മൂന്നര വർഷം മുമ്പ് സൗദി അറേബ്യയിൽ കാണാതായ ഫാത്തിമയെ മലയാളികൾ കണ്ടെത്തി നാട്ടിലെത്തിച്ചു

Published : Jun 22, 2022, 08:56 AM IST
മൂന്നര വർഷം മുമ്പ് സൗദി അറേബ്യയിൽ കാണാതായ ഫാത്തിമയെ മലയാളികൾ കണ്ടെത്തി നാട്ടിലെത്തിച്ചു

Synopsis

തൃശൂർ മതിലകം സ്വദേശിനി ഹനീഫ ഫാത്തിമ മൂന്നര വർഷം മുമ്പാണ് നാട്ടിൽ നിന്നും റിയാദിനടുത്തുള്ള അൽഖർജിൽ ഒരു സൗദി പൗരന്റെ വീട്ടിൽ ജോലിയ്ക്ക് എത്തിയത്. 

റിയാദ്: സൗദി അറേബ്യയിൽ വീട്ടുജോലിക്ക് എത്തി കാണാതായ മലയാളി വനിതയെ സാമൂഹിക പ്രവർത്തകർ കണ്ടെത്തി നാട്ടിലേക്ക് അയച്ചു. തൃശൂർ മതിലകം സ്വദേശിനി ഹനീഫ ഫാത്തിമ മൂന്നര വർഷം മുമ്പാണ് നാട്ടിൽ നിന്നും റിയാദിനടുത്തുള്ള അൽഖർജിൽ ഒരു സൗദി പൗരന്റെ വീട്ടിൽ ജോലിയ്ക്ക് എത്തിയത്. എന്നാൽ ആ വീട്ടിലെ ജോലി സാഹചര്യങ്ങൾ മോശമായിരുന്നു. രാപകൽ വിശ്രമമില്ലാതെ പണി എടുപ്പിച്ചെങ്കിലും, വന്നിട്ട് ആറു മാസങ്ങൾ കഴിഞ്ഞിട്ടും രണ്ടു മാസത്തെ ശമ്പളം മാത്രമാണ് ആ വീട്ടുകാർ കൊടുത്തത്. സ്പോൺസറോട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. 

ഒടുവിൽ സഹികെട്ട് അവിടെ നിന്നും  പുറത്ത് ചാടിയ  ഫാത്തിമയെക്കുറിച്ചുള്ള ഒരു വിവരവും പിന്നീട് അവരുടെ ബന്ധുക്കൾക്ക് ലഭിച്ചില്ല.  അവർ പല വഴിയ്ക്കും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടിലുള്ള ഫാത്തിമയുടെ മകൻ, ഒരു മാധ്യമ പ്രവർത്തകനുമായി ബന്ധപ്പെടുകയും മൂന്ന് വർഷത്തോളമായി ഉമ്മയെ കുറിച്ച്  അറിവില്ലെന്നും അവരെ കണ്ടെത്തി നാട്ടിലെത്തിക്കണമെന്നും അഭ്യർത്ഥിക്കുകയും ചെയ്തു. അദ്ദേഹമാണ് ദമ്മാമിലെ നവയുഗം ജീവകാരുണ്യ വിഭാഗത്തെ ഈ വിവരം അറിയിച്ചത്. നവയുഗം കേന്ദ്രരക്ഷാധികാരി ഷാജി മതിലകത്തിന്റെ സഹായത്തോടെ, പദ്‍മനാഭൻ മണിക്കുട്ടന്റെ നേതൃത്വത്തിൽ ജീവകാരുണ്യവിഭാഗം നടത്തിയ ദീർഘമായ അന്വേഷണത്തിന് ഒടുവിൽ, ഫാത്തിമ ജിദ്ദയിൽ ഒരു വീട്ടിൽ ജോലി ചെയ്യുന്നതായി കണ്ടെത്തി. 

Read also: മനുഷ്യക്കടത്ത് സംഘത്തിന്റെ കെണിയിലകപ്പെട്ട് ഗള്‍ഫില്‍ അനുഭവിക്കേണ്ടി വന്ന ദുരിത കഥകള്‍ പങ്കുവെച്ച് വീട്ടമ്മ

നവയുഗം വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ ഫാത്തിമ തന്റെ അനുഭവകഥ പറഞ്ഞു. അൽഖർജിലെ ജോലിസ്ഥലത്തു നിന്നും പുറത്തു ചാടിയ ഫാത്തിമയെ, സാമൂഹ്യപ്രവർത്തകൻ എന്ന വ്യാജേന ഒരാൾ ജിദ്ദയിൽ ചെന്നാൽ നാട്ടിലേയ്ക്ക് മടങ്ങാനുള്ള ഫൈനൽ എക്സിറ്റ് തരപ്പെടുത്തികൊടുക്കാമെന്ന് പറഞ്ഞു രണ്ടായിരം റിയാൽ വാങ്ങി, ജിദ്ദയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ജിദ്ദയിൽ എത്തിയപ്പോൾ അവരെ ഒരു സ്വദേശിയുടെ വീട്ടിൽ കൊണ്ടുപോയാക്കി അയാൾ തന്ത്രപൂർവ്വം കടന്നുകളയുകയായിരുന്നു. പിന്നീട് മറ്റു വഴിയൊന്നുമില്ലാതെ, ഇത്രയും കാലം ആ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു. 

പഴയ ഫോൺ നഷ്ടമായതിനാൽ നാട്ടിലെ നമ്പറോ മറ്റുമില്ലാത്തതിനാൽ വീട്ടുകാരുമായി ബന്ധപ്പെടാനും അവർക്ക് കഴിഞ്ഞിരുന്നില്ല. ഫാത്തിമ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മഞ്ജു മണിക്കുട്ടൻ വിവരങ്ങൾ ഇന്ത്യൻ എംബസ്സിയെ അറിയിക്കുകയും, ഫാത്തിമയ്ക്ക് എംബസ്സിയിൽ നിന്നും ഔട്ട്പാസ്സ് ഇഷ്യു ചെയ്യുകയും ചെയ്തു. മഞ്ജു മണിക്കുട്ടൻ ദമ്മാം വനിതാ അഭയകേന്ദ്രം മാനേജറുമായി സംസാരിയ്ക്കുകയും, അദ്ദേഹത്തിന്റെ സഹായത്തോടെ ഫാത്തിമയ്ക്ക് ഫൈനൽ എക്സിറ്റ് കൊടുക്കുകയും ചെയ്തു. 

തുടർന്ന് ഫാത്തിമ ജിദ്ദയിൽ നിന്നും ദമ്മാമിൽ എത്തി. മഞ്ജു മണിക്കുട്ടന്റെ വീട്ടിൽ ഫാത്തിമയ്ക്ക് താത്ക്കാലിക താമസസൗകര്യവും നൽകി. മഞ്ജു മണിക്കുട്ടന്റെ അഭ്യർത്ഥന മാനിച്ചു തൃശൂർ നാട്ടുകൂട്ടം ഫാത്തിമയ്ക്ക് വിമാനടിക്കറ്റ് എടുത്തു കൊടുത്തു. കൂടാതെ നവയുഗം പ്രവർത്തകർ ഉൾപ്പെടെ പലരും നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ പല സാധനങ്ങളും, ബാഗും ഒക്കെ വാങ്ങി കൊടുത്തു. നിയമനടപടികൾ എല്ലാം പൂർത്തിയായപ്പോൾ, നവയുഗം പ്രവർത്തകർ അവരെ എയർപോർട്ടിൽ കൊണ്ട് പോയി യാത്രയാക്കി. വളരെ ഏറെ സന്തോഷത്തോടെ  തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു അവർ യാത്രയായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം