാളായി ബ്രൈറ്റണില്‍ താമസിക്കുന്ന എറണാകുളം കൂത്താട്ടുകുളം സ്വദേശികളായ ജോര്‍ജ് ജോസഫിന്റെയും ബീന ജോര്‍ജിന്റെയും മകള്‍ നേഹ ജോര്‍ജിന്റെ (25) മരണമായിരുന്നു മലയാളി സമൂഹത്തെ വേദനയിലാഴ്‍ത്തിയ മറ്റൊരു വിയോഗ വാര്‍ത്ത. യുകെയില്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്ന നേഹയും, ഓസ്‍ട്രേലിയയില്‍ സ്ഥിര താമസമാക്കിയ കോട്ടയം പാലാ സ്വദേശികളായ ബേബി എബ്രഹാം, ലൈസ ബേബി എന്നിവരുടെ മകന്‍ ബിനില്‍ ബേബിയും, നേഹയും തമ്മിലുള്ള വിവാഹം 2021 ഓഗസ്റ്റ് 21ന് നടന്നിരുന്നു.
വിവാഹ ശേഷം ഓസ്‍ട്രേലിയയിലേക്ക് പോകുന്നതിന്റെ സന്തോഷം പങ്കിടാനായി സഹൃത്തുക്കള്‍ക്ക് വിരുന്ന് നല്‍കിയ ശേഷം മടങ്ങിയെത്തിയതായിരുന്നു നേഹ. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് കുഴഞ്ഞു വീണത്. തൊട്ടടുത്തുള്ള ആശുപത്രിയില്‍ ഉടന്‍ തന്നെ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു.
Read also: പ്രവാസി മലയാളി യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്നു വീണ് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ