അരിയില്‍ ഉപ്പിന് പകരം പഞ്ചസാര ചേര്‍ത്തതിന് വീട്ടമ്മയ്ക്ക് ക്രൂര മര്‍ദനം; യുഎഇയില്‍ ഭര്‍ത്താവിനെതിരെ നടപടി

By Web TeamFirst Published Feb 10, 2020, 11:05 PM IST
Highlights

വീട്ടിലെ അമിതജോലിത്തിരക്ക് കൊണ്ടുള്ള സമ്മര്‍ദ്ദം കാരണമാണ് തനിക്ക് പാചകത്തില്‍ പോലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരുന്നതെന്ന് സ്ത്രീ വിചാരണയ്ക്കിടെ കോടതിയില്‍ പറഞ്ഞു. 

ഷാര്‍ജ: ഭാര്യയുടെ കണ്ണില്‍ മുകളുപൊടി എറിഞ്ഞ സംഭവത്തില്‍ അറബ് പൗരനെതിരെ ഷാര്‍ജ കോടതിയില്‍ വിചാരണ തുടങ്ങി. വീട്ടില്‍ വെച്ച് അരിയില്‍ ഉപ്പിന് പകരം അബദ്ധത്തില്‍ പഞ്ചസാര ചേര്‍ത്തതിനാണ് ശിക്ഷയെന്നോണം മുളകുപൊടി എറി‍ഞ്ഞത്. ഭാര്യയെ അപമാനിച്ചതിനും മര്‍ദിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.

തന്റെ കണ്ണുകള്‍ക്ക് ഗുരുതരമായ പരിക്കുണ്ടെന്നും കാഴ്ച ശക്തി നഷ്ടമാകാന്‍ വരെ സാധ്യതയുണ്ടെന്നും സ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടിലെ അമിതജോലിത്തിരക്ക് കൊണ്ടുള്ള സമ്മര്‍ദ്ദം കാരണമാണ് തനിക്ക് പാചകത്തില്‍ പോലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരുന്നതെന്ന് സ്ത്രീ വിചാരണയ്ക്കിടെ കോടതിയില്‍ പറഞ്ഞു. അതുകൊണ്ടാണ് പാചകത്തിനിടിയില്‍ അബദ്ധം സംഭവിച്ചത്. ഭര്‍ത്താവ് കഴിച്ചുനോക്കുന്നതുവരെ പിഴവ് ശ്രദ്ധയില്‍പെട്ടതുമില്ല.

അരിയില്‍ പഞ്ചസാര ചേര്‍ത്തെന്ന് മനസിലായതോടെ ഭര്‍ത്താവ് മോശമായി സംസാരിക്കാന്‍ തുടങ്ങി. തനിക്ക് വിഷം തന്നുവെന്നുപോലും പറഞ്ഞു. തന്റെ വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ താന്‍ ദുരിതം പേറുകയാണെന്നും  ജീവിതത്തില്‍ ഒരിക്കലും സന്തോഷം തോന്നിയിട്ടില്ലെന്നും സ്ത്രീ കോടതിയില്‍ പറഞ്ഞു.

നിസാരമായ കാരണത്തിന്റെ പേരില്‍ തന്നോട് ക്രൂരമായി പെരുമാറാന്‍ തുടങ്ങിയതോടെ സ്ത്രീയുടെ നിയന്ത്രണംവിട്ടു. ഒരുമിച്ച് ജീവിച്ച 12 കൊല്ലമായി താന്‍ ദുരിതം സഹിക്കുകയാണെന്ന് ഭര്‍ത്താവിനോട് തുറന്നടിച്ചു. ഇതോടെ ഭര്‍ത്താവ് മുഖത്തടിക്കുകയും അടുക്കളയില്‍ പോയി ഉപ്പും മുളക് പൊടിയും കൂട്ടിച്ചേര്‍ത്ത് കൊണ്ടുവന്ന് തന്റെ മുഖത്ത് എറിയുകയുമായിരുന്നു. നീറ്റല്‍ സഹിക്കാനാവാതെ മുഖം കഴുകിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ആശുപത്രിയിലെത്തിച്ചു. സ്ത്രീയുടെ ഒരു കണ്ണിന് തകരാറുകള്‍ സംഭവിച്ചതായി മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേസില്‍ വാദംകേട്ട കോടതി അടുത്ത മാസത്തേക്ക് മാറ്റിവെച്ചു. 

click me!