കൈകൾക്ക് പകരം കാൽ കൊണ്ട് സ്റ്റിയറിങ് നിയന്ത്രിച്ച ഓൺലൈൻ ടാക്സി ഡ്രൈവർക്കെതിരെ സൗദി ഗതാഗത അതോറിറ്റി നടപടിയെടുത്തു. പാസഞ്ചർ ട്രാൻസ്‌പോർട്ട് ആപ്പ് വഴി സർവീസ് നടത്തുന്ന ഡ്രൈവറാണ് നിയമനടപടി നേരിട്ടത്.
റിയാദ്: കൈകൾക്ക് പകരം കാൽ കൊണ്ട് സ്റ്റിയറിങ് നിയന്ത്രിച്ച് വാഹനമോടിച്ച ഓൺലൈൻ ടാക്സി ഡ്രൈവർക്കെതിരെ സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (TGA) കർശന നടപടി സ്വീകരിച്ചു. യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്ന രീതിയിൽ അപകടകരമായി വാഹനമോടിച്ച ഇയാളെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് അധികൃതർ പിടികൂടിയത്.
ഒരു പ്രമുഖ പാസഞ്ചർ ട്രാൻസ്‌പോർട്ട് ആപ്പ് വഴി സർവീസ് നടത്തുന്ന ഡ്രൈവറാണ് നിയമനടപടി നേരിട്ടത്. യാത്രക്കിടെ കൈകൾ ഉപയോഗിക്കാതെ ഒരു കാൽ മാത്രം സ്റ്റിയറിങ്ങിൽ വെച്ച് കാറോടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ കാറിലുണ്ടായിരുന്ന വനിതാ യാത്രക്കാരിയാണ് മൊബൈലിൽ പകർത്തിയത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്.
വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അന്വേഷണം നടത്തി ഡ്രൈവറെ തിരിച്ചറിഞ്ഞതായി അതോറിറ്റി വക്താവ് അബ്ദുള്ള അൽ തുർക്കി അറിയിച്ചു. "യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങൾ ഒരു തരത്തിലും അനുവദിക്കില്ല. നിയമലംഘനം നടത്തിയ ഡ്രൈവർക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്." - അദ്ദേഹം വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയ്ക്കും സേവന നിലവാരത്തിനുമാണ് പ്രഥമ പരിഗണനയെന്ന് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി. ഗതാഗത നിയമങ്ങളും നിർദ്ദേശങ്ങളും ഡ്രൈവർമാർ കർശനമായി പാലിക്കണം. ഇത്തരം വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.


