നാട്ടുകാരനെ വിശ്വസിച്ച് വീട്ടുജോലിക്കായി ഗൾഫിലെത്തി, അപ്രതീക്ഷിത സംഭവം, മലയാളി സ്ത്രീ ജയിലിൽ കഴിയേണ്ടി വന്നത് ഒരു മാസം!

Published : Aug 16, 2025, 11:35 AM IST
kollam native

Synopsis

ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി ഏറെ സമയം വൈകിയിട്ടും ഇദ്ദേഹം തിരിച്ചെത്താതെ വന്നതോടെ കൊല്ലം സ്വദേശിനി ഇക്കാര്യം കസ്റ്റംസ് ഉദ്യോഗസ്ഥരോട് തിരക്കുകയായിരുന്നു. 

ദോഹ: വീട്ടു ജോലി വാഗ്ദാനം ചെയ്ത സ്വന്തം നാട്ടുകാരനോടൊപ്പം ഖത്തറിലേക്ക് ആദ്യമായി എത്തിയ കൊല്ലം സ്വദേശിനിക്ക് കടന്നു പോകേണ്ടി വന്നത് വലിയ പ്രതിസന്ധികളിലൂടെ. ഖത്തറിലെത്തിയ സഹയാത്രകനായിരുന്ന നാട്ടുകാരനെ എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ മയക്കു മരുന്നു കടത്തൽ കേസിൽ സംശയാസ്പദമായി പിടിക്കപ്പെട്ടതോടെയാണ് ഇവരുടെ ജീവിതം തകിടം മറിഞ്ഞത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നാട്ടുകാരനെ പിടികൂടിയ വിവരം അവര്‍ അറിഞ്ഞിരുന്നില്ല.

ഏറെ വൈകിയിട്ടും ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി ഇദ്ദേഹം പുറത്തേക്ക് വരാതായതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് കാര്യം അന്വേഷിച്ചു. ഇതോടെയാണ് കൂട്ടുപ്രതിയാണ് എന്ന സംശയത്താൽ കൊല്ലം സ്വദേശിനിയെ പിടികൂടുന്നത്. ഒരു മാസത്തോളം ജയിലിൽ കഴിയേണ്ടിയും വന്നു. സഹയാത്രികന്‍റെ ലഗേജിൽ കണ്ടെത്തിയ മരുന്നുകളുമായി ബന്ധപ്പെട്ട് ഇവർ നിരപരാധിയാണ് എന്ന് കോടതിക്ക് ബോധ്യമായതിനാൽ പിന്നീട് ജയിൽ മോചിതയായി.

എന്നാൽ, ജയിൽ മോചിതയായതിന് ശേഷം താൻ എവിടെ പോകണമെന്നറിയാതെ ദോഹ ജദീദിലെ മെട്രോ സ്റ്റേഷനിൽ നിസ്സഹായയായി ഇവര്‍ മറ്റുള്ളവരോട് സഹായം അഭ്യർത്ഥിക്കുന്നത് കണ്ട കോഴിക്കോട് ജില്ലയിലെ കെഎംസിസി പ്രവർത്തകൻ ഷെരീഫ് നിട്ടൂർ കാര്യങ്ങൾ അന്വേഷിക്കുകയും ബന്ധപ്പെട്ടവരുമായി വിഷയം പങ്കുവെക്കുകയുമായിരുന്നു. വിഷയത്തിന്‍റെ ഗൗരവം മനസ്സിലാക്കി ഐസിബിഎഫുമായി ബന്ധപ്പെടുകയും ഇന്ത്യൻ എംബസിയുടെ ഷെൽറ്ററിൽ താൽക്കാലിക താമസ സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ലഭിക്കുകയും, തിരികെ നാട്ടിലേക്കു പോകുന്നതിനായിട്ട് ആവശ്യമായ യാത്ര രേഖകൾ ഏറ്റവും അടുത്ത ദിവസങ്ങളിൽ എംബസ്സിയുടെ സഹായത്താൽ ലഭിക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോട് കൂടി തിരികെ നാട്ടിലേക്കുള്ള വിമാനത്തിൽ അവരെ സുരക്ഷിതമായി അയക്കുവാൻ സാധിച്ചു.

ഐസിബിഎഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ നീലാംബരി സുശാന്ത്, മിനി സിബി എന്നിവരുടെ ഈ വിഷയത്തിലെ തക്കസമയത്തെ ഇടപെടലാണ് കൊല്ലം സ്വദേശിനിയെ നാട്ടിലെത്തിക്കാന്‍ സഹായകമായത്. കെഎംസിസി പ്രവർത്തകരായ സുഹൈൽ മെഹബൂബ്, ഷെരീഫ് നിട്ടൂർ എന്നിവരും വിഷയത്തില്‍ സമയോചിതമായി ഇടപെടൽ നടത്തി.

ചില സ്വാർത്ഥ മനസ്സുള്ള ഇന്ത്യക്കാർ, പ്രത്യേകിച്ച് ചില മലയാളികൾ, കുറച്ച് ലാഭത്തിനായി അനധികൃത മരുന്നുകൾ, നിയമവിരുദ്ധ സാധനങ്ങൾ എന്നിവ ഖത്തറിലേക്കും മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും കൊണ്ടുവരുന്നത് പ്രവാസികളുടെ വിശ്വാസതക്ക് കളങ്കം വരുത്തുന്ന പ്രവണതയാണ് സൃഷ്ട്ടിക്കുന്നത്. ഇവരുടെ രാജ്യദ്രോഹപരമായ പ്രവർത്തനങ്ങൾ, ഖത്തറിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും ഇന്ത്യൻ സമൂഹം വർഷങ്ങളായി കഠിനാധ്വാനം ചെയ്ത് നിർമ്മിച്ച ധാർമ്മികമൂല്യങ്ങളും സമൂഹികവിശ്വാസവും തകർക്കുകയാണ് ചെയ്യുന്നത്. ഇത്തരം പ്രവൃത്തികൾ നമ്മുടെ മലയാളി സമുദായത്തെയും ഇന്ത്യയെയും നാണംകെടുത്തുന്നതാണ്. നിരപരാധികൾക്കു പോലും അതിന്‍റെ കനത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുന്ന സാഹചര്യത്തിൽ, നമുക്ക് നിയമബോധം വളർത്താനും, ജാഗ്രത പാലിക്കാനും, അനീതിക്കെതിരെ ശബ്ദമുയർത്താനും തയ്യാറാകേണ്ടതുണ്ടെന്ന് ഖത്തര്‍ കെഎംസിസി അറിയിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ