Latest Videos

ഒരു ലക്ഷത്തിലേറെ ലഹരി ഗുളികകളും ഒമ്പത് തോക്കുകളുമായി യുവാവ് സൗദിയില്‍ അറസ്റ്റില്‍

By Web TeamFirst Published Nov 21, 2022, 10:49 PM IST
Highlights

1,38,000 ലഹരി ഗുളികകളും ഒമ്പതു തോക്കുകളും 625 വെടിയുണ്ടകളും രണ്ടു കത്തിയും യുവാവില്‍ നിന്ന് പിടിച്ചെടുത്തു.

റിയാദ്: ലഹരി ഗുളികകളും ആയുധങ്ങളുമായി യുവാവിനെ റിയാദില്‍ അറസ്റ്റ് ചെയ്തു. സൗദി പൗരനാണ് അറസ്റ്റിലായതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു. 1,38,000 ലഹരി ഗുളികകളും ഒമ്പതു തോക്കുകളും 625 വെടിയുണ്ടകളും രണ്ടു കത്തിയും യുവാവില്‍ നിന്ന് പിടിച്ചെടുത്തു. പ്രതിക്കെതിരായ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ കൂട്ടിച്ചേര്‍ത്തു. 

മയക്കുമരുന്ന് ഗുളികകളുമായി രാജ്യത്ത് എത്തിയ നുഴഞ്ഞുകയറ്റക്കാരായ രണ്ട് എത്യോപ്യക്കാരെ മദീനയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 139 ലഹരി ഗുളികകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Read More -  ഒമാനിലേക്ക് മയക്കുമരുന്ന് കൊണ്ടുവന്ന മൂന്ന് വിദേശികള്‍ പിടിയില്‍

കഴിഞ്ഞ ദിവസം ദുബൈയില്‍ പൈനാപ്പിളിനുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരനാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ പിടിയിലായത്. ദുബൈ കസ്റ്റംസ് അധികൃതര്‍ക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Read More - ഖത്തറില്‍ ഹാഷിഷും നിരോധിത ഗുളികകളും പിടികൂടി

പൈനാപ്പിള്‍ കൊണ്ടുവന്ന കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് ഇതിലെന്തെങ്കിലും നിരോധിത വസ്തുക്കളുണ്ടോ എന്ന് അവര്‍ യാത്രക്കാരനോട് ചോദിച്ചു. ഇല്ലെന്ന് അയാള്‍ മറുപടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പെട്ടി സ്‌കാന്‍ ചെയ്തു. അപ്പോള്‍ പൈനാപ്പിളിനകത്ത് കറുത്ത നിറത്തിലെ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി.  399 റോള്‍ കഞ്ചാവാണ് ഇതില്‍ നിന്ന് കണ്ടെത്തിയത്. പിടികൂടിയ കഞ്ചാവിന് ആകെ  417.30 ഗ്രാം ഭാരമുണ്ട്.  കഞ്ചാവ് കണ്ടെത്തിയതോടെ യാത്രക്കാരനെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇയാളെ ദുബൈ പൊലീസിലെ ലഹരി വിരുദ്ധ വിഭാഗത്തിന് കൈമാറി. 

click me!