കുവൈത്തിനെ ഞെട്ടിച്ച് വൻ ബാങ്ക് ലോൺ തട്ടിപ്പ്, നിരവധി മലയാളികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ; കേരളത്തിൽ പരാതി

Published : May 26, 2025, 12:57 PM IST
കുവൈത്തിനെ ഞെട്ടിച്ച് വൻ ബാങ്ക് ലോൺ തട്ടിപ്പ്, നിരവധി മലയാളികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ; കേരളത്തിൽ പരാതി

Synopsis

കുറഞ്ഞ പലിശ നിരക്കിൽ വളരെ എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുന്നെന്ന രീതിയില്‍ പ്രചരിച്ച ഓഫറുകള്‍ കണ്ടാണ് ആളുകള്‍ ഇവരെ ബന്ധപ്പെട്ടത്. എന്നാല്‍ പിന്നീടാണ് തട്ടിപ്പിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കിയത്. 

കുവൈത്ത് സിറ്റി: കുവൈത്തിൽ ബാങ്ക് വായ്പ തട്ടിപ്പില്‍ നിരവധി മലയാളികൾക്ക് പണം നഷ്ടമായി. പ്രവാസികൾക്ക് വളരെ എളുപ്പത്തില്‍ കുറഞ്ഞ പലിശയിൽ വായ്പ നൽകുമെന്ന സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ വാഗ്ദാനത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്. ഹാക്ക് ചെയ്ത കുവൈത്ത് വാട്ട്സാപ്പ് നമ്പറുകളും യഥാർത്ഥ ഫിനാൻസ് കമ്പനിയുടെ പോലെ തോന്നിക്കുന്ന വ്യാജ വെബ്സൈറ്റും ഉപയോഗിച്ചാണ് ഈ തട്ടിപ്പു സംഘം പ്രവർത്തിക്കുന്നത്. 

മലയാളികളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. വളരെ മാന്യമായ സംസാരവും ആരെയും എളുപ്പത്തിൽ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റവുമാണ് ഇവരുടെ രീതി. ഇത് വിശ്വസിക്കുന്ന ആളുകളാണ് തട്ടിപ്പ് സംഘത്തിന്‍റെ വലയിൽ വീഴുന്നത്. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വായ്പ ഓഫറുകൾ പ്രചരിപ്പിക്കുന്ന ഇവര്‍ കുവൈത്തിലെ ഒരു പ്രശസ്ത  ഫിനാൻസ് കമ്പനിയുടെ പേരിലാണ് ആളുകളെ ബന്ധപ്പെടുന്നത്. ഈ കമ്പനിയുടേതെന്ന് തോന്നിപ്പിക്കുന്ന ഒരു വ്യാജ വെബ്സൈറ്റും തട്ടിപ്പിനായി ഇവര്‍ ഉപയോഗിക്കുന്നുണ്ട്. 

വായ്പക്കായി ഒരു ഫോം പൂരിപ്പിച്ചു നൽകിയാൽ മാത്രം മതിയെന്നും നേരിട്ട് ഓഫീസിൽ എത്തുകയോ ഏതെങ്കിലും രേഖയുടെയോ ആവശ്യമില്ലെന്നും ഇവര്‍ ആളുകളോട് പറയുന്നു. തുടർന്ന് വായ്പ അനുവദിക്കപ്പെട്ടുവെന്നും നിങ്ങളുടെ നാട്ടിലെ അക്കൗണ്ടിലേക്ക് പണം അയച്ചപ്പോൾ അക്കൗണ്ടിൽ ക്രെഡിറ്റ് ആയില്ലെന്നും പണം ഫ്രീസായെന്നും അതിനാൽ ഒരു നിശ്ചിത സംഖ്യ അടച്ചാൽ മാത്രമേ ലോൺ തുക വീണ്ടും അക്കൗണ്ടിലേക്ക് അയക്കുകയുള്ളുവെന്നും പറഞ്ഞ് ആളുകള വിശ്വസിപ്പിക്കുന്നതാണ് തട്ടിപ്പ് സംഘത്തിന്‍റെ രീതി. 

ഇത്തരത്തില്‍ 1000 ദിനാറോളം വായ്പ അപേക്ഷിച്ചവരുടെ പക്കൽ നിന്നും നൂറും ഇരുന്നൂറും ദിനാർ ഈടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. ഇരയായവരിൽ ഭൂരിഭാഗം പേരും ഗാർഹിക തൊഴിലാളികളും സ്ത്രീകളുമാണ്. തട്ടിപ്പ് നടത്തുന്നവർ മലയാളികളാണ്. ഇവർ കുവൈത്തിന് പുറത്തു നിന്നാണ് ആളുകളെ ബന്ധപ്പെടുന്നതെന്നാണ് വിവരം. 

ഈ തട്ടിപ്പു സംഘം കുവൈത്ത് കൂടാതെ മറ്റ് ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും സജീവമാണ്. പണം ഇവർ ഇന്ത്യൻ അക്കൗണ്ട് നമ്പറിലേക്കാണ് ട്രാൻസ്ഫർ ചെയ്യുന്നത്. അതിനാൽ തന്നെ ഗൾഫ് രാജ്യങ്ങളിൽ ഇവർക്കെതിരെ കേസ് നല്കിയതുകൊണ്ട് പ്രത്യേകിച്ച് ഗുണം ഉണ്ടാകാൻ സാധ്യതയില്ല. ഇവരുടെ വലയില്‍ വീണ മലപ്പുറം സ്വദേശിയായ മുഹമ്മദിന് 116 കുവൈത്ത് ദിനാറാണ് നഷ്ടമായത്.  200 ദിനാർ മുതൽ 20000 ദിനാർ വരെ കുറഞ്ഞ പലിശയിൽ വായ്പ ലഭിക്കുമെന്ന ഫേസ്ബുക്ക് പരസ്യം കണ്ടാണ് മുഹമ്മദ് ഈ കമ്പനിയെ ബന്ധപ്പെടുന്നത്. 

കുവൈത്തിൽ വീട്ടു ജോലിക്കാരനായ മുഹമ്മദിന് 4000 ദിനാർ വായ്പ അനുവദിച്ചു. തുടർന്ന് തട്ടിപ്പു സംഘം മുഹമ്മദിന്‍റെ സിബിൽ സ്കോർ കുറവാണെന്നും അത് ശരിയാക്കാനായി ഒരു മാസത്തെ അടവായ 116 ദിനാർ അക്കൗണ്ടിലേക്ക് അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. പണം അയച്ചതിനുശേഷം വീണ്ടും ഇവർ ഇദ്ദേഹത്തെ ബന്ധപ്പെടുകയും ലോൺ തുകയായ 4000 ദിനാർ  മുഹമ്മദിന്‍റെ അക്കൗണ്ടിലേക്ക് അയച്ചപ്പോൾ അക്കൗണ്ട് നമ്പറിൽ എന്തോ പ്രശ്നം ഉള്ളതിനാൽ അവരുടെ പണം നഷ്ടമായെന്ന് അറിയിക്കുകയും ചെയ്തു. അതിനാൽ മുന്‍കൂര്‍ ആയി പകുതി പണം വീണ്ടും മുഹമ്മദിനോട് ആവശ്യപ്പെട്ടു എന്നാല്‍ പണം നൽകാൻ കഴിയില്ല എന്ന് പറഞ്ഞതോടെ സംഘം ദേഷ്യപ്പെട്ട് സംസാരിക്കുകയും പിന്നീട് ഫോൺ ബ്ലോക്ക് ചെയ്യുകയുമാണുണ്ടായത്. പിന്നീടാണ് ഇത് തട്ടിപ്പാണെന്നും വഞ്ചിക്കപ്പെട്ടു എന്നും മനസ്സിലാകുന്നത്. തുടര്‍ന്ന് ഭാര്യ വഴി മഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. 

ഒരു ലക്ഷം രൂപ ലോൺ അനുവദിച്ച ഷീബക്ക് 45000 രൂപയാണ് നഷ്ടമായത്. ലോണിനായി സാലറി സർട്ടിഫിക്കറ്റ് നൽകാൻ ആവശ്യപ്പെടുകയും അതില്ലെങ്കിൽ 10000 രൂപ ഡെപ്പോസിറ്റ്  അടച്ചാൽ യാതൊരും രേഖകളും ഹാജരാക്കാതെ തന്നെ വായ്പ നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് വായ്പ ശരിയായെന്നും നൽകിയ അക്കൗണ്ട് നമ്പർ തെറ്റായതിനാൽ പണം മറ്റൊരു അക്കൗണ്ടിലേക്ക് പോയെന്നും പറഞ്ഞു. 45000 രൂപ ഉടൻ അടക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഭീഷിണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ഷീബ 45000 രൂപ നൽകിയത്. തുടർന്ന് ലോൺ തുക ആവശ്യപ്പെട്ടപ്പോൾ ഭീഷണിയും അസഭ്യവര്‍ഷവുമായിരുന്നു മറുപടി. നാട്ടിൽ സൈബർ സെല്ലിൽ പരാതി നൽകിയ ഷീബ പിന്നീടാണ് തന്‍റെ ബാങ്ക് അക്കൗണ്ടും ഹാക്ക് ചെയ്തെന്ന് അറിയുന്നത്. അന്വേഷണത്തിൽ നിരവധി പേരിൽ നിന്നായി പണം ഷീബയുടെ അക്കൗണ്ടിൽ വന്നുപോയതായി കണ്ടെത്തി. അന്വേഷണം നാട്ടിൽ പുരോഗമിക്കുകയാണ്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ
ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞുവീണു, ഒമാനിൽ മലയാളി മരിച്ചു