ദുബായ് വിമാനത്താവളത്തില്‍ നിന്ന് 7 യുവതികളെ തട്ടിക്കൊണ്ടുപോയ യുവാവിന് ശിക്ഷ വിധിച്ചു

By Web TeamFirst Published Aug 29, 2018, 7:11 PM IST
Highlights

അജ്മാനിലെ ഒരു റിക്രൂട്ടിങ് ഏജന്‍സി വഴി വീട്ടുജോലിക്കെത്തിയ യുവതികളെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശേഷം കാത്തിരിക്കുകയായിരുന്ന യുവതികളുടെ അടുത്ത് പോയി റിക്രൂട്ടിങ് ഏജന്‍സിയുടെ പിആര്‍ഒ ആണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. 

ദുബായ്: ഏഴ് യുവതികളെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയയാള്‍ക്ക് ശിക്ഷ വിധിച്ചു. 29 വയസുള്ള ഈജിപ്ഷ്യന്‍ പൗരന് മൂന്ന് വര്‍ഷം തടവും അതിന് ശേഷം നാടുകടത്താനുമാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന സംഭവത്തില്‍ ഇന്നാണ് വിധി പ്രസ്താവിച്ചത്.

അജ്മാനിലെ ഒരു റിക്രൂട്ടിങ് ഏജന്‍സി വഴി വീട്ടുജോലിക്കെത്തിയ യുവതികളെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശേഷം കാത്തിരിക്കുകയായിരുന്ന യുവതികളുടെ അടുത്ത് പോയി റിക്രൂട്ടിങ് ഏജന്‍സിയുടെ പിആര്‍ഒ ആണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. വാഹനത്തില്‍ കയറ്റി പലയിടങ്ങിളില്‍ കൊണ്ടുപോയി പാര്‍പ്പിച്ചുവെന്നും താന്‍ പറയുന്ന വീടുകളില്‍ പോയി ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെന്നും യുവതികള്‍ പരാതിപ്പെട്ടു.

റിക്രൂട്ടിങ് ഏജന്‍സിയുടെ ഉദ്ദ്യോഗസ്ഥനെ പോലെ പാസ്പോര്‍ട്ടും രേഖകളും പരിശോധിച്ച ശേഷം തങ്ങളെ വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്ന് ഇന്തോനേഷ്യക്കാരായ യുവതികള്‍ പറഞ്ഞു. പാസ്പോര്‍ട്ടും മൊബൈല്‍ ഫോണുകളും പിടിച്ചുവെച്ച ശേഷം ഒരു ഫ്ലാറ്റില്‍ പൂട്ടിയിട്ടു. ഇവിടെ വൃത്തിയാക്കാന്‍ എത്തിയിരുന്ന സ്ത്രീ ഒരു ദിവസം വാതില്‍ പൂട്ടാന്‍ മറന്നതോടെയാണ് രക്ഷപെടാന്‍ കഴിഞ്ഞത്. പുറത്തിറങ്ങിയ ശേഷം ഇവര്‍ അജ്മാനിലെ റിക്രൂട്ടിങ് ഏജന്‍സിയിലെത്തി. പിന്നീടാണ് പൊലീസില്‍ പരാതിപ്പെട്ടത്.

28നും 31നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. ഇവര്‍ പ്രതിയെ പൊലീസ് സ്റ്റേഷനില്‍വെച്ച് തിരിച്ചറിയുകയും ചെയ്തു. വീട്ടുജോലിക്കാരെ എത്തിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന് ആരോപിച്ച് സ്വദേശികളായ ചിലരും പ്രതിക്കെതിരെ പിന്നീട് പരാതിയുമായി പൊലീസിനെ സമീപിച്ചു. ഈ കേസുകള്‍ എല്ലാം കൂടി പരിഗണിച്ചാണ് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്.

click me!