വെള്ളം നിറഞ്ഞ വാദി കടക്കാൻ ശ്രമിച്ച ഡ്രൈവറെ റോയൽ ഒമാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ശക്തമായ ഒഴുക്കിൽ വാഹനം നിയന്ത്രണം വിട്ട് ഒഴുകിപ്പോകുകയായിരുന്നു.

മസ്കറ്റ്: ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ഖസബ് വിലായത്തിൽ വെള്ളം നിറഞ്ഞ വാദി കടക്കാൻ ശ്രമിച്ച ഡ്രൈവറെ റോയൽ ഒമാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉയർന്ന ജലനിരപ്പ് നിലനിന്നിരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഇയാൾ വാഹനവുമായി വാദിയിലൂടെ കടക്കാൻ ശ്രമിച്ചത്. ശക്തമായ ഒഴുക്കിൽ വാഹനം നിയന്ത്രണം വിട്ട് ഒഴുകിപ്പോകുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

അപകടവിവരം ലഭിച്ച ഉടൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സംഘങ്ങൾ സ്ഥലത്തെത്തി നടത്തിയ അതിവേഗ രക്ഷാപ്രവർത്തനത്തിലൂടെയാണ് ഡ്രൈവറുടെ ജീവൻ രക്ഷപ്പെടുത്തിയത്. തുടർന്ന് സംഭവത്തിൽ ഗുരുതര അശ്രദ്ധ കാട്ടിയെന്ന കാരണത്താൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. വടക്കൻ ഗവർണറേറ്റുകളിലുടനീളം തുടർച്ചയായി പെയ്യുന്ന കനത്ത മഴയാണ് അപകടത്തിന് പശ്ചാത്തലമായത്. നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ പ്രദേശത്ത് ആശങ്ക ഉയർത്തുകയാണ്. വ്യാപകമായ മേഘാവരണം ദൃശ്യപരിധി കുറയ്ക്കുന്നതിനും താപനിലയിൽ മാറ്റങ്ങൾ ഉണ്ടാകുന്നതിനും കാരണമായി. ചില ഇടങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴ വരെ രേഖപ്പെടുത്തി.

കനത്ത മഴയെ തുടർന്ന് നിരവധി വാദികളിൽ ശക്തമായ വെള്ളപ്പാച്ചിൽ രൂപപ്പെട്ടു. ചില വാദികളിൽ പരമാവധി ഒഴുക്ക് നിലയിലെത്തിയതോടെ ഗതാഗതം തടസ്സപ്പെടുകയും പ്രധാന റോഡുകൾ അപകടകരമാകുകയും ചെയ്തിട്ടുണ്ട്. പ്രളയസാഹചര്യത്തിൽ വെള്ളം നിറഞ്ഞ വാദികൾ കടക്കരുതെന്നും, അധികൃതരുടെ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും റോയൽ ഒമാൻ പൊലീസ് പൊതുജനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.