ലഹരിക്കടത്തും മദ്യ നിർമ്മാണവും, സൗദിയിൽ അറസ്റ്റിലാകുന്നവരിൽ മലയാളികളും, ഒരാഴ്ചക്കിടെ പത്തിലേറെ പേർ പിടിയിൽ

Published : Oct 10, 2025, 05:41 PM IST
arrestt

Synopsis

സൗദിയിൽ ലഹരിക്കടത്ത് കേസിൽ അറസ്റ്റിലാകുന്നവരില്‍ മലയാളികളും. മെത്താംഫെറ്റാമിൻ, എം.ഡി.എം.എ എന്നിവ പിടിച്ചെടുത്ത കേസിൽ ഒരാഴ്ചക്കിടയിൽ പത്തിലധികം മലയാളികളാണ് സൗദിയിൽ പിടിയിലായത്.

റിയാദ്: സൗദിയിൽ ലഹരിക്കടത്ത് കേസിൽ പിടിയിലാകുന്നവരുടെ എണ്ണം വർധിക്കുന്നു. പിടിക്കപ്പെടുന്ന മലയാളികളടക്കമുള്ള പ്രവാസികളുടെ എണ്ണം വർധിക്കുന്നതായാണ് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. മെത്താംഫെറ്റാമിൻ, എം.ഡി.എം.എ എന്നിവ പിടിച്ചെടുത്ത കേസിൽ ഒരാഴ്ചക്കിടയിൽ പത്തിലധികം മലയാളികളാണ് സൗദിയിൽ പിടിയിലായത്.

മദ്യ നിർമ്മാണവുമായി ബന്ധപ്പെട്ടും അത് വിതരണം ചെയ്തതിനും അറസ്റ്റിലായ പ്രവാസികളുടെ കൂട്ടത്തിലും മലയാളികളുടെ എണ്ണം കൂടിവരുന്നതായും വിവിധ ഭാഗങ്ങളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് മദ്യം എത്തിച്ചു കൊടുക്കുന്ന കണ്ണികളുടെ കൂട്ടത്തിൽ മലയാളികളുടെ പങ്ക് ഏറെ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണെന്ന് ഈ മേഖലയിൽ നിരീക്ഷണം നടത്തുന്നവർ പറയുന്നു. സൗദിയിൽ ലഹരിക്കേസുകളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ആരും ഉണ്ടാകില്ല എന്നത് പോലും പ്രവാസികൾ പലപ്പോഴും ചിന്തിക്കുന്നില്ല എന്നതാണ് ഏറെ ഖേദകരം. മറ്റു പല കേസുകളിലും ഇടപെടാൻ സാമൂഹിക പ്രവർത്തകർ മുന്നോട്ട് വരുമെങ്കിലും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ ഇടപെടാൻ ആരും തയാറാവുകയില്ല. സൗദി നിയമത്തിൽ ലഹരിക്കേസിൽ വിട്ടുവീഴ്‌ചയില്ലാത്ത നടപടികളാണ് കൈക്കൊള്ളുന്നത് എന്നതാണ് ഈ വിഷയത്തിൽ മറ്റൊരാൾ ഇടപെടാതിരിക്കാൻ കാരണം.

ലഹരിക്കടത്ത് കേസുകളും കള്ളക്കടത്ത് കേസുകളും കണ്ടെത്താൻ പഴുതടച്ചുള്ള പരിശോധനകളും നിരീക്ഷണങ്ങളും സൗദി അധികൃതർ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ലഹരിക്കടത്ത് കേസുകളിൽ ദിവസേന നാലും അഞ്ചും പേർക്ക് വധശിക്ഷ നടപ്പാക്കികൊണ്ടിരിക്കെയാണ് മലയാളി യുവാക്കളുടെ ലഹരിക്കടത്ത്. പ്രവാസി യുവാക്കൾ മാരക ലഹരി വസ്തുവുമായി ഇടപാടുകൾ നടത്തുന്നത് നിരീക്ഷിച്ച അധികൃതർ നാടകീയമായാണ് പ്രതികളെ ഈയിടെ അറസ്റ്റ് ചെയ്തത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട എല്ലാവരെയും സുരക്ഷാ വിഭാഗം വലയിലാക്കിയതായാണ് വിവരം. വർധിച്ചുവരുന്ന ലഹരികേസുകളിൽ ഇന്ത്യൻ പ്രവാസികളുടെ പങ്കാളിത്തം വർധിക്കുന്നതിൽ ഏറെ ആശങ്കയിലാണ് സൗദിയിലെ നിയമ വിദഗ്ധരും സാമൂഹിക പ്രവർത്തകരും.

മയക്കുമരുന്നുമായോ ഏതെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കളോ പാനീയമോ ആയി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി സംശയിക്കപ്പെടുന്ന ആളുകളുമായി ഇടപെടുമ്പോൾ നല്ല ജാഗ്രത പാലിക്കണമെന്ന് സാമൂഹിക പ്രവർത്തകർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു. സൗദി ക്രിമിനൽ നിയമപ്രകാരം കടുത്ത ശിക്ഷകളാണ് ലഹരിയുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ വിധിക്കുന്നത്. ഇത്തരം ആളുകളുമായി ഏതെങ്കിലും വിധത്തിൽ ബന്ധമുണ്ടെങ്കിൽ വരെ നാടുകടത്തലിന് അത് കാരണമാകാമെന്നും സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം