Asianet News MalayalamAsianet News Malayalam

റാസല്‍ ഖൈമയിലെ സ്വര്‍ഗം തേടി അതികഠിനമായ പാതകളിലൂടെ ഒരു യാത്ര

യുഎഇയിലെ ഏറ്റവും കടുപ്പമേറിയതും മനോഹരവുമായ മലകയറ്റങ്ങളില്‍ ഒന്നാണ് സ്റ്റെയര്‍വേയ്സ് ഓഫ് ഹെവന്‍ അഥവാ സ്വര്‍ഗത്തിലേക്കുള്ള കോണിപ്പടികൾ. പേര് പോലെ തന്നെ സ്വര്‍ഗം പോലെ മനോഹരമായ കാഴ്ചകളിലേക്കാണ് ഈ യാത്ര. പക്ഷേ പാത കഠിനമാണെന്ന് മാത്രം. ഹജര്‍ മലനിരകളില്‍ ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് സ്റ്റെയര്‍വെയ്സ് ഓഫ് ഹെവന്‍ സ്ഥിതി ചെയ്യുന്നത്.
 

A journey through the stairways of heaven in Ras Al Khaimah UAE Gulf Roundup afe
Author
First Published Apr 11, 2023, 9:36 PM IST

യുഎഇ എന്നാല്‍ മരുഭൂമികളും അംബരചുംബികളായ കെട്ടിടങ്ങളും മാത്രമല്ല ഉള്ളത്. അതിമനോഹരമായ മലനിരകളുടെ നാട് കൂടിയാണ് യുഎഇ. ഹജര്‍ മലനിരകൾ അതിരിടുന്ന യുഎഇയിലൂടെ ഉള്ള യാത്ര അതിമനോഹരമാണ്. ഹജര്‍ മലനിരകളില്‍ ഒട്ടേറെ മനോഹര ഹൈക്കിങ് സ്‍പോട്ടുകളുമുണ്ട്. അതിലൊന്നാണ് സമുദ്രനിരപ്പില്‍ നിന്ന് 1350 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്റ്റെയര്‍വെസ് ഓഫ് ഹെവന്‍. അഥവാ സ്വര്‍ഗത്തിലേക്കുള്ള പടിക്കെട്ടുകൾ

യുഎഇയിലെ ഏറ്റവും കടുപ്പമേറിയതും മനോഹരവുമായ മലകയറ്റങ്ങളില്‍ ഒന്നാണ് സ്റ്റെയര്‍വേയ്സ് ഓഫ് ഹെവന്‍ അഥവാ സ്വര്‍ഗത്തിലേക്കുള്ള കോണിപ്പടികൾ. പേര് പോലെ തന്നെ സ്വര്‍ഗം പോലെ മനോഹരമായ കാഴ്ചകളിലേക്കാണ് ഈ യാത്ര. പക്ഷേ പാത കഠിനമാണെന്ന് മാത്രം. ഹജര്‍ മലനിരകളില്‍ ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് സ്റ്റെയര്‍വെയ്സ് ഓഫ് ഹെവന്‍ സ്ഥിതി ചെയ്യുന്നത്.

റാസല്‍ഖൈമയിലെ ഗലീല ഡാമിനോട് ചേര്‍ന്നുള്ള വാദി ഗലീലയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. പുലര്‍ച്ചെ ആറു മണിയോടെ മലകയറ്റം തുടങ്ങി. വറ്റി വരണ്ട് കിടക്കുന്ന വാദി ഗലീലയിലൂടെയാണ് യാത്രയുടെ തുടക്കം. വാദി മുഴുവന്‍ വലിയ കല്ലുകളാണ്. പല മഴകളില്‍, മലകളില്‍ നിന്ന് കുത്തിയൊലിച്ച് വന്നവയാണ് കല്ലുകളെല്ലാം. വാദിയില്‍ നിന്ന് പതുക്കെ മലയിലേക്ക് കയറി. കയറ്റം തുടങ്ങിയെങ്കിലും രാവിലെ നല്ല തണുപ്പായതിനാല്‍ മലയകയറ്റത്തിന്റെ ക്ഷീണം അറിയുന്നില്ല. ഇടയ്ക്ക് താഴ്‍വരങ്ങളെ മറച്ച് കോടമഞ്ഞ്. സഞ്ചരിക്കുന്നത് യുഎഇയിലെ തരിശു മലകളിലൂടെയാണോ എന്ന് പോലും ഒരു നിമിഷം സംശയിച്ച് പോകും. അത്രമനോഹരമായിരുന്നു ആ കാഴ്ച.

മലകയറ്റത്തിനിടയില്‍ വഴി തെറ്റിപ്പോകാതിരിക്കാന്‍ നിശ്ചിത അകലങ്ങളില്‍ അടയാളങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഒപ്പം കല്ലുകൾക്കൊണ്ട് പടിക്കെട്ടുകളുമുണ്ട്. എല്ലാവരും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്ന് ഗൈഡിന്റെ ഓര്‍മപ്പെടുത്തല്‍. 
മലയുടെ ഇടയില്‍ വെട്ടിയൊരുക്കിയ പോലെയുള്ള ഈ പാത എത്തിച്ചേരുന്നത് മനോഹരമായ ഒരു കുളത്തിന്റെ അരികിലേക്കാണ്. കോട്ടപോലെ ഉയര്‍ന്ന് നില്‍ക്കുന്ന മലനിരകൾക്കിടയില്‍ പ്രകൃതിയൊരുക്കിയ മനോഹര കാഴ്ച. യാത്രയുടെ ഇടത്താവളമാണത്.

ഇനിയാണ് യാത്രയുടെ ഏറ്റവും കാഠിന്യമേറിയ ഘട്ടം. കുത്തനെ നാലു കിലോമീറ്റര്‍ ദൂരം. ഇളകികിടക്കുന്ന കല്ലുകളില്‍ സൂക്ഷിച്ച് ചവിട്ടിയില്ലെങ്കില്‍ വീഴുന്നത് വലിയ താഴ്ചയിലേക്കാകാം. ഓരോ ചുവടും കരുതലോടെ വേണം. ക്ഷിണിക്കുമ്പോൾ വിശ്രമിക്കാന്‍ ചെറിയ കുടിലുകളുണ്ട്. മുന്നിലുള്ള വലിയ കയറ്റം കീഴടക്കാനാകാതെ പലരും യാത്ര അവസാനിപ്പിച്ച് ഈ കുടിലുകളില്‍ വിശ്രമിക്കുന്നു. 

യുഎഇ ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഇപ്പോൾ യാത്ര. ഒമാന്‍ ഭാഗത്തെ കൂടുതല്‍ ദുര്‍ഘടമായ പാതയിലൂടെയും മലമുകളിലെത്താമെങ്കിലും, അതിലെയുള്ള യാത്ര ഇപ്പോൾ വിലക്കിയിരിരിക്കുകയാണ്. കല്ലുകൾ നിറഞ്ഞ മലകൾക്കിടയില്‍ മുൾച്ചെടികൾ പൂത്തു നില്‍ക്കുന്ന മനോഹരമായ കാഴ്ചകള്‍ കാണാം. ആടുകളെ മേയ്ക്കുന്നവര്‍ കല്ലുകൾ കെട്ടി ഒരുക്കിയ താല്‍ക്കാലിക താവളങ്ങളും മലകളുടെ പല ഭാഗത്തും കാണാം.

മുന്നോട്ട് പോകും തോറും കയറ്റം കഠിനമായിക്കൊണ്ടിരിക്കും. വെയിലിന് കടുപ്പമേറിയതോടെ യാത്രയുടെ വേഗവം കുറഞ്ഞു. പുലര്‍ച്ചെ തുടങ്ങിയ യാത്ര അഞ്ചു മണിക്കൂര്‍ പിന്നിട്ട് കഴിഞ്ഞു. ഒടുവില്‍ ഇതാ സ്വര്‍ഗത്തിന്റെ തൊട്ടരികില്‍. സ്വര്‍ഗത്തിലേക്കുള്ള പാത കടുപ്പമേറിയതാണെന്ന ബൈബിൾ വചനങ്ങളെ ശരിവയ്ക്കുന്നതാണ് ഓരോ ചുവടും. ഒടുവില്‍ കാഠിന്യമേറിയ ആ പാത മറികടന്ന് ലക്ഷ്യസ്ഥാനത്ത്.

മലകയറി മുകളിലെത്തിയാൽ നിങ്ങളെ വരവേല്‍ക്കുന്ന പച്ച പുതച്ച് നില്‍ക്കുന്ന ഒരു സമതല ഭൂമിയാണ്.. ഒപ്പം മനോഹരമായ ഒരുപിടി കാഴ്ചകളും. ജബല്‍ ജെയ്സിന്റെ മറ്റൊരു മുഖവും, ചെങ്കുത്തായ താഴ്‍വാരങ്ങളുമെല്ലാമായി അതിമനോഹരമായ അനുഭവമാണ് ഇവിടെ നില്‍ക്കുമ്പോൾ ലഭിക്കുന്നത്. ഒരിക്കലെങ്കിലും ആസ്വദിക്കേണ്ട ഒരു സാഹസിക അനുഭവം. ഇനി തിരിച്ചിറക്കമാണ്. അതിനമോഹരമായ കാഴ്ചകളെല്ലാം മനസിലേക്ക് ആവാഹിച്ച് നഗരത്തിരക്കുകളിലേക്കുള്ള തിരിച്ചിറക്കം.

Follow Us:
Download App:
  • android
  • ios