അനധികൃത ടാക്സി സര്‍വീസ് നടത്തിയ നിരവധി പ്രവാസികളെ പിടികൂടി നാടുകടത്തി

By Web TeamFirst Published Nov 11, 2022, 10:40 PM IST
Highlights

സാധാരണ ചെക്കിങ് പോയിന്റുകള്‍ക്ക് പുറമെ വിവിധ സ്ഥലങ്ങളില്‍ അപ്രതീക്ഷിതമായും പൊലീസ് സംഘം കാത്തു നിന്ന് പരിശോധന നടത്തി. നിരവധി പ്രവാസികള്‍ പിടിയിലാവുകയും ചെയ്‍തു. 

റിയാദ്: സൗദി അറേബ്യയില്‍ അനധികൃതമായി ടാക്സി സര്‍വീസ് നടത്തിയ നാല്‍പതിലധികം പ്രവാസികളെ നാടുകടത്തിയെന്ന് റിപ്പോര്‍ട്ട്. തുറൈഫില്‍ നിന്ന് പിടിക്കപ്പെട്ടവരെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി പ്രവാസികളെ തുറൈഫില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും ഇത്തരത്തില്‍ അധികൃതര്‍ പിടികൂടിയിരുന്നു.

വടക്കന്‍ അതിര്‍ത്തി പ്രവിശ്യ പൊലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു അനധികൃത ടാക്സി സര്‍വീസ് നടത്തുന്നവര്‍ക്കെതിരായ നടപടി. സാധാരണ ചെക്കിങ് പോയിന്റുകള്‍ക്ക് പുറമെ വിവിധ സ്ഥലങ്ങളില്‍ അപ്രതീക്ഷിതമായും പൊലീസ് സംഘം കാത്തു നിന്ന് പരിശോധന നടത്തി. നിരവധി പ്രവാസികള്‍ പിടിയിലാവുകയും ചെയ്‍തു. സ്‍പോണ്‍സര്‍മാര്‍ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ചിലരെ പിന്നീട് വിട്ടയച്ചു. എന്നാല്‍ മറ്റുചിലരെ വിട്ടയക്കാന്‍ തയ്യാറായില്ല. ഇതിനു പിന്നാലെയാണ് നിയമലംഘനങ്ങള്‍ക്ക് പിടിയിലായവരില്‍ വിവിധ രാജ്യക്കാരായ നാല്‍പതിലധികം പേരെ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തിയെന്ന വിവരവും അധികൃതര്‍ പുറത്തുവിട്ടത്. ഇഖാമ നിയമലംഘനങ്ങള്‍ ഉള്‍പ്പെടെ മറ്റ് നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കായും വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്.

Read also: ഓട്ടിസം ബാധിതയായ കുട്ടിയുടെ കൈയും കാലും ബന്ധിച്ച് ഭക്ഷണം നല്‍കി; മൂന്ന് വനിതകള്‍ അറസ്റ്റില്‍

മൊബൈല്‍ കടകളില്‍ പരിശോധന; പിടിയിലായ രണ്ട് പ്രവാസികളെ നാടുകടത്തും
റിയാദ്: സൗദി അറേബ്യയില്‍ മൊബൈല്‍ ഫോണ്‍ ഷോപ്പുകളില്‍ റെയ്‍ഡ്. നജ്റാന്‍ പ്രവിശ്യയിലെ വിവിധ നഗരങ്ങളിലാണ് കഴിഞ്ഞ ദിവസം മാനവവിഭവ ശേഷി - സാമൂഹിക വികസന മന്ത്രാലയത്തിന്റെ നജ്റാന്‍ ശാഖയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. സുരക്ഷാ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

നജ്‍റാന് പുറമെ ഹബൂന, ശറൂറ എന്നിവിടങ്ങളിലെ മൊബൈല്‍ ഫോണ്‍ കടകളിലും പരിശോധന നടത്തി. ആകെ ഇരുപത്തിയഞ്ചിലധികം കടകളിലാണ് ഉദ്യോഗസ്ഥരെത്തിയത്. വിശദ പരിശോധനയില്‍ അഞ്ച് സ്ഥാപനങ്ങളില്‍ നിയമലംഘനം കണ്ടെത്തുകയും ചെയ്‍തു. ഈ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. മറ്റ് നിയമലംഘനങ്ങള്‍ കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്‍തു.

സ്വന്തം നിലയ്ക്ക് മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ നടത്തിയിരുന്ന രണ്ട് പ്രവാസികളെ റെയ്ഡിനിടെ അറസ്റ്റ് ചെയ്യുകയും ചെയ്‍തു. ഇവരെ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തും. ഇതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. സൗദി അറേബ്യയില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയിട്ടുള്ള മേഖലയാണ് മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍. നിയമലംഘനങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് വരും ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ നടത്തുമെന്ന് നജ്റാനിലെ മാനവ വിഭവശേഷി - സാമൂഹിക വികസന മന്ത്രാലയ ശാഖ അറിയിച്ചിട്ടുണ്ട്

click me!