
റിയാദ്: മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണ വൈറസ് (MERS-CoV) സൗദി അറേബ്യയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ ആറു മാസത്തിനിടെ മെര്‍സ് വൈറസ് സ്ഥിരീകരിച്ച നാലു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്നും ഇതില്‍ രണ്ടുപേര്‍ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടന അറിയിച്ചു.
2023 ഓഗസ്റ്റ് 13 മുതല്‍ 2024 ഫെബ്രുവരി ഒന്നു മുതലുള്ള കാലയളവില്‍ നാല് മെര്‍സ് വൈറസ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും രണ്ട് മരണങ്ങള്‍ സൗദി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തതായും ലോകാരോഗ്യ സംഘടന ദ്വൈവാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അവസാനത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത് 2023 ഒക്ടോബര്‍ 26നാണ്. റിയാദ്, കിഴക്കന്‍ പ്രവിശ്യ, ഖസീം മേഖലകളിലാണ് ഈ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആര്‍ ടി പിസിആര്‍ പരിശോധനകളിലാണ് ഇവ സ്ഥിരീകരിച്ചത്. രണ്ട് പുരുഷന്‍മാര്‍ക്കും രണ്ട് സ്ത്രീകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
Read Also - പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ വിമാന സര്‍വീസ് വരുന്നു, ആഴ്ചയില്‍ നാല് സര്‍വീസുകളുമായി ആകാശ എയര്‍
59നും 93 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരുന്നു രോഗികള്‍. പനി, ചുമ, ശ്വാസംമുട്ടല്‍ എന്നീ ലക്ഷണങ്ങളുമായാണ് ഇവര്‍ ചികിത്സ തേടിയത്. ഒക്ടോബര്‍ 19നും ഡിസംബര്‍ 24നുമാണ് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒട്ടകങ്ങളില്‍ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നതെന്ന് നേരത്തേ സ്ഥിരീകരിക്കപ്പെട്ടിരുന്നു. നാല് കേസുകളില്‍ ഒരാള്‍ ഒട്ടക ഉടമയാണ്. മറ്റൊരാള്‍ക്ക് ഒട്ടകങ്ങളുമായി പരോക്ഷമായി ബന്ധപ്പെട്ട ചരിത്രമുണ്ട്. ഇയാളുടെ കുടുംബാംഗങ്ങള്‍ ഒട്ടക ഉടമകളായിരുന്നു. മറ്റ് രണ്ട് കേസുകളില്‍, രോഗബാധയുണ്ടാവുന്ന സാഹചര്യങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന്റെ വ്യക്തമായ സൂചനകളൊന്നുമില്ല. സൗദിയില്‍ 2012ലാണ് ആദ്യ മെര്‍സ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2,200 പേരില്‍ രോഗം കണ്ടെത്തി. ഇവരില്‍ 858 പേര്‍ മരണമടഞ്ഞു. 27 രാജ്യങ്ങളില്‍ മെര്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam