ദുബായിലേക്കുള്ള വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന് പൈലറ്റിന്റെ ഭീഷണി

Published : Oct 06, 2018, 06:23 PM ISTUpdated : Oct 06, 2018, 06:24 PM IST
ദുബായിലേക്കുള്ള വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന് പൈലറ്റിന്റെ ഭീഷണി

Synopsis

താന്‍ ഇറാഖിലുള്ള തന്റെ സുഹൃത്തിനെ വിളിച്ചിട്ടുണ്ടെന്നും വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുമെന്നും എല്ലാവരും മരിക്കാന്‍ പോവുകയാണെന്നും ഇയാള്‍ പറഞ്ഞു.

ദുബായ്: യാത്രയ്ക്കിടയില്‍ വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൈലറ്റിനെതിരെ ദുബായ് കോടതിയില്‍ വിചാരണ തുടങ്ങി. വിമാനത്തിനുള്ളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തുകയും വ്യാപക അക്രമം അഴിച്ചുവിടുകയും ചെയ്ത ഇയാള്‍ മണിക്കൂറുകളോളം മറ്റ് യാത്രക്കാരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി. വിമാനത്തിലെ എയര്‍ ഹോസ്റ്റസ് ഇന്ന് ദുബായ് കോടതിയില്‍ ഹാജരായി സംഭവം മുഴുവന്‍ ജഡ്ജിക്ക് മുന്നില്‍ വിശദീകരിച്ചു.

മാഡ്രിഡില്‍ നിന്ന് ദുബായിലേക്ക് വരികയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. യുഎഇ പൗരനായ പൈലറ്റാണ് അക്രമം നടത്തിയത്. ഇയാള്‍ സംഭവ സമയത്ത് ഡ്യൂട്ടിയില്‍ ആയിരുന്നില്ല. മാഡ്രിഡിലെ യുഎഇ എംബസിയില്‍ നിന്നുള്ള നാല് ജീവനക്കാരാണ് ഇയാളെ വിമാനത്തില്‍ കയറ്റിയത്. അവിടെ തുടരാന്‍ ഇയാള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു ഇത്. വിമാനത്തില്‍ കയറിയത് മുതല്‍ ജീവനക്കാരെ അസഭ്യം പറയാന്‍ തുടങ്ങി. വിമാനത്തിലെ കിച്ചണിലേക്ക് കയറിയ ഇയാള്‍ അനുവാദമില്ലാതെ നാല് കെയ്സ് ബിയര്‍ എടുത്ത് കുടിച്ചു. ഇറാഖിന് മുകളിലൂടെ പറക്കുമ്പോഴായിരുന്നു ആദ്യ ഭീഷണി. താന്‍ ഇറാഖിലുള്ള തന്റെ സുഹൃത്തിനെ വിളിച്ചിട്ടുണ്ടെന്നും വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുമെന്നും എല്ലാവരും മരിക്കാന്‍ പോവുകയാണെന്നും ഇയാള്‍ പറഞ്ഞു.

ജീവനക്കാര്‍ ഇയാളെ പിടിച്ചുകൊണ്ടുവന്ന് സീറ്റിലിരുത്തിയപ്പോള്‍, വിമാനത്താവളത്തില്‍ ഒരു വിഐപി എല്ലാവരെയും കാത്തിരിക്കുകയാണെന്നും എല്ലാവരെയും കൊലപ്പെടുത്തുമെന്നുമായി ഭീഷണി. തനിക്ക് കുടുംബത്തെ ഓര്‍ത്തും ജോലി ഓര്‍ത്തും ഭയം തോന്നിയെന്ന് എയര്‍ ഹോസ്റ്റസ് പറഞ്ഞു. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ താന്‍ പുകവലിച്ചിട്ട് 15 മിനിറ്റായെന്നും പുകവലിക്കണമെന്നും പറഞ്ഞു. വിമാനത്തില്‍ അത് അനുവദനീയമല്ലെന്ന് പൈലറ്റായ ഇയാള്‍ക്ക് അറിയാമായിരുന്നിട്ടും ജീവനക്കാരെ അസഭ്യം പറഞ്ഞു. ടോയ്‍ലറ്റിലേക്ക് ഓടിയെങ്കിലും അതിനുള്ളില്‍ മറ്റൊരാളുണ്ടായിരുന്നു. വാതിലില്‍ ശക്തിയായി ഇടിച്ചപ്പോള്‍ പരിഭ്രാന്തയായി ഇവര്‍ പുറത്തിറങ്ങി.

ജീവനക്കാര്‍ പിന്നെയും പിടിച്ച് സീറ്റിലിരുത്തിയപ്പോള്‍ തന്റെ പക്കല്‍ ബോംബുണ്ടെന്നും അത് ഇപ്പോള്‍ പെട്ടിത്തെറിക്കുമെന്നുമായി ഭീഷണി. കാലിലുണ്ടായിരുന്ന ഷൂസ് ഊരി എറിയാന്‍ ശ്രമിച്ചപ്പോള്‍ ഒരു യാത്രക്കാരന്‍ തടഞ്ഞു. ഇയാളെ അടിച്ചുവീഴ്ത്തി.  വിമാനത്തിലെ ടെലിവിഷന്‍ സ്ക്രീനില്‍ തലയിടിച്ച് മുറിവുണ്ടാക്കി. ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും എയര്‍ ഹോസ്റ്റസുമാര്‍ പരാതിപ്പെട്ടു. കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ചിന് മുന്‍പാകെ നടന്ന സംഭവങ്ങള്‍ അഭിനയിച്ച് കാണിക്കാനും ഇവര്‍ അനുമതി തേടി. തുടര്‍ന്ന് തങ്ങളെ അഭിസംബോധന ചെയ്ത വാക്കുകള്‍ ഉള്‍പ്പെടെ ഇവര്‍ കോടതിയെ അറിയിച്ചു. അഞ്ച് മണിക്കൂറും 40 മിനിറ്റും ഇയാളെ വിമാനത്തിനുള്ളില്‍ ബലം പ്രയോഗിച്ച് തടഞ്ഞുവെച്ചാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുകയായിരുന്ന ദുബായ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

വിമാനത്തിലെ ഒരു സീറ്റും ജനലിന്റെ ഒരു ഭാഗവും ഇയാള്‍ അടിച്ചുതകര്‍ത്തു. ഇതിന് 10,324 ദിര്‍ഹത്തിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. കോടതിയില്‍ പ്രതി കുറ്റം സമ്മതിച്ചു. താന്‍ അമിതമായി മദ്യപിച്ചിരുന്നെന്നും സംഭവ സമയത്ത് സ്വബോധത്തില്‍ അല്ലായിരുന്നുവെന്നുമാണ് ഇയാള്‍ അറിയിച്ചത്. കേസ് മറ്റൊരു ദിവസം പരിഗണിക്കുന്നതിനായി മാറ്റിവെച്ചിരിക്കുകയാണിപ്പോള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ