പ്രവാസിയെ കോടതി ശിക്ഷിച്ചു; 300 ദിര്‍ഹത്തിന്‍റെ ഫോണ്‍ വാങ്ങിയതിന്

First Published Jul 27, 2018, 11:35 PM IST
Highlights
  • ഒരു പുതിയ ഫോണ്‍ വാങ്ങിയതോടെയാണ് തൊഴിലാളിക്ക് കഷ്ടകാലം തുടങ്ങിയത്
  •  മോഷണം പോയ ഫോണാണ് തന്റെ കയ്യിലുള്ളതെന്ന് ഇയാള്‍ അറിയുന്നത് പൊലീസ് അറസ്റ്റ് ചെയ്യുമ്പോഴാണ്

ഷാര്‍ജ: ഏഷ്യന്‍ തൊഴിലാളിക്ക് കോടതി ശിക്ഷ കിട്ടാന്‍ കാരണം 300 ദിര്‍ഹത്തിന് വാങ്ങിയ ഫോണ്‍. ഒരു പുതിയ ഫോണ്‍ വാങ്ങിയതോടെയാണ് തൊഴിലാളിക്ക് കഷ്ടകാലം തുടങ്ങിയത്. ഫോണ്‍ വാങ്ങിയതോടെ  മൂന്നു മാസം ജയില്‍ ശിക്ഷയും 5000 ദിര്‍ഹം പിഴയുമാണ് ഇയാള്‍ക്കെതിരെ കോടതി ചുമത്തിയത്. മുന്‍പരിചയമില്ലാത്ത വ്യക്തിയില്‍ നിന്നും ഇന്‍വോയിസോ ബില്ലോ ഇല്ലാതെയാണ് 300 ദിര്‍ഹത്തിന് ഏഷ്യക്കാരന്‍ ഫോണ്‍ വാങ്ങിയത്. 

എന്നാല്‍ ഈ ഫോണ്‍ മോഷ്ടിച്ചതായിരുന്നു. മോഷണം പോയ ഫോണാണ് തന്റെ കയ്യിലുള്ളതെന്ന് ഇയാള്‍ അറിയുന്നത് പൊലീസ് അറസ്റ്റ് ചെയ്യുമ്പോഴാണ്. അപ്പോള്‍ താന്‍ ഞെട്ടിപ്പോയി. എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ലെന്നും ഏഷ്യക്കാരന്‍ പറഞ്ഞു. തനിക്ക് ഫോണ്‍ വിറ്റ ശേഷം ഇയാള്‍ യുഎഇയില്‍ നിന്നും മുങ്ങിയെന്നും ശിക്ഷിക്കപ്പെട്ട വ്യക്തി പറഞ്ഞു. 

ബുധനാഴ്ചയാണ് ഷാര്‍ജ ക്രിമിനല്‍ കോടതി ഏഷ്യക്കാരന്‍റെ ശിക്ഷ പ്രഖ്യാപിച്ചത്. ഇത്രയും വലിയ തുക പിഴ നല്‍കാന്‍ സാധിക്കില്ലെന്ന് ഏഷ്യക്കാരന്‍ കോടതിയെ അറിയിച്ചു. ഈ വര്‍ഷം ആദ്യമാണ് ഫോണ്‍ വിറ്റയാളെ ഷാര്‍ജയിലെ തന്റെ കെട്ടിടത്തിനു സമീപത്ത് വച്ച് കണ്ടത്. ഇയാള്‍ സാംസങ്ങിന്‍റെ പുത്തന്‍ ഫോണ്‍ അതിശയിപ്പിക്കുന്ന വിലയായ 300 ദിര്‍ഹത്തിന് നല്‍കാമെന്നു പറഞ്ഞു. 

അതനുസരിച്ചാണ് ഫോണ്‍ വാങ്ങിയത്. ഇത് മോഷ്ടിച്ച ഫോണ്‍ ആണെന്ന് അറിയില്ലായിരുന്നു. ഫോണ്‍ നല്‍കിയ വ്യക്തിയെയും അറിയില്ല. ഇയാള്‍ ഫോണുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നും തനിക്ക് നല്‍കിയില്ലെന്നും ഏഷ്യക്കാരന്‍ കോടതിയെ അറിയിച്ചു. കേസ് വീണ്ടും ജൂലൈ 29ന് പരിഗണിക്കും.

click me!