മുറി വൃത്തിയാക്കാന്‍ പറഞ്ഞതിന് ബന്ധുവിനെ പ്രവാസി കുത്തിക്കൊലപ്പെടുത്തി

By Web TeamFirst Published Jul 1, 2021, 3:23 PM IST
Highlights

ബന്ധു തന്നോട് എപ്പോഴും മോശമായാണ് പെരുമാറിയിരുന്നതെന്നും സംഭവം നടന്ന ദിവസം മുറി വൃത്തിയാക്കാന്‍ പറഞ്ഞ് കയര്‍ത്തെന്നും പ്രതി വെളിപ്പെടുത്തി.

ദുബൈ: ബന്ധുവിനെ കുത്തിക്കൊന്ന പ്രവാസി ടാക്‌സി ഡ്രൈവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ദുബൈ പ്രാഥമിക കോടതി. ബന്ധു തന്നോട് മോശമായി പെരുമാറിയതിനാലാണ് കൊലപ്പെടുത്തിയതെന്ന് 40കാരനായ പാകിസ്ഥാനി പറഞ്ഞു. 

2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഹോര്‍ അല്‍ അന്‍സിലെ താമസസ്ഥലത്ത് നടന്ന കൊലപാതകത്തെ കുറിച്ച് ദുബൈ പൊലീസിന് വിവരം ലഭിച്ചതോടെ പൊലീസ് സംഘം സ്ഥലത്തെത്തി. കാലില്‍ മുറിവേറ്റ നിലയില്‍ ഫ്‌ലാറ്റിന് പുറത്ത് ഇരിക്കുന്ന പ്രതിയെ കണ്ടതായി സ്വദേശി പൊലീസ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി. ഇയാള്‍ക്ക് സമീപം ഒരു കത്തി കണ്ടെത്തിയതായും ഇയാള്‍ തന്നെയാണ് കൊല നടത്തിയതെന്ന് സാക്ഷികള്‍ സ്ഥിരീകരിച്ചതായും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ബന്ധു തന്നോട് എപ്പോഴും മോശമായാണ് പെരുമാറിയിരുന്നതെന്നും സംഭവം നടന്ന ദിവസം മുറി വൃത്തിയാക്കാന്‍ പറഞ്ഞ് കയര്‍ത്തെന്നും പ്രതി വെളിപ്പെടുത്തി. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഇയാള്‍ ബന്ധുവിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകക്കുറ്റം ചുമത്തി. കേസ് ആദ്യം പരിഗണിച്ചപ്പോള്‍ പ്രതിക്ക് 10 വര്‍ഷത്തെ ജയില്‍ശിക്ഷയായിരുന്നു വിധിച്ചത്. എന്നാല്‍ പിന്നീട് കേസില്‍ വീണ്ടും വിചാരണ നടത്താന്‍ മേല്‍ക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് പ്രതിയുടെ ശിക്ഷാ കാലയളവ് ജീവപര്യന്തമാക്കി ഉയര്‍ത്തിയത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഇയാളെ നാടുകടത്തും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!