കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; ആശങ്കയോടെ പ്രവാസികള്‍

By Web TeamFirst Published Dec 11, 2019, 4:01 PM IST
Highlights

ട്രാവല്‍ ആന്റ് ടൂറിസം രംഗത്ത് സ്വദേശിവത്കരണം 44.1 ശതമാനമാക്കി ഉയര്‍ത്താനാണ് തീരുമാനം. ലോജിസ്റ്റിക്സ് സെക്ടറില്‍ 20 ശതമാനവും വ്യവസായ മേഖലയില്‍ 35 ശതമാനവും സ്വദേശിവത്കരണമാണ് ലക്ഷ്യം. 

മസ്‍കത്ത്: വിവിധ മേഖലകളില്‍ സ്വദേശിവത്കരണ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഒമാന്‍ മാന്‍പവര്‍ മന്ത്രാലയത്തിന്റെ തീരുമാനം. ടൂറിസം, വ്യവസായം, ലോജിസ്റ്റിക്സ് സെക്ടറുകളില്‍ അടുത്ത വര്‍ഷം പൂര്‍ത്തിയാക്കേണ്ട സ്വദേശിവത്കരണ നിരക്കും മന്ത്രാലയം നിശ്ചയിച്ചു.

ട്രാവല്‍ ആന്റ് ടൂറിസം രംഗത്ത് സ്വദേശിവത്കരണം 44.1 ശതമാനമാക്കി ഉയര്‍ത്താനാണ് തീരുമാനം. ലോജിസ്റ്റിക്സ് സെക്ടറില്‍ 20 ശതമാനവും വ്യവസായ മേഖലയില്‍ 35 ശതമാനവും സ്വദേശിവത്കരണമാണ് ലക്ഷ്യം. രാജ്യത്തെ ട്രാവല്‍ ആന്റ് ടൂറിസം രംഗത്ത് 2017ല്‍ 41.1 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയിരുന്നു. 2018ല്‍ ഇത് 42.2 ശതമാനമായും ഈ വര്‍ഷത്തോടെ 43.1 ശതമാനമായും ഉയര്‍ത്തി. അടുത്ത വര്‍ഷം ഒരു ശതമാനത്തിന്റെ കൂടി വര്‍ദ്ധനവ് വരും.

ലോജിസ്റ്റിക്സ് സെക്ടറില്‍ 2017ല്‍ 14 ശതമാനമായിരുന്ന സ്വദേശിവത്കരണം 2018ല്‍ 16 ശതമാനമായി ഉയര്‍ന്നു. ഈ വര്‍ഷത്തോടെ ഇത് 18 ശതമാനത്തിലെത്തിച്ചു. രണ്ട് ശതമാനം വര്‍ദ്ധനവാണ് 2020ല്‍ നടപ്പാക്കാന്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്. വ്യവസായ മേഖലയില്‍ നിലവില്‍ 34 ശതമാനമാണ് സ്വദേശിവത്കരണ നിരക്ക്. കഴിഞ്ഞ വര്‍ഷം ഇത് 33 ശതമാനവും 2017ല്‍ 32.5 ശതമാനവുമായിരുന്നു.

മൂന്ന് സെക്ടറുകളിലേയും കമ്പനികള്‍ക്ക് ട്രെയിനിങ് സംവിധാനങ്ങളും ഇന്‍സെന്റീവുകളും നല്‍കി സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കും. ചില മേഖലകളില്‍ പ്രവാസികള്‍ക്ക് താത്കാലിക തൊഴില്‍ ലൈസന്‍സുകള്‍ അനുവദിക്കുകയോ പാര്‍ട് ടൈം അടിസ്ഥാനത്തില്‍ സ്വദേശികളെ നിയമിക്കുകയോ ചെയ്യും. ഇവരുടെ എണ്ണവും സ്വദേശിവത്കരണത്തില്‍ കണക്കാക്കും. എന്നാല്‍ നിയമിക്കേണ്ട സ്വദേശികളുടെ എണ്ണത്തിന്റെ 20 ശതമാനത്തിലധികം ഇത്തരം ജീവനക്കാരെ നിയമിക്കാന്‍ പാടില്ല.

സ്വദേശിവത്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാന്‍പവര്‍ മന്ത്രാലയത്തിന്റെ പ്രത്യേക പരിഗണന ലഭിക്കും. അനുമതികളും മറ്റ് സഹായങ്ങളും ഇത്തരം സ്ഥാപനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാവുകയും ചെയ്യും. എന്നാല്‍ സ്വദേശവത്കരണ നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ അനുവദിക്കില്ല. 30 ദിവസത്തെ ഗ്രേസ് പീരിഡ് അനുവദിച്ചശേഷം തൊഴില്‍ നിയമം അനുസരിച്ച് പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളും സ്വീകരിക്കും. 

click me!