
ദുബൈ: 20 വര്‍ഷമായി തന്റെ വീട്ടില്‍ താമസിക്കുന്ന സ്വന്തം സഹോദരനെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് അബുദാബി കോടതിയില്‍ ഹര്‍ജി. നേരത്തെ കീഴ്‍കോടതികള്‍ വിധി പറഞ്ഞകേസില്‍ കഴിഞ്ഞ ദിവസം അബുദാബിയിലെ പരമോന്നത കോടതിയും പരാതിക്കാരന് അനുകൂലമായ വിധി പുറപ്പെടുവിച്ചു.
സാമ്പത്തിക പ്രശ്നങ്ങള്‍ അലട്ടിയിരുന്ന സഹോദരനെ തന്റെ വീടിന്റെ ഒരു പ്രത്യേക ഭാഗത്ത് താമസിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാരന്‍ പറഞ്ഞു. എന്നാല്‍ പിന്നീട് അവിടെ നിന്ന് ഒഴിയാന്‍ കൂട്ടാക്കിയില്ല. താത്കാലികമായി അഭയം നല്‍കിയതാണെങ്കിലും കഴിഞ്ഞ 20 വര്‍ഷമായി സഹോദരന്‍ അവിടെ താമസിക്കുകയാണെന്ന് പരാതിയില്‍ ആരോപിച്ചു. ഇപ്പോള്‍ തന്റെ മക്കള്‍ വളര്‍ന്ന് അവര്‍ പ്രത്യേകം താമസിക്കാന്‍ സമയമായപ്പോള്‍ അവര്‍ക്ക് നല്‍കാന്‍ വേണ്ടി, സഹോദരന്‍ താമസിക്കുന്ന ഭാഗം ആവശ്യമായി വന്നുവെന്നും എന്നാല്‍ അവിടെ നിന്ന് ഒഴിയാന്‍ ഇയാള്‍ തയ്യാറാവുന്നില്ലെന്നുമായിരുന്നു പരാതി.
പരാതിക്കാരന്റെ വീട് എത്രയും വേഗം ഒഴിയണമെന്ന് നിര്‍ദേശിച്ച് കേസ് ആദ്യ പരിഗണിച്ച അബുദാബി പ്രാഥമിക കോടതി വിധി പറഞ്ഞു. എന്നാല്‍ ആ കോടതിക്ക് ഇത്തരമൊരു കേസില്‍ വിധി പറയാന്‍ അവകാശമില്ലെന്ന് വാദിച്ച് ഇയാള്‍ അപ്പീല്‍ കോടതിയെ സമീപിച്ചു. സഹോദരന്റെ ഭാര്യയ്ക്ക് താന്‍ വലിയ തുക കടം നല്‍കിയിരുന്നെന്നും അവര്‍ അത് തിരിച്ച് തരാത്തതിനാലാണ് താന്‍ അവിടെ താമസിക്കുന്നതെന്നും ഇയാള്‍ വാദിച്ചു.
ഒപ്പം പരാതിക്കാരന്‍ പറയുന്ന വീട് അയാളുടെയും ഭാര്യയുടെയും തുല്യ ഉടമസ്ഥതയിലുള്ളതാണെന്നും തന്നെ ഒഴിപ്പിക്കണമെന്ന് ഒരാള്‍ മാത്രമാണ് പരാതി നല്‍കിയിട്ടുള്ളതെന്ന സാങ്കേതിക തടസവാദവും ഇയാള്‍ ഉന്നയിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളിയ അപ്പീല്‍ കോടതി കീഴ്‍ക്കോടതി വിധി ശരിവെച്ചു. എന്നാല്‍ വീണ്ടും അപ്പീലുമായി പ്രതി, പരമോന്നത കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം പരമോന്നത കോടതിയും കേസ് തള്ളിയ സ്ഥിതിക്ക് ഇയാള്‍ക്ക് വീട് ഒഴിയേണ്ടി വരും. നിയമനടപടികള്‍ സ്വീകരിക്കാന്‍ വീടിന്റെ യഥാര്‍ത്ഥ ഉടമയ്ക്ക് ചെലവായ തുകയും പ്രതി നല്‍കണമെന്ന് വിധിയിലുണ്ട്.
Read also: അധികൃതര്‍ അറസ്റ്റ് ചെയ്‍ത പ്രവാസി വനിത നാടുകടത്തല്‍ കേന്ദ്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ