
അബുദാബി: അബുദാബി വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്ക് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളത്തിനുള്ളില്‍ യാത്രക്കാര്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. കൊവിഡ് പ്രതിരോധ നടപടിയായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
വിമാനത്തില്‍ മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് വിമാന കമ്പനികളാണ്. യു.എ.ഇ.ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില എയര്‍ലൈനുകള്‍ വിമാനത്തില്‍ യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. എത്തിഹാദ് എയര്‍വെയ്സ് വഴി ഇന്ത്യ, ഇന്തോനേഷ്യ,ചൈന,ജപ്പാന്‍,മാലിദ്വീപ്,ഫിലിപ്പൈന്‍സ്,ദക്ഷിണ കൊറിയ,കാനഡ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
യുഎഇയിലെ കൊവിഡ് പ്രതിരോധ നിബന്ധനകളില്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്ന ഇളവുകള്‍ പ്രകാരം രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ നിലവില്‍ മാസ്‍ക് ധരിക്കേണ്ടത് നിര്‍ബന്ധമല്ല. അബുദാബിയിലെ സാംസ്‍കാരിക പരിപാടികള്‍ നടക്കുന്ന വേദികളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും വിനോദ മേഖലകളിലും മാസ്‍ക് ധരിക്കേണ്ടതില്ലെന്ന് എമിറേറ്റ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Read More: യുഎഇയിലെ പുതിയ വീസാ ചട്ടങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും; മാറ്റങ്ങള്‍ ഇവയാണ്
യുഎഇ നാഷണല്‍ എമര്‍ജന്‍സി - ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോറിറ്റി പ്രഖ്യാപിച്ച ഇളവുകള്‍ പിന്തുടരുകയാണെന്ന് കാണിച്ച് അബുദാബി സാംസ്‍കാരിക - വിനോദ സഞ്ചാര വകുപ്പ് പ്രത്യേക സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. ഇത് പ്രകാരം അടച്ചിട്ടതും തുറന്നതുമായ പൊതുസ്ഥലങ്ങളില്‍ ഇനി മുതല്‍ മാസ്‍ക് ധരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ ഭക്ഷണം കൈകാര്യം ചെയ്യുന്നവരും കൊവിഡ് രോഗികളും കൊവിഡ് വൈറസ് ബാധ സംശയിക്കുന്നവരും നിര്‍ബന്ധമായും മാസ്‍ക് ധരിച്ചിരിക്കണം. ഒപ്പം ഗുരുതരമായ അസുഖങ്ങളുള്ളവരും പ്രായമായവരും മാസ്‍ക് ധരിക്കുന്നത് നല്ലതായിരിക്കുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്.
ഇവന്റുകള്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലെ പ്രവേശനത്തിന് അബുദാബിയില്‍ ഇപ്പോഴും അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ്‍ നിര്‍ബന്ധമാണ്. ഇവന്റുകളുടെ സംഘാടകര്‍ക്ക് ആവശ്യമെങ്കില്‍ അധിക മുന്‍കരുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യാം. ഒരു തവണ പി.സി.ആര്‍ പരിശോധന നടത്തിയാല്‍, കൊവിഡ് പ്രതിരോധ വാക്സിനുകള്‍ എടുത്തിട്ടുള്ളവര്‍ക്ക് 30 ദിവസത്തേക്ക് അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ പാസ് ലഭിക്കും. വാക്സിനെടുത്തിട്ടില്ലാത്തവര്‍ക്ക് ഏഴ് ദിവസമായിരിക്കും ഗ്രീന്‍ പാസിന്റെ കാലാവധി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam