
റിയാദ്: സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ചു. ഉനൈസയിലെ സലഹിയ്യയിൽ താമസസ്ഥലത്ത് കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. താഴത്തുവയൽ ചായക്കടമുക്ക് തെക്കേവിള അപ്പുക്കുട്ടൻ മകൻ കണ്ണനാണ് (44) വെള്ളിയാഴ്ച രാത്രി ഉറക്കത്തിൽ മരിച്ചത്.
ടൈൽസ് ജോലികളുടെ കരാറുകാരനായിരുന്നു. 12 വർഷമായി ഇവിടെയുള്ള കണ്ണെൻറ കുടുംബം അടുത്തകാലം വരെ ഒപ്പമുണ്ടായിരുന്നു. രാത്രി ഭാര്യ അനിതയെ ഫോണിൽ വിളിച്ച കണ്ണൻ നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്നും ഗുളിക കഴിച്ച് കിടക്കുകയാണ് തിരികെ വിളിക്കേണ്ടതില്ലെന്നും പറഞ്ഞിരുന്നു. രാവിലെ ഉണരാതിരുന്നതിനെ തുടർന്ന് അടുത്തുള്ളവർ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് അനക്കമറ്റ നിലയിൽ കണ്ടത്. സ്ഥലത്തെത്തിയ മെഡിക്കൽ സംഘം മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ചു. മക്കൾ: ദേവിക, ഗോപിക. മൃതദേഹം ഉനൈസ കിങ് സഊദ് ആശുപത്രി മോർച്ചറിയിൽ. നടപടികൾ പൂർത്തീകരിക്കാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി രംഗത്തുണ്ട്.
തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങി; പുക ശ്വസിച്ച് പ്രവാസി മരിച്ചു, മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയിൽ പുകശ്വസിച്ച് മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം മലയാളി സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു. പ്രവിശ്യയിലെ അൽറസിന് സമീപം ദുഖ്ന എന്ന സ്ഥലത്ത് പുകശ്വസിച്ച് മരിച്ച ഗോപാൽഗഞ്ച് സ്വദേശി മദൻലാൽ യാദവിെൻറ (38) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ റിയാദിൽ നിന്ന് പുറപ്പെട്ട ഫ്ലൈ നാസ് വിമാനത്തിൽ ലക്‌നൗവിലെത്തിച്ചത്.
അവിടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. താമസസ്ഥലത്ത് തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങുന്നതിനിടെയായിരുന്നു ദുരന്തം. ശൈത്യകാലത്ത് കൊടുംതണുപ്പ് അനുഭവപ്പെടുന്ന അൽഖസീം, ഹാഇൽ, അൽജൗഫ് പ്രവിശ്യകളിൽ ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിയാദ് ഇന്ത്യൻ എംബസി അധികൃതർ ‘കനിവ്’ ജനസേവന കൂട്ടായ്‌മയുടെ ജീവകാരുണ്യ വിഭാഗത്തെ വിവരം അറിയിച്ചതനുസരിച്ച് രക്ഷാധികാരി ഹരിലാലാണ് ഈ ദൗത്യം ഏറ്റെടുത്ത് പൂർത്തിയാക്കിയത്. ബോബി ദേവിയാണ് പരേതെൻറ ഭാര്യ. മൂന്ന് മക്കൾ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ