സ്വകാര്യ ട്യൂഷൻ അധ്യാപകർക്ക്‌ ഇനി ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നിർബന്ധം, വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കാൻ ഖത്തർ

Published : Jan 14, 2026, 10:49 AM IST
private tutoring teachers

Synopsis

സ്വകാര്യ ട്യൂഷൻ അധ്യാപകർക്ക് ഇനി മുതൽ ഔദ്യോഗിക തിരിച്ചറിയൽ കാര്‍ഡ് നി‍ബന്ധമാക്കി. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുന്നതിനായാണ് ഖത്തറില്‍ പുതിയ തീരുമാനം നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ ഒന്നാം ഘട്ടം നിലവിൽ പൂർത്തിയാക്കിയിട്ടുണ്ട്. 

ദോഹ: രാജ്യത്തെ സ്വകാര്യ ട്യൂഷൻ മേഖലയിൽ കൂടുതൽ സുതാര്യതയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായി നിർണ്ണായക തീരുമാനം നടപ്പിലാക്കിയിരിക്കുകയാണ് ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്ത് ലൈസൻസുള്ള സ്വകാര്യ ട്യൂഷൻ അധ്യാപകർക്ക് ഇനിമുതൽ മന്ത്രാലയം നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി. ഇതിന്റെ ഭാഗമായി ആദ്യ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് മന്ത്രാലയം പുറത്തിറക്കി. അധ്യാപകർക്ക് ഔദ്യോഗിക ലൈസൻസുണ്ട് എന്നതിന്റെ തെളിവാണ് ഈ തിരിച്ചറിയൽ കാർഡ്. അധ്യാപകരുടെ യോഗ്യതയും നിയമപരമായ അനുമതിയും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ നീക്കം.

ഐഡി കാര്‍ഡ് 

പുതിയ ഐഡി കാർഡിൽ അധ്യാപകന്റെ പേര്, പഠിപ്പിക്കാൻ അനുമതിയുള്ള വിഷയങ്ങൾ, ഖത്തർ ഐഡി നമ്പർ, ലൈസൻസിന്റെ കാലാവധി തുടങ്ങിയ പ്രധാന വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും. ട്യൂഷൻ സെന്ററുകളിലോ വിദ്യാർത്ഥികളുടെ വീടുകളിലോ ക്ലാസുകൾ എടുക്കുമ്പോൾ ഈ കാർഡ് കൈവശം വെക്കണമെന്നും ആവശ്യപ്പെട്ടാൽ രക്ഷിതാക്കൾക്കോ പരിശോധനാ ഉദ്യോഗസ്ഥർക്കോ കാണിച്ചു കൊടുക്കണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു. അനധികൃതമായി ട്യൂഷൻ എടുക്കുന്നവരെ തടയാനും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുമാണ് ഈ നടപടി. 

നിലവിൽ ഈ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായിട്ടുണ്ട്. വിവിധ വിഷയങ്ങളിലായി 272 അധ്യാപകരെ അഭിമുഖം ചെയ്തതിൽ 182 പേർക്ക് മാത്രമാണ് മന്ത്രാലയം ട്യൂഷൻ ലൈസൻസ് അനുവദിച്ചത്. നിലവിലുള്ള ട്യൂഷൻ സെന്ററുകൾക്ക് ബാക്കിയുള്ള അധ്യാപകരുടെ രേഖകൾ ശരിയാക്കാൻ 30 ദിവസത്തെ സമയം മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തവർ ട്യൂഷൻ എടുക്കുന്നത് നിയമലംഘനമായി കണക്കാക്കും. ലൈസൻസും കൃത്യമായ ഐഡി കാർഡും ഉള്ള അധ്യാപകരുടെ സേവനം മാത്രമേ രക്ഷിതാക്കൾ തേടാവൂ എന്ന് മന്ത്രാലയത്തിന്റെ കർശന നിർദ്ദേശമുണ്ട്.

ഖത്തറിൽ ഒരു പ്രൈവറ്റ് ട്യൂഷൻ അധ്യാപകനായി ലൈസൻസ് നേടുന്നതിനും പുതിയ തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിനും മാനദണ്ഡങ്ങൾക്കനുസൃതമായി രേഖകൾ സമർപ്പിച്ച ശേഷം മന്ത്രാലയം നടത്തുന്ന വ്യക്തിഗത അഭിമുഖത്തിൽ പങ്കെടുക്കണം. ഈ അഭിമുഖത്തിൽ അധ്യാപകന്റെ വിഷയത്തിലുള്ള അറിവും പ്രൊഫഷണൽ പെരുമാറ്റ രീതികളും പരിശോധിക്കപ്പെടും. നിലവിൽ ഒരു അംഗീകൃത എഡ്യൂക്കേഷൻ സർവീസ് സെന്റർ വഴിയാണ് ഈ ലൈസൻസിനായി അപേക്ഷിക്കേണ്ടത്. മന്ത്രാലയം നേരിട്ട് വ്യക്തികൾക്ക് ഫ്രീലാൻസ് ലൈസൻസ് നൽകുന്നതിനേക്കാൾ, ലൈസൻസുള്ള സെന്ററുകൾ വഴി അധ്യാപകരെ അംഗീകരിക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ രജിസ്ട്രേഷനും ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കാവുന്നതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൈകാണിച്ച അപരിചിതന്​ ലിഫ്​റ്റ്​ കൊടുത്ത മലയാളി കുടുങ്ങി, ജയിലിലായി, പിന്നാലെ ജോലിയും സർവീസ് ആനുകൂല്യവും നഷ്ടപ്പെട്ടു
മലയാളികളടക്കം 50 പ്രവാസികളുടെ ജീവൻ പൊലിഞ്ഞ മംഗഫ് തീപിടിത്തം; പ്രതികളുടെ തടവുശിക്ഷ കോടതി മരവിപ്പിച്ചു, ജാമ്യം