സുഹൃത്തിന് വേണ്ടി ജാമ്യം നിന്ന് നിയമക്കുരുക്കിൽ അകപ്പെട്ട പ്രവാസിയെ സാമൂഹിക പ്രവർത്തകർ നാട്ടിലെത്തിച്ചു

By Web TeamFirst Published May 18, 2021, 4:45 PM IST
Highlights

പൊലീസ് കേസും വാറണ്ടും ആയതിനെ തുടര്‍ന്ന് ഇഖാമ പുതുക്കാൻ കഴിയാതാവുകയായിരുന്നു. കൂടാതെ  സ്‍പോൺസർ കയ്യൊഴിയുക കൂടി ചെയ്തതോടെ തീർത്തും ദുരിതത്തിലായി. 

റിയാദ്: സൗദി അറേബ്യയിൽ നിയമക്കുരുക്കിൽ പെട്ട മലയാളിയെ സാമൂഹിക പ്രവർത്തകർ നാട്ടിലെത്തിച്ചു. റിയാദിൽ ഹൗസ് ഡ്രൈവർ വിസയിൽ വന്ന് റബുഅ, ഖലീജിയ എന്ന സ്ഥലത്തു ജോലി ചെയ്യുന്നതിനിടയിൽ പണമിടപാടിൽ ജാമ്യം നിന്ന്  സുഹൃത്തിനാൽ വഞ്ചിക്കപ്പെട്ടാണ് തിരുവനന്തപുരം, വർക്കല, നടയറ സ്വദേശിയായ യൂനിസ് കുഞ്ഞ് നാസർ നിയമകുരുക്കിൽ പെട്ടത്. 

പൊലീസ് കേസും വാറണ്ടും ആയതിനെ തുടര്‍ന്ന് ഇഖാമ പുതുക്കാൻ കഴിയാതാവുകയായിരുന്നു. കൂടാതെ  സ്‍പോൺസർ കയ്യൊഴിയുക കൂടി ചെയ്തതോടെ തീർത്തും ദുരിതത്തിലായി. തുടർന്ന് റിയാദിലെ കേളി കലാ സാംസ്കാരിക വേദി, ബദിയ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സഹായിക്കാൻ മുന്നോട്ട് വരികയായിരുന്നു.

അഞ്ച് വർഷത്തോളമായി പല മാർഗങ്ങളിലൂടെയും ശ്രമിച്ചെങ്കിലും ഇഖാമ പുതുക്കാനോ, നാട്ടിൽ പോകാനോ സാധിക്കാതെ വരികയും,  ആറുമാസമായി അസുഖ ബാധിതനായി ചികിത്സയിലിരിക്കുകയും ചെയ്ത അവസരത്തിലാണ് തന്നെ കേസിൽ നിന്ന് മുക്തനാക്കി നാട്ടിലെത്തിക്കുന്നതിന്ന് ഭീമമായ തുക ആവശ്യമായി വന്നിരിക്കുന്നുവെന്നും നാട്ടിൽ പോകാൻ സഹായിക്കണം എന്ന് പറഞ്ഞു നാസറും സുഹൃത്തുക്കളും കേളി പ്രവർത്തകരെ സമീപിക്കുന്നത്.

ബദിയ ഏരിയ കമ്മിറ്റിയുടെയും, കേളി ജീവകാരുണ്യ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപീകരിക്കുകയും കോടതിയിൽ കെട്ടിവെക്കാനുള്ള ഭീമമായ തുക സുമനസുകളുടെ സഹായത്തോടെ കണ്ടെത്തുകയും ചെയ്‍തു. ബദിയയിലെ മലയാളി സംരംഭകനായ ബാബു ജെസ്‌കൊയുടെ ലീഗൽ അഡ്വൈസർ ജമാൻ ഫൈസൽ ഗഹത്താനിയുടെ സഹായത്താൽ തുക കോടതിയിൽ കെട്ടിവെച്ചു നിയമകുരുക്കിൽ നിന്നും ഒഴിവാക്കി.  

തുടർന്ന് എക്സിറ്റ് അടിക്കാനായി എംബസിയെ സമീപിച്ച്‌ ഡിപോർട്ടേഷൻ സെന്ററിൽ ചെന്നപ്പോഴാണ് റെന്റ് എ കാർ എടുത്ത വകയിൽ  17,000 റിയാൽ റെന്റ് എ കാർ കമ്പനിക്ക് നാസർ കൊടുക്കാൻ ഉണ്ടെന്നും അത്‌ കൊടുക്കാതെ എക്സിറ്റ് കിട്ടില്ലെന്നുമറിയുന്നത്. തുടർന്ന് ഒരു മാസത്തോളം നീണ്ട റെന്റ് എ കാർ കമ്പനിയുമായുള്ള ചർച്ചക്ക് ശേഷം 3000 റിയാൽ നൽകിയാൽ പ്രശ്നം പരിഹരിക്കാം എന്ന് സമ്മതിക്കുകയായിരുന്നു.  

കമ്പനിയിൽ അടക്കാനുള്ള 3000 റിയാലും കോടതി ചെലവും ബാബു ജെസ്‌കോ തന്നെ വഹിക്കുകയും തുടർന്ന് എക്സിറ്റ് അടിച്ച് കിട്ടുകയുമായിരുന്നു. കേളി ബദിയ ഏരിയ കമ്മിറ്റി നാട്ടിലേക്കുള്ള ടിക്കറ്റ് നൽകുകയും യുനിസ് കുഞ്ഞ് നാസറിനെ വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിക്കുകയും ചെയ്തു.

ബദിയയിൽ വെച്ച് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ലളിതമായി നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് ഏരിയ ജോയിന്റ് സെക്രട്ടറി കിഷോർ ഇ. നിസാം ടിക്കറ്റ് നാസറിന് കൈമാറി. ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി നടന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു.  കേളി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, ഏരിയ രക്ഷാധികാരി കൺവീനർ അലി കെ.വി, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി കൺവീനർ മധു പട്ടാമ്പി,ജനകീയ കമ്മിറ്റി ചെയർമാൻ സക്കീർ, കൺവീനർ സത്യവാൻ, കേളി സുവേദി യുണിറ്റ് സെക്രട്ടറി സുധീർ സുൽത്താൻ, ട്രഷറർ നിയാസ്, ഏരിയ ജീവകാരുണ്യ കമ്മറ്റി ചെയർമാൻ ജാർനെറ്റ് നെൽസൻ എന്നിവർ സംസാരിച്ചു.  യൂനിസ് കുഞ്ഞ് നാസർ നന്ദി പറഞ്ഞു.

click me!