ഡേറ്റിങ് ആപ് കാരണം ബന്ധം തകര്‍ന്നു; മുന്‍ കാമുകിയെ യുവാവ് വീട്ടില്‍ കയറി കുത്തിക്കൊന്നു

By Web TeamFirst Published Mar 11, 2021, 8:13 PM IST
Highlights

യുവാവും യുവതിയും തമ്മില്‍ 2017 മുതലാണ് ബന്ധം തുടങ്ങിയത്. എന്നാല്‍ 2019ല്‍ യുവതി ഒരു ഡേറ്റിങ് ആപ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടാവുകയും തുടര്‍ന്ന് ബന്ധം അവസാനിപ്പിക്കുകയും ചെയ്‍തു. എന്നാല്‍ ഇതോടെ യുവാവ് മാനസികമായി തകര്‍ന്നു. ജോലി നഷ്‍ടമാവുകയും ചെയ്‍തു. 

ദുബൈ: താമസ സ്ഥലത്ത് അതിക്രമിച്ച് കയറി മുന്‍ കാമുകിയെ കുത്തിക്കൊന്ന സംഭവത്തില്‍ യുവാവിനെതിരെ ദുബൈ കോടതിയില്‍ വിചാരണ തുടങ്ങി. കത്തിയുമായി യുവതിയുടെ ഫ്ലാറ്റിലെത്തിയ പ്രതി, തനിക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവതി വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു.

അറബ് പൗരനായ യുവാവും യുവതിയും തമ്മില്‍ 2017 മുതലാണ് ബന്ധം തുടങ്ങിയത്. എന്നാല്‍ 2019ല്‍ യുവതി ഒരു ഡേറ്റിങ് ആപ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടാവുകയും തുടര്‍ന്ന് ബന്ധം അവസാനിപ്പിക്കുകയും ചെയ്‍തു. എന്നാല്‍ ഇതോടെ യുവാവ് മാനസികമായി തകര്‍ന്നു. ജോലി നഷ്‍ടമാവുകയും ചെയ്‍തു. മാസങ്ങള്‍ക്ക് ശേഷം യുവാവ് കാമുകിയുടെ വീട്ടിലെത്തി സംസാരിക്കുകയും മനംമാറ്റമുണ്ടായ ഇരുവരും പഴയതുപോലെ ബന്ധം തുടരുകയുമായിരുന്നു.

എന്നാല്‍ യുവതി വീണ്ടും ഡേറ്റിങ് ആപ് ഉപയോഗിക്കുന്നതായി മാസങ്ങള്‍ക്ക് ശേഷം ഇയാള്‍ കണ്ടെത്തി. ഇത് പരസ്‍പരമുള്ള വാഗ്വാദങ്ങള്‍ക്കും തര്‍ക്കത്തിനും ഇടയായി. ഒരു മാസത്തിന് ശേഷം ഇനി തനിക്ക് സംസാരിക്കാനോ കാണാനോ താത്പര്യമില്ലെന്ന് കാണിച്ച് യുവതി മെസേജ് അയക്കുകയായിരുന്നു. അന്നു മുതല്‍ കാമുകിയെ തിരിച്ചുകൊണ്ടുവരാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. 

കഴിഞ്ഞ വര്‍ഷം ജൂണില്‍ തനിക്ക് 50,000 ദിര്‍ഹം കടം തരുമോ എന്ന് ചോദിച്ച് യുവതി വീണ്ടും മെസേജ് അയക്കുകയായിരുന്നു. ജോലി ഇല്ലാതിരുന്നെങ്കിലും യുവാവ് 30,000 ദിര്‍ഹം സംഘടിപ്പിച്ച് നല്‍കി. മറ്റാരോടെങ്കിലും ഇപ്പോള്‍ ബന്ധമുണ്ടോയെന്ന് യുവാവ് അന്വേഷിച്ചപ്പോള്‍ അതെയെന്നായിരുന്നു മറുപടി. കുപിതനായ പ്രതി, യുവതിയെ വിളിച്ച് അപമാനിക്കാന്‍ തുടങ്ങിയതോടെ പിന്നീട് മറുപടി നല്‍കാതെയായി.

കടം വാങ്ങിയ പണം തിരികെ നല്‍കാനായി യുവതി പ്രതിയുടെ താമസ സ്ഥലത്ത് എത്തിയപ്പോള്‍ ഇയാള്‍ സംസാരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. ഇതിന് ശേഷം യുവതി എവിടെയാണ് താമസിക്കുന്നതെന്ന് കണ്ടെത്താനുള്ള ശ്രമമായി. പ്രദേശത്തെ ഓരോ കെട്ടിടത്തിലും പരിശോധന നടത്തിയ ഇയാള്‍ ഒരു അപ്പാര്‍ട്ട്മെന്റില്‍ യുവതിയുടെ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടെത്തുകയായിരുന്നു. 

അപ്പാര്‍ട്ട്മെന്റില്‍ കയറി ഒരു തവണ യുവതിയെ ബലമായി കീഴ്‍പ്പെടുത്തി കൈയും കാലും കെട്ടിയിട്ട ശേഷം മറ്റാരോടെങ്കിലും ബന്ധമുണ്ടോയെന്ന് വീണ്ടും ആരാഞ്ഞു. ഉണ്ടെന്നായിരുന്നു മറുപടി. ഈ സംഭവത്തിന് ശേഷം യുവതി പൊലീസില്‍ പരാതി നല്‍കുകയും, പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഇയാള്‍ സ്റ്റേഷനിലെത്തി ഇനി യുവതിയെ ശല്യം ചെയ്യില്ലെന്ന് എഴുതി നല്‍കുകയും ചെയ്‍തു.

കൊലപാതകം നടന്ന ദിവസം യുവതി ജോലി കഴിഞ്ഞ് തിരികെ വരുന്നതിന് മുമ്പ് തന്നെ യുവാവ് ഫ്ലാറ്റിന് മുന്നിലെത്തി. ഡോറിലെ ലോക്ക് മാറ്റിയിട്ടുണ്ടെന്ന് മനസിലാക്കിയ ഇയാള്‍ എമര്‍ജന്‍സി എക്സിറ്റിന് സമീപം ഒളിച്ചിരുന്നു. യുവതി എത്തിയപ്പോള്‍ കൈയില്‍ കടന്നുപിടിച്ചു. ബഹളം വെയ്‍ക്കാന്‍ തുടങ്ങിയപ്പോള്‍ കത്തി പുറത്തെടുക്കുകയും യുവതിയെ എമര്‍ജന്‍സി എക്സിറ്റിന് സമീപത്തേക്ക് വലിച്ചുകൊണ്ട് പോവുകയുമായിരുന്നു. 

യുവതിയോട് സംസാരിക്കണമെന്ന് മാത്രമാണ് താന്‍ ആവശ്യപ്പെട്ടതെന്ന് പ്രതി പറഞ്ഞു. കെട്ടിടത്തലെ താമസക്കാരിലൊരാള്‍ സംഭവം കണ്ട് എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് തടഞ്ഞു. യുവതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയുടെ കൈ മുറിഞ്ഞു. ഇതോടെ യുവതിയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. 

സംഭവത്തിന് സാക്ഷിയായ അയല്‍വാസി ഏഴാം നിലയില്‍ നിന്ന് താഴെയെത്തി സുരക്ഷാ ജീവനക്കാരോട് വിവരം പറഞ്ഞു. അവര്‍ എത്തുമ്പോഴേക്കും യുവതിയുടെ മൃതദേഹം നിലത്ത് കിടക്കുകയായിരുന്നുവെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. പൊലീസ് അറസ്റ്റ് ചെയ്‍ത പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‍തു.

click me!