
റിയാദ്: സൗദി അറേബ്യ സി.ഐ.ഡി ചമഞ്ഞെത്തിയ കവര്‍ച്ച സംഘം തട്ടിക്കൊണ്ടുപോയ മലയാളിയെ പൊലീസ് മോചിപ്പിച്ചു. കവര്‍ച്ച സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിസിനസ് ആവശ്യാര്‍ഥം ഒമാനില്‍നിന്ന് സൗദിയിലെത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശി മുഹമ്മദ് അബൂബക്കറിനെയാണ് തട്ടിക്കൊണ്ടുപോയി 50,000 റിയാല്‍ മോചനദ്രവ്യം ആവശ്യപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് പോലീസ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.
മുഹമ്മദ് അബൂബക്കര്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിയാദില്‍ എത്തിയത്. രണ്ടുദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് വ്യാഴാഴ്ച ജുബൈലിലുള്ള മകളെയും മരുമകനെയും കാണാന്‍ റിയാദ് റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. അറബ് വേഷധാരികളായ ഒരു സംഘം വാഹനത്തെ പിന്തുടരുകയും സി.ഐ.ഡികള്‍ ആണെന്ന് പരിചയപ്പെടുത്തി അവരുടെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുകയുമായിരുന്നു. വാഹനത്തില്‍ കയറ്റിയ ഉടന്‍ പഴ്‌സും മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും സംഘം കൈക്കലാക്കി. റിയാദ് നഗരത്തില്‍നിന്ന് ഏറെദൂരം വിജനമായ പ്രദേശത്തുകൂടി യാത്ര ചെയ്ത് ഒടുവില്‍ ഒളിസങ്കേതത്തില്‍ കൊണ്ടുപോയി പൂട്ടിയിടുകയായിരുന്നു.
പൂട്ടിയിട്ട മുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൊബൈല്‍ ഫോണില്‍നിന്ന് മകളുടെ ഭര്‍ത്താവിന് മെസേജിലൂടെ വിവരങ്ങള്‍ അറിയിച്ചതാണ് രക്ഷയായത്. ലൊക്കേഷന്‍ അയച്ചുകൊടുത്തിരുന്നെങ്കിലും കവര്‍ച്ച സംഘം പലയിടങ്ങളിലേക്ക് ഇദ്ദേഹത്തെ മാറ്റിയത് കാരണം കൃത്യമായ സ്ഥലം കണ്ടെത്താനായില്ല. മകളുടെ ഭര്‍ത്താവ് സഹായം തേടിയതിനെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകന്‍ റാഫി പാങ്ങോടിന്റെ സഹായത്തോടെ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ലൈവ് ലൊക്കേഷന്റെ സഹായത്തോടെ ഒളിസങ്കേതം സായുധ പൊലീസ് സംഘം വളയുകയും അബൂബക്കറിനെ മോചിപ്പിക്കുകയുമായിരുന്നു.
സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അബൂബക്കറിന്റെ മോചനത്തിന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ കൂടിയായ റാഫി പാങ്ങോട്, അന്‍സാര്‍ കൊടുവള്ളി, നവാസ് ഒപീസ്, അലി ആലുവ, നൗഷാദ് ആലുവ, ഷൈജു പച്ച, സജീര്‍ സമദ് എന്നിവരാണ് രംഗത്തുണ്ടായിരുന്നത്.
Read also: പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 3,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിന്‍വലിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ