Latest Videos

ഷാർജ ഇന്ത്യൻ സ്കൂളിനെ മികവിന്റെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച അധ്യാപിക മിനി മേനോന്‍ പടിയിറങ്ങുന്നു

By Jojy JamesFirst Published Apr 11, 2023, 9:58 PM IST
Highlights

ചെന്നൈ ആശാന്‍ മെമ്മോറിയൽ സ്കൂളില്‍ അധ്യാപികയായിരുന്ന മിനി മേനോൻ തികച്ചും അപ്രതീക്ഷിതമായാണ് ഷാര്‍ജ ഇന്ത്യന്‍ സ്കൂളിന്റെ വൈസ് പ്രിന്‍സിപ്പലാകുന്നത്. ഭര്‍ത്താവിന്റെ ബിസിനസുമായി ബന്ധപ്പെട്ടാണ് ടീച്ചര്‍ ചെന്നൈയില്‍ നിന്ന് ഷാര്‍ജയിലേക്കെത്തിയത്.

ഹൃദയം കൊണ്ട് വിദ്യാർത്ഥികളെ സ്നേഹിച്ച അധ്യാപികയായിരുന്നു മിനി മേനോൻ. വിദ്യാർത്ഥികളുടെ ഹൃദയത്തിൽ ഇടം പിടിച്ച അധ്യാപിക. ഗുരു എന്ന വാക്കിന്റെ അർഥം പരിപൂർണമാക്കിയ വ്യക്തിത്വം. പതിനെട്ട് വർഷത്തെ സേവനത്തിന് ശേഷം മിനി മേനോൻ ഷാർജ ഇന്ത്യൻ സ്കൂളിൽ നിന്ന് വിരമിച്ചു. പെൺകുട്ടികളുടെ സ്കൂളിന്റെ വൈസ് പ്രിൻസിപ്പലെന്ന നിലയിലെ മികവിന്റെ പുതിയ ഉയരങ്ങളിലേക്ക് ഷാർജ ഇന്ത്യൻ സ്കൂളിനെ നയിച്ചാണ് മിനി മേനോൻ പടിയിറങ്ങുന്നത്.

ചെന്നൈ ആശാന്‍ മെമ്മോറിയൽ സ്കൂളില്‍ അധ്യാപികയായിരുന്ന മിനി മേനോൻ തികച്ചും അപ്രതീക്ഷിതമായാണ് ഷാര്‍ജ ഇന്ത്യന്‍ സ്കൂളിന്റെ വൈസ് പ്രിന്‍സിപ്പലാകുന്നത്. ഭര്‍ത്താവിന്റെ ബിസിനസുമായി ബന്ധപ്പെട്ടാണ് ടീച്ചര്‍ ചെന്നൈയില്‍ നിന്ന് ഷാര്‍ജയിലേക്കെത്തിയത്. ഇന്ത്യന്‍ സ്കൂളിന്റെ മതില്‍ക്കെട്ടിനകത്തേക്ക് കാലെടുത്ത വച്ച ആ നിമിഷം തന്നെ ടീച്ചറുടെ ഹൃദയം ഈ വിദ്യാലയത്തിന്റെ ഭാഗമായി. വരാനിരിക്കുന്ന ദീര്‍ഘമായ യാത്രയുടെ തുടക്കം കൂടിയായിരുന്നു ആ കാല്‍വയ്പ്പ്.

ചെന്നൈയില്‍ ജനിച്ച വളര്‍ന്ന മിനി മേനോന്‍ സ്കൂൾ കാലഘട്ടം മുതൽ സാമൂഹ്യ സേവന മേഖലകളില്‍ സജീവമായിരുന്നു. മക്കൾ മലയാളം സംസാരിക്കണമെന്ന നിര്‍ബന്ധമുള്ള അച്ഛന്‍ തന്നെയാണ് മിനിയെ ചെറുപ്പത്തിലെ സാമൂഹ്യസേവന മേഖലകളിലേക്ക് വഴി തിരിച്ച് വിട്ടത്. അതു കൊണ്ട് തന്നെ അധ്യാപനത്തെ ഒരു ജോലി എന്നതിലപ്പുറം സാമൂഹ്യസേവനമായാണ് ഇവര്‍ കണ്ടിട്ടിട്ടുള്ളതും.

ഒരു കമ്യൂണിറ്റി സ്കൂൾ ആയതിനാല്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ അധ്യാപികയുടെ കുപ്പായം അഴിച്ച് വച്ച് പലപ്പോഴും അമ്മയുടെയും സഹോദരിയുടെയും വേഷം അണിയേണ്ടി വന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടിലെ വിഷയങ്ങൾ വരെ ടീച്ചറുടെ മുന്നിലേക്കെത്തിയിരുന്നു. പലപ്പോഴും വിദ്യാര്‍ത്ഥികൾ അധ്യാപകര്‍ക്ക് ജീവിതത്തില്‍ വലിയ പാഠങ്ങൾ പകര്‍ന്ന് നല്‍കുമെന്നും നാല് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തില്‍ നിന്ന് ടീച്ചര്‍ ചൂണ്ടിക്കാണിക്കുന്നു.

ഷാര്‍ജ ഇന്ത്യൻ സ്കൂളുമായി ബന്ധപ്പെട്ട പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഏറെ സജീവമായിരുന്നു മിനി മേനോൻ. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ യാത്രയിലടക്കം പങ്കാളിയായിട്ടുണ്ട് മിനി മേനോൻ. മനസില്‍ നിന്ന് മായാത്ത ഒട്ടേറെ നല്ല ഓര്‍മകളാണ് നാല് പതിറ്റാണ്ടിലധികം നീണ്ട അധ്യാപന ജീവിതം സമ്മാനിച്ചതെന്ന് അവര്‍ പറയുന്നു. വിരമിക്കുന്ന ദിവസം ലഭിച്ച ഒരു അപ്രതീക്ഷിത സമ്മാനത്തിന്റെ ഓര്‍മകൾ ഒരിക്കലും മായില്ലെന്ന് ടീച്ചര്‍ പറയുന്നു.

വിരമിച്ചാലും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ടീച്ചറുടെ പ്രവര്‍ത്തനങ്ങൾ തുടരും. സേവന പ്രാധാന്യമുള്ള ഒരു വിദ്യാഭ്യാസ സംരഭം നാട്ടില്‍ തുടങ്ങാനുള്ള തയാറെടുപ്പിലാണ് മിനി മേനോൻ. ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ തന്നെ ഓഫീസ് ബ്ലോക്കിന് പുറത്ത് ഒരു പാരിജാതം നട്ടുപിടിപ്പിച്ചിട്ടുണ്ട് മിനി മേനോന്‍. നാല്‍പത് വര്‍ഷത്തിലധികം നീണ്ട അധ്യാപന ജീവിതം പൂര്‍ത്തിയാക്കി അവര്‍ മടങ്ങുന്നത് പാരിജാതഗന്ധം പോലെ മനസില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്ന ഒരുപിടി ഓര്‍മകളും അനുഭവങ്ങളുമായാണ്.
 


Read also: റാസല്‍ ഖൈമയിലെ സ്വര്‍ഗം തേടി അതികഠിനമായ പാതകളിലൂടെ ഒരു യാത്ര

click me!