
ഷാര്‍ജ: ഷാര്‍ജ ബുതീനയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി കുത്തേറ്റ് കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പാലക്കാട് തൃക്കാക്കല്ലൂര്‍ തച്ചിലംപാറ കല്ലുങ്കുഴി അബ്‍ദുല്‍ ഹക്കീം (30) ആണ് പാകിസ്ഥാന്‍ സ്വദേശിയുടെ കുത്തേറ്റ് മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകുന്നേരം അഞ്ച് മണിക്ക് മുഹൈസിന മെഡിക്കല്‍ ഫിറ്റ്‍നസ് സെന്ററില്‍ മൃതദേഹം എംബാം ചെയ്‍തു. മയ്യിത്ത് നമസ്‍കാരത്തിന് ശേഷം ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാത്രി 11.45നുള്ള എയര്‍ ഇന്ത്യ എഐ 998 വിമാനത്തില്‍ കോഴിക്കോടേക്കാണ് മൃതദേഹം കൊണ്ടുപോയത്.
ഹംസ പടലത്ത് - സക്കീദ ദമ്പതികളുടെ മകനായ അബ്ദുല്‍ ഹക്കീം ഷാര്‍ജ ബുതീനയിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലായിരുന്നു ജോലി ചെയ്‍തിരുന്നത്. തൊട്ടടുത്തുള്ള കഫെറ്റീരിയയില്‍ വെച്ചാണ് അദ്ദേഹത്തിന് കുത്തേറ്റത്. ജോലിയ്ക്കിടയിലെ ഒഴിവ് വേളകളില്‍ പതിവായി ചായ കുടിക്കാന്‍ പോയിരുന്ന കഫെറ്റീരിയയില്‍ വെച്ച് ഹക്കീമിന്റെ സഹപ്രവര്‍ത്തകനായ മലയാളിയും, ഇവിടെയെത്തിയ ഒരു പാകിസ്ഥാന്‍ പൗരനും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. ഇത് അറിഞ്ഞ് പ്രശ്‍നം പരിഹരിക്കാനായാണ് ഹക്കീം അവിടെയെത്തിയത്. എന്നാല്‍ പ്രകോപിതനായ പാകിസ്ഥാന്‍ പൗരന്‍ കഫെറ്റീരിയയിലെ കത്തിയെടുത്ത് ഹക്കീമിനെ കുത്തുകയായിരുന്നു.
ആഴത്തില്‍ മുറിവേറ്റ ഹക്കീമിനെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഫെറ്റീരിയയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ തടയാന്‍ ശ്രമിച്ച ഒരു മലയാളിക്കും ഒരു ഈജിപ്ഷ്യന്‍ പൗരനും പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ട ഹക്കീം അവധിക്ക് നാട്ടില്‍ പോയി മൂന്ന് മാസം മുമ്പാണ് മടങ്ങിയെത്തിയത്. ഷാര്‍ജയില്‍ ഒപ്പമുണ്ടായിരുന്ന കുടുംബം ഏതാനും ദിവസം മുമ്പ് നാട്ടിലേക്ക് മടങ്ങിയിരുന്നു.
Read also: സന്ദർശക വിസയിൽ മക്കളുടെ അടുത്തെത്തിയ മലയാളി വീട്ടമ്മ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ