
ദോഹ: ഖത്തറിലെ വിവിധ സർക്കാർ വിഭാഗങ്ങളിൽ ഉപയോഗിച്ച ശേഷം ഡീകമ്മീഷൻ ചെയ്ത വാഹനങ്ങളും ഉപകരണങ്ങളും ലേലത്തിൽ സ്വന്തമാക്കാൻ അവസരം. ഖത്തർ ആഭ്യന്തര മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവുമാണ് ഈ ലേലം സംഘടിപ്പിക്കുന്നത്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്‍റെ ലേലം ജൂൺ 16-നും ആഭ്യന്തര മന്ത്രാലയത്തിന്റെ ലേലം 22-നും ആരംഭിക്കും.
ഹെവി വാഹനങ്ങൾ ഉൾപ്പെടെ 288 വാഹനങ്ങളാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ലേലത്തിലുള്ളത്. അൽ വക്ര മുനിസിപ്പാലിറ്റി തിയേറ്ററിൽ തിങ്കളാഴ്ച ആരംഭിക്കുന്ന ഈ ലേലം ജൂൺ 19 വ്യാഴാഴ്ച വരെ തുടരും. ഈ ദിവസങ്ങളിൽ ഉച്ച 3.30 മുതലാണ് ലേല നടപടികൾ ആരംഭിക്കുന്നത്. വാഹനങ്ങളും ഉപകരണങ്ങളും വിറ്റഴിക്കപ്പെടുന്നത് വരെ ലേലം തുടരും. ലേലത്തിൽ പങ്കെടുക്കുന്നവർ ലേല സമയത്ത് വക്റ മുനിസിപ്പാലിറ്റി തിയേറ്ററിൽ നേരിട്ടെത്തി ലേല പങ്കാളിത്ത കാർഡ് നേടണം.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ലേലത്തിൽ വിജയിക്കുന്നവർ ലേല തുകയുടെ 20% ഇലക്ട്രോണിക് പേയ്‌മെന്റ് വഴി നിക്ഷേപമായി നൽകണം. ബാക്കി തുക വിൽപ്പന തീയതി മുതൽ രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അടയ്ക്കണം. വാഹനങ്ങൾ പരിശോധിക്കുന്നതിനുള്ള സൗകര്യം, വാദി അബ സലീൽ ഏരിയയിലെ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വെഹിക്കിൾ കളക്ഷൻ യാർഡിൽ ലേലമുള്ള എല്ലാ ദിവസവും രാവിലെ 8 മുതൽ 11 വരെ ലഭ്യമാണ്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ലേലത്തിൽ കാറുകളോ ബൈക്കുകളോ ഉൾപ്പെടില്ല.
ആഭ്യന്തര മന്ത്രാലയത്തിന്റെ ലേലത്തിൽ മന്ത്രാലയം ഉപയോഗിച്ച് ഡി-രജിസ്റ്റർ ചെയ്ത കാറുകൾ, ബൈക്കുകൾ, അവയുടെ സ്‌പെയർ പാർട്‌സുകൾ എന്നിവയാണ് ലേലത്തിലുള്ളത്. ജൂൺ 22-ന് ആരംഭിക്കുന്ന ലേലം വാഹനങ്ങൾ പൂർണ്ണമായും വിറ്റഴിയുന്നത് വരെ തുടരും. വൈകുന്നേരം 4 മുതൽ 8 വരെയാണ് ലേല സമയം. ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് നമ്പർ ഒന്നിൽ, വർക്ക്ഷോപ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിന് സമീപമാണ് ലേലം നടക്കുക.
വാഹനങ്ങൾ നേരിട്ട് കണ്ട് പരിശോധിക്കുന്നതിനുള്ള സൗകര്യം ജൂൺ 17 മുതൽ 19 വരെ വൈകുന്നേരം 4 മുതൽ 6 വരെ ലഭ്യമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ 3000 റിയാൽ സെക്യൂരിറ്റി ഡെപ്പോസിറ്റായി കെട്ടിവയ്ക്കണം. ലേലത്തിൽ വാഹനം ലഭിക്കുകയാണെങ്കിൽ, തുക 15,000 റിയാലിന് മുകളിലാണെങ്കിൽ 30% തുകയും, 15000 റിയാലിന് താഴെയാണെങ്കിൽ മുഴുവൻ തുകയും അപ്പോൾ തന്നെ അടയ്ക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ