
കൊച്ചി: മലേഷ്യയില്‍ മനുഷ്യക്കടത്തിനിരയായി ഗാര്‍ഹിക ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റ മിനി ഭാര്‍ഗവനെ (54) ഇന്നലെ രാത്രി 11.30 ന് എയര്‍ ആംബുലന്‍സില്‍ കൊച്ചിയില്‍ എത്തിച്ചു. എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മിനിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. മിനി ഇപ്പോള്‍ വെന്‍റിലേറ്ററിലാണുള്ളത്.
മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികിത്സ ഏകോപിപ്പിക്കും. ഗുരുതരമായ പൊള്ളലേറ്റ്, രണ്ടുമാസത്തിലധികമായി വെന്‍റിലേറ്ററിന്‍റെ സഹായമില്ലാതെ ശ്വാസോച്ഛ്വാസം പോലും വീണ്ടെടുക്കാനാവാതെ അബോധാവസ്ഥയില്‍ കഴിയുന്ന മിനിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറം ലോകമറിഞ്ഞതോടെയാണ് ഇടപെടല്‍ ഉണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം നോര്‍ക്ക, ഇന്ത്യന്‍ എംബസി, ലോക കേരള സഭ, പ്രവാസി മലയാളികള്‍ എന്നിവരുടെ ഇടപെടലിലൂടെയാണ് മിനിയെ നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കാനായത്.
ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും പൊള്ളലേറ്റ് മാർച്ച് ഏഴാം തീയതി പെനാങ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും തൊഴിലുടമ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ചികിത്സയിലിരിക്കെ ശ്വാസകോശത്തിലെ അണുബാധയും വൃക്ക സംബന്ധമായ അസുഖങ്ങളും മൂർച്ഛിച്ചതോടെ മിനിയുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു.
മിനിയെ തുടർച്ചായി ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതോടെയാണ് കുടുംബം ലോക കേരള സഭ സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ടത്. തുടർന്ന് മലേഷ്യയിലെ ലോക കേരള സഭാ പ്രതിനിധികൾക്ക് വിവരം കൈമാറി. ലോക കേരള സഭ അംഗവും സാമൂഹിക പ്രവർത്തകനുമായ ആത്മേശൻ പച്ചാട്ടിൻറെ പ്രാഥമികാന്വേഷണത്തിലാണ് രണ്ടുമാസത്തിലധികമായി ഇരുപത്താറ് ശതമാനത്തോളം ഗുരുതരമായ പൊള്ളലേറ്റ്, വെന്‍റിലേറ്ററിന്‍റെ സഹായമില്ലാതെ ശ്വാസോച്ഛ്വാസം പോലും വീണ്ടെടുക്കാനാവാതെ അബോധാവസ്ഥയിൽ കഴിയുന്ന മിനിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിയുന്നത്.
ശേഷം ആത്മേശനും മലേഷ്യയിലെ ഇന്ത്യൻ ഹെറിറ്റേജ് സൊസൈറ്റി ഭാരവാഹി ശശികുമാർ പൊതുവാളും ചേർന്ന് പ്രസ്തുത വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ എംബസിയെ സമീപിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ