റിയാദ് പുസ്തകമേളയിൽ ‘ബുക്‌സ് ബയിങ് ചാലഞ്ചു’മായി മീഡിയ ഫോറം

By Web TeamFirst Published Oct 7, 2022, 7:54 AM IST
Highlights

ബുക്‌സ് ബയിങ് ചാലഞ്ച് ഏറ്റെടുത്ത് സാമൂഹിക പ്രവര്‍ത്തകന്‍ ഇബ്രാഹിം സുബ്ഹാന്‍ 500 റിയാലിന്റെ പുസ്തകങ്ങള്‍ വാങ്ങി മീഡിയാ ഫോറം ലൈബ്രറിക്ക് സമ്മാനിച്ചു. അഞ്ച് പ്രസാധകരില്‍നിന്നാണ് പുസ്തകങ്ങള്‍ വാങ്ങിയത്.  പുറമെ നിരവധി കുടുംബങ്ങളും സാമൂഹിക പ്രവര്‍ത്തകരും മീഡിയാ ഫോറത്തിന്റെ മാതൃകക്ക് പിന്തുണയുമായി പുസ്തകം വാങ്ങാന്‍ പുസ്തകമേളയില്‍ എത്തിയിരുന്നു.

റിയാദ്: അന്താരാഷ്ട്ര പുസ്തക മേളയില്‍ മലയാളം പ്രസാധകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം. ‘ബുക്‌സ് ബയിങ് ചാലഞ്ച്’ ഏറ്റെടുത്ത് അംഗങ്ങൾ കൂട്ടമായെത്തി ഫോറം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാങ്ങി. ആയിരം റിയാലിന്റെ പുസ്തകങ്ങളാണ് വാങ്ങിയത്. ബുക്ക് ബയിങ് ചാലഞ്ച് കഥാകൃത്ത് ഷിഹാബുദ്ദീന്‍ പൊയിത്തുംകടവ് മീഡിയാ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പളളിക്ക് പുസ്തകങ്ങള്‍ നല്‍കി ഉദ്ഘാടനം ചെയ്തു.

മലയാളം ഭാഷയുടെ ആത്മാവുമായി കടല്‍ കടന്നെത്തിയ പ്രസാധകരെ ചേര്‍ത്തുപിടിച്ച മാധ്യമ പ്രവര്‍ത്തകരുടെ കരുതല്‍ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞു. പുസ്തകം വിലക്കു വാങ്ങി പ്രസാധകരെയും വായനക്കാരെയും പ്രോത്സാഹിപ്പിക്കാന്‍ റിയാദിലെ മാധ്യമ പ്രവര്‍ത്തകര്‍ മുന്നോട്ടുവന്നത് പ്രവാസലോകത്ത് ഇതിന് മുമ്പ് കണ്ടിട്ടില്ല. ഇതൊരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണും കാതും മുളച്ചതിന് ശേഷം ജീവിതത്തില്‍ ആദ്യം കാണുന്ന കാഴ്ചയാണ് റിയാദിലെ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നുണ്ടായതെന്ന് എഴുത്തുകാരനും പ്രസാധകനുമായ പ്രതാപന്‍ തായാട്ട് പറഞ്ഞു.

Read More:  ജോസഫ് അതിരുങ്കലിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്തു

ബുക്‌സ് ബയിങ് ചാലഞ്ച് ഏറ്റെടുത്ത് സാമൂഹിക പ്രവര്‍ത്തകന്‍ ഇബ്രാഹിം സുബ്ഹാന്‍ 500 റിയാലിന്റെ പുസ്തകങ്ങള്‍ വാങ്ങി മീഡിയാ ഫോറം ലൈബ്രറിക്ക് സമ്മാനിച്ചു. അഞ്ച് പ്രസാധകരില്‍നിന്നാണ് പുസ്തകങ്ങള്‍ വാങ്ങിയത്.  പുറമെ നിരവധി കുടുംബങ്ങളും സാമൂഹിക പ്രവര്‍ത്തകരും മീഡിയാ ഫോറത്തിന്റെ മാതൃകക്ക് പിന്തുണയുമായി പുസ്തകം വാങ്ങാന്‍ പുസ്തകമേളയില്‍ എത്തിയിരുന്നു. ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി, രക്ഷാധികാരി നജിം കൊച്ചുകലുങ്ക്, അക്കാദമിക് കൺവീനർ വി.ജെ. നസ്റുദ്ദീൻ, ചീഫ് കോഓഡിനേറ്റർ നൗഫൽ പാലക്കാടൻ, വൈസ് പ്രസിഡന്റ് ഷിബു ഉസ്മാൻ, ജോയിന്റ് സെക്രട്ടറി മുജീബ് ചങ്ങരംകുളം, ഇവന്റ് കൺവീനർ ഷെഫീഖ് കിനാലൂർ, വെൽഫെയർ കൺവീനർ നാദിർഷ റഹ്മാൻ എന്നിവരും സാമൂഹിക സാംസ്കാരിക പ്രവർത്തകരായ ബഷീർ മുസ്‍ലിയാരകം, റാഫി പാങ്ങോട്, മജീദ് മൈത്രി, സാദിഖ് കരുനാഗപ്പള്ളി, ജോർജ് തോമസ്, ബഷീർ കോട്ടയം, എം.ഡി. ഹർഷദ്, റസ്സൽ മഠത്തിപ്പറമ്പിൽ, ജോൺസൻ മാർക്കോസ്, അലക്സ് കൊട്ടാരക്കര, അബ്ദുൽബഷീർ കരുനാഗപ്പള്ളി, അബ്ദുൽസലാം, സലീം വാലില്ലാപ്പുഴ, സിയാദ് കൊച്ചിൻ, നാസർ കല്ലറ, ഗായകൻ നസീർ മിന്നലേ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Read More: സൗദി അറേബ്യയിൽ ആദ്യമായി ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നു; ഈ മാസം 27 മുതൽ റിയാദിൽ

ഫോട്ടോ: ബുക്ക് ബയിങ് ചലഞ്ച് കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളിക്ക് പുസ്തകങ്ങൾ നൽകി ഉദ്ഘാടനം ചെയ്യുന്നു

click me!