
ജിദ്ദ: അനുമതിപത്രമില്ലാതെ ഹജ്ജിനെത്തിയ രണ്ടു ലക്ഷത്തോളം പേരെ തിരിച്ചയച്ചു. ഈ വർഷത്തെ ഹജ്ജ് സീസൺ ആരംഭിച്ച ശേഷമാണ് ഇത്രയും പേരെ മക്കയ്ക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചത്. അനുമതി പത്രമില്ലാതെ ഹജ്ജിനെത്തിയ 1,99,404 പേരെയാണ് കഴിഞ്ഞ ദിവസം വരെ മക്കയുടെ പ്രവേശന കവാടങ്ങളിൽ നിന്ന് തിരിച്ചയച്ചതെന്നു ഹജ്ജ് സുരക്ഷാ സേന മേധാവി ജനറൽ ഖാലിദ് അൽ ഹർബി അറിയിച്ചു.
പ്രത്യേക പെർമിറ്റ് ഇല്ലാതെ മക്കയിൽ പ്രവേശിക്കുന്നതിന് ശ്രമിച്ച 89,039 വാഹനങ്ങളും ചെക്ക്പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചു.
ഹജ്ജിനു അനുമതിപത്രമില്ലാതെ നുഴഞ്ഞു കയറുന്നതു തടയുന്നതിനും നിയലംഘകരെ പിടികൂടുന്നതിനും മക്കക്ക് സമീപമുള്ള മുഴുവൻ നിരത്തുകളിലും താൽക്കാലിക ചെക്ക് പോയിന്റുകൾ സ്ഥാപിച്ചതായി ഹൈവേ പോലീസ് മേധാവി ജനറൽ സായിദ് അൽ തുവയ്യാൻ പറഞ്ഞു.
നിയമ ലംഘകരെ മക്കയിലേക്ക് കടക്കാൻ സഹായിക്കുന്നവർക്കെതിരെയും ശിക്ഷാ നടപടികൾ സ്വീകരിക്കും. നിയമ ലംഘകരായ വിദേശികളുടെ വിരലടയാളം രേഖപ്പെടുത്തിയ ശേഷം നാടുകടത്തും. കൂടാതെ പത്തുവർഷം കഴിയാതെ ഇവർക്ക് പുതിയ വിസയിൽ വീണ്ടും രാജ്യത്തു പ്രവേശിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തുവെന്നും ജനറൽ സായിദ് അൽ തുവയ്യാൻ പറഞ്ഞു.
അതേസമയം വാണിജ്യാവശ്യങ്ങൾക്കായി സന്ദര്‍ശന വിസകളിലെത്തിയവര്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിനൊരുങ്ങുന്നതായി പ്രത്യേക സമിതി കണ്ടെത്തിയിരുന്നു. സന്ദര്‍ശന വിസകളിലുള്ളവര്‍ക്ക് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നിതിനു നിലവിൽ വിലക്കുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam