പ്രവാസി സാമൂഹിക പ്രവർത്തകൻ സനു മഠത്തിൽ നിര്യാതനായി

Published : Apr 23, 2023, 12:39 AM IST
പ്രവാസി സാമൂഹിക പ്രവർത്തകൻ സനു മഠത്തിൽ നിര്യാതനായി

Synopsis

വെള്ളിയാഴ്ച സുഹൃത്തുക്കളുമൊത്ത് പെരുന്നാൾ ആഘോഷിച്ച ശേഷം പാതിരാത്രിയോടെ തിരികെ റൂമിൽ എത്തി ഉറങ്ങാൻ കിടന്നു. രാവിലെ കട തുറക്കുന്ന സമയമായിട്ടും വരാത്തത് കൊണ്ടു സഹപ്രവർത്തകർ അന്വേഷിച്ചു ചെന്നു വാതിൽ തട്ടിയിട്ടും തുറന്നില്ല. 

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ നവയുഗം സാംസ്‍കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും ദല്ല മേഖല പ്രസിഡന്റും ജീവകാരുണ്യപ്രവർത്തകനുമായ തിരുവനന്തപുരം കടയ്ക്കൽ അയിരക്കുഴി സ്വദേശി സനു മഠത്തിൽ (48) നിര്യാതനായി. ദമ്മാം കോദരിയയിലെ താമസസ്ഥലത്ത് വെള്ളിയാഴ്ച രാത്രി ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചാണ് അന്ത്യം. 

16 വർഷത്തോളമായി ദമ്മാമിൽ പ്രവാസിയായ സനു ദല്ലയിലെ ഒരു ടയർ വർക്സ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. വെള്ളിയാഴ്ച സുഹൃത്തുക്കളുമൊത്ത് പെരുന്നാൾ ആഘോഷിച്ച ശേഷം പാതിരാത്രിയോടെ തിരികെ റൂമിൽ എത്തി ഉറങ്ങാൻ കിടന്നു. രാവിലെ കട തുറക്കുന്ന സമയമായിട്ടും വരാത്തത് കൊണ്ടു സഹപ്രവർത്തകർ അന്വേഷിച്ചു ചെന്നു വാതിൽ തട്ടിയിട്ടും തുറന്നില്ല. സംശയം തോന്നിയ അവർ സനുവിന്റെ അമ്മാവനായ രാമചന്ദ്രനെ വിവരം അറിയിച്ചു. അവർ എത്തി മുറി തുറന്നു കയറി നോക്കിയപ്പോൾ, കിടക്കയിൽ ചലനമറ്റു കിടക്കുകയായിരുന്നു. 

സ്‍പോൺസർ അറിയിച്ചത് അനുസരിച്ചു പൊലീസും ആംബുലൻസും എത്തി, ഡോക്ടർ പരിശോധിച്ചപ്പോഴാണ് മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരിച്ചത്. അയിരക്കുഴി മഠത്തിൽ വീട്ടിൽ പരേതനായ സഹദേവൻ പിള്ളയുടെയും രാധാമണി അമ്മയുടെയും മകനാണ്. മിനിയാണ് സനുവിന്റെ ഭാര്യ. പ്ലസ് ടൂ വിദ്യാർഥിയായ മൃദുൽ മകനാണ്. ദമ്മാം സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക്  അയക്കാനുള്ള നിയമനടപടികൾ നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

പ്രവാസി സംഘടനാരംഗത്ത് നിറഞ്ഞുനിൽക്കുകയായിരുന്ന സനു മഠത്തിലിന്റെ അപ്രതീക്ഷിത വിയോഗം ദമ്മാമിലെ പ്രവാസലോകത്തെ ഞെട്ടിച്ചു. പ്രവാസിയാകുന്നതിന് മുമ്പ് നാട്ടിൽ സി.പി.ഐയുടെ സജീവപ്രവർത്തകനായിരുന്നു. വിദ്യാഭ്യാസകാലത്ത് എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് എന്നിവയിലൂടെ പ്രവർത്തിച്ചാണ്‌ രാഷ്ട്രീയത്തിൽ എത്തിയത്. ദമ്മാമിലെത്തിയ ശേഷം സി.പി.ഐയുടെ പോഷക സംഘടനയായ നവയുഗത്തിന്റെ ആദ്യകാലം മുതൽ നേതൃത്വനിരയിൽ പ്രവർത്തിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്ക്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവസാന്നിധ്യമായി മാറി. 

നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ദല്ല മേഖലയിൽ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് സനു ആയിരുന്നു. തൊഴിൽ പ്രശ്നങ്ങളാലും രോഗം മൂലവും വലഞ്ഞ ഒട്ടേറെ പ്രവാസികളാണ് സനുവിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്. സ്വന്തം വരുമാനത്തിൽ നിന്നും പണം ചെലവാക്കി മറ്റുള്ളവരെ സഹായിക്കാൻ ഒരിയ്ക്കലും മടിയ്ക്കാത്ത സനു മഠത്തിൽ നിറഞ്ഞ പുഞ്ചിരിയും ഊഷ്മളമായ പെരുമാറ്റവും കൊണ്ട് വലിയൊരു സുഹൃദ്‍വലയവും സമ്പാദിച്ചിരുന്നതായി നവയുഗം ഭാരവാഹികൾ പറഞ്ഞു. 

സനുവിന്റെ അകാലചരമത്തിൽ നവയുഗം കേന്ദ്രകമ്മിറ്റിയും വിവിധ മേഖല കമ്മിറ്റികളും അഗാധമായ ദുഃഖം രേഖപ്പെടുത്തി. സ്വന്തം കാര്യത്തേക്കാൾ അന്യരുടെ നന്മയ്ക്കായി ജീവിച്ച സനുവിന്റെ വിയോഗം സൗദിയിലെ പ്രവാസലോകത്തിന് വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Read also: പെരുന്നാൾ ദിവസം ഉമ്മയുമായി ഫോണിൽ സംസാരിക്കവെ നിയന്ത്രണംവിട്ടെത്തിയ കാറിടിച്ചു, പ്രവാസി മലയാളി മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട