ബഹ്റൈന്‍ സാമൂഹിക വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പതിവ് പരിശോധനയ്ക്കായി സെന്ററില്‍ എത്തിയപ്പോഴാണ് കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടെത്തിയത്.

മനാമ: ബഹ്റൈനില്‍ ഓട്ടിസം ബാധിതയായ നാല് വയസുകാരിയെ ഉപദ്രവിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ നടപടി. രാജ്യത്ത് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള ഒരു സെന്ററില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് മര്‍ദനമേറ്റത്. ഇവിടുത്തെ മാനേജറായ വനിതയും രണ്ട് ജീവനക്കാരികളും ഉള്‍പ്പെടെ മൂന്ന് പേരെ അധികൃതര്‍ അറസ്റ്റ് ചെയ്‍തു.

ബഹ്റൈന്‍ സാമൂഹിക വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പതിവ് പരിശോധനയ്ക്കായി സെന്ററില്‍ എത്തിയപ്പോഴാണ് കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടെത്തിയത്. പുറത്തു നിന്നുതന്നെ കുട്ടിയുടെ കരച്ചില്‍ കേട്ട് പരിശോധക സംഘം അകത്തേക്ക് ചെന്നപ്പോള്‍, കുട്ടിയുടെ കൈയും കാലും ടേപ്പ് കൊണ്ട് ബന്ധിച്ച ശേഷം ബലം പ്രയോഗിച്ച് ഭക്ഷണം നല്‍കുന്നതാണ് കണ്ടത്. സെന്ററിന്റെ മാനേജറുടെ അറിവോടെയാണ് തങ്ങള്‍ ഇപ്രകാരം ചെയ്‍തതെന്ന് രണ്ട് ജീവനക്കാരികളും മൊഴി നല്‍കി. 

തുടര്‍ന്ന് മൂന്ന് പേരെയും സാമൂഹിക വികസന മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. ഇവരെ വിചാരണയ്ക്കായി ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. അതേസമയം കുട്ടിയുടെ ശരീരത്തില്‍ നേരത്തെയും മുറിവുകളുണ്ടായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. സെന്ററിലേക്ക് വരാന്‍ കുട്ടി തയ്യാറാവുകയുമില്ലായിരുന്നു. ഇക്കാര്യം ജീവനക്കാരെ അറിയിച്ചപ്പോള്‍ കുട്ടി കളിക്കുന്നതിനിടെ സ്വയം മുറിവേറ്റതാണെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്.

Read also: സ്വദേശിവത്കരണ നിബന്ധന പാലിക്കാന്‍ ഇനി 50 ദിവസം കൂടി മാത്രം ബാക്കി; പിഴ 15 ലക്ഷത്തിലധികം