
ഷാര്‍ജ: കൊവിഡില്‍ ബിസിനസ് തകര്‍ന്നതോടെ നിശ്ചിത സമയത്ത് വീടിന്റെ വാടക കൊടുക്കാനാവാതെ ചെക്ക് കേസില്‍ അകപ്പെട്ട് ഷാര്‍ജയില്‍ ജയിലിലായ കണ്ണൂര്‍ സ്വദേശി രാജേഷ് മോചിതനായി. ഇത് പുതുജീവിതമാണെന്ന് രാജേഷ് പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസാണ് രാജേഷിന്റെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്‍തത്.
കുടുംബക്കാരടക്കം കൈയൊഴിഞ്ഞപ്പോള്‍ ഭര്‍ത്താവിനെ ജയിലില്‍ നിന്നിറക്കാനുള്ള പിഴ തുക കെട്ടിവെക്കാനും ഭക്ഷണത്തിനുമായി സഹായം തേടുന്ന സ്വപ്നയുടെ അവസ്ഥ കഴിഞ്ഞ കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയതത്. വാര്‍ത്തക്ക് പിന്നാലെ പ്രവാസി സമൂഹത്തിന്റെ കാരണ്യം ഷാര്‍ജയിലെ അവരുടെ ഒറ്റമുറി ഫ്ലാറ്റിലേക്കൊഴുകി. ആറാം ദിനം രാജേഷ് ജയില്‍ മോചിതനായി
വളരെയധികം സന്തോഷമുണ്ടെന്ന് പ്രതികരിച്ച രാജേഷ്, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് നന്ദി അറിയിച്ചു. ആശ്രയം നഷ്ടപ്പെട്ട സ്വപ്ന ഭര്‍ത്താവിനെ തിരികെക്കിട്ടിയ സന്തോഷത്തിലാണ്. കണ്ണൂരുകാരി ഹസീന നിഷാദാണ് ജയിലില്‍ കെട്ടിവെക്കാനുള്ള തുക കൈമാറി ആദ്യം സ്വപനയ്ക്ക് ആശ്വാസമായത്. സൗജന്യ നിയമസഹായവുമായി സാമൂഹ്യപ്രവര്‍ത്തകന്‍ സലാം പാപ്പിനിശ്ശേരി കൈതാങ്ങായി.
കൊവിഡില്‍ കച്ചവടം തകര്‍ന്നതോടെയാണ് ഷാര്‍ജയില്‍ രാജേഷ് ജയിലിലായത്. വിസാ കാലവധി കഴിഞ്ഞതിനാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയില്‍ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുകയായിരുന്നു കുടുംബം. രണ്ട് പതിറ്റാണ്ടിലേറെയായി ഗള്‍ഫില്‍ കഴിയുന്ന രാജേഷും കുടുംബവും 2019ലാണ് ഷാര്‍ജയില്‍ സ്വന്തമായി ജിംനേഷ്യം തുടങ്ങിയത്. കൊവിഡ് വ്യാപനത്തോടെ ബിസിനസ് തകര്‍ന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിശ്ചിത സമയത്ത് വീടിന്റെ വാടക കൊടുക്കാൻ സാധിക്കാതെ ചെക്ക് കേസിൽ അകപ്പെട്ടതോടെയാണ് രാജേഷ് ജയിലിലായത്. ഭര്‍ത്താവിനെ പുറത്തിറക്കാന്‍ പിഴ സംഖ്യയായ എണ്ണായിരം ദിര്‍ഹത്തിനായി മുട്ടാത്ത വാതിലുകളില്ലെന്ന് സ്വപ്‍ന പറഞ്ഞിരുന്നു.
ഗള്‍ഫിലെ സമ്പാദ്യം കൊണ്ട് നാട്ടില്‍ പണിത വീട് പണയം വെച്ചാണ് രാജേഷ് ബിസിനസ് തുടങ്ങിയത്. ഭര്‍ത്താവിനെ പുറത്തിറക്കാന്‍ സഹായത്തിനായി അപേക്ഷിച്ചെങ്കിലും കുടുംബക്കാരും കൈമലര്‍ത്തി. നാളുകളായി ഫീസടക്കാത്തതിനാല്‍ പ്ലസ്‍ടു വിദ്യാര്‍ത്ഥിയായ മകന്റെ പഠനവും അനിശ്ചിതത്വത്തിലായിരുന്നു. അതിനിടെ മൂന്നുപേരുടേയും വിസാ കാലാവധിയും കഴിഞ്ഞു. ആഹാരത്തിനു പോലും വകയില്ലാതെ ആശ്രയം നഷ്ടപ്പെട്ടിരുന്ന സമയത്താണ് ഏഷ്യാനെറ്റ് ന്യൂസിലൂടെ ഈ കുടുംബത്തിന്റെ അവസ്ഥ മലയാളികളിലേക്ക് എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ