ദുബായ്: വീല്‍ ചെയറില്‍ യാത്ര ചെയ്യുകയായിരുന്ന 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇന്ത്യക്കാരനെതിരെ കേസെടുത്തു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ വെച്ച് സെപ്തംബര്‍ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന 42 വയസുകാരനായ ഇന്ത്യന്‍ പൗരനാണ് പ്രതി.
ദുബായില്‍ നിന്ന് ലണ്ടനിലേക്ക് അമ്മയ്ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ നാല് തവണ ഇയാല്‍ അപരമര്യാദയായി സ്പര്‍ശിച്ചുവെന്ന് പരാതിയില്‍ പറയുന്നു. വിമാന കമ്പനിയുടെ സോഷ്യല്‍മീഡിയ പേജിലാണ് അമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ കോടതിയില്‍ ഇന്ത്യക്കാരന്‍ കുറ്റം നിഷേധിച്ചു. മനഃപൂര്‍വ്വം ചെയ്തതല്ലെന്നും ജോലിയ്ക്കിടെ അറിയാതെ കുട്ടിയെ സ്പര്‍ശിച്ചതാണെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.
ലണ്ടനിലേക്ക് പോകാനെത്തിയ ഇവരുടെ ലഗേജിനൊപ്പം ഒരു സ്വിമ്മിങ് ഫ്ലോട്ട് ഉണ്ടായിരുന്നു. ഇതിനുള്ളിലെ കാറ്റ് പൂര്‍ണ്ണമായും ഒഴിവാക്കിയ ശേഷമേ വിമാനത്തില്‍ കയറ്റാനാകൂ എന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സഹായിക്കാനായി എയര്‍പോര്‍ട്ടിലെ ജീവനക്കാരനായ ഇന്ത്യക്കാരനെത്തിയത്. ഇതിനിടെ അമ്മ ടോയ്‍ലറ്റില്‍ പോയ സമയത്ത് കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പാരാതി. വിമാനത്തില്‍ വെച്ച് യാത്രയ്ക്കിടെയാണ് ഇക്കാര്യം അമ്മ മനസിലാക്കിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ പരാതിപ്പെടുകയായിരുന്നു. സംഭവത്തില്‍ തങ്ങള്‍ ആഭ്യന്തര അന്വേഷണം നടത്തിയെന്നും മനഃപൂര്‍വ്വം കുട്ടിയെ സ്പര്‍ശിച്ചതല്ലെന്ന് ഇയാള്‍ പറഞ്ഞുവെന്നുമാണ് സെക്യൂരിറ്റി ഓഫീസര്‍ പറഞ്ഞത്. കേസ് നവംബര്‍ 22ലേക്ക് മാറ്റി വെച്ചിരിക്കുകയാണിപ്പോള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam