
മസ്‍കത്ത്: ഒമാനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ജബൽ അക്ദറിൽ കഴിഞ്ഞ വര്‍ഷം എത്തിയ സന്ദർശകരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞുവെന്ന് ഔദ്യോഗിക കണക്കുകൾ. ഒമാൻ ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 2022ൽ 2,08,423 സന്ദർശകരാണ് ജബൽ അക്ദറിൽ എത്തിയത്. ആകെ സന്ദർശകരിൽ 1,12,619 പേരും ഒമാൻ സ്വദേശികളാണ്.
കാലാവസ്ഥയിലെ പ്രത്യേകതകള്‍ കാരണം വര്‍ഷം മുഴുവന്‍ സന്ദര്‍ശകരെത്തുന്ന സ്ഥലമാണ് അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ അക്ദര്‍. വേനല്‍കാലത്ത് പോലും അത്യുഷ്ണമില്ലെന്നതും തണുപ്പുകാലത്തെ അതിശൈത്യവും പ്രദേശത്തെ നിരവധി ഹോട്ടലുകളുടെ സാന്നിദ്ധ്യവും ഇവിടേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. തണുപ്പുകാലത്ത് പര്‍വതാരോഹണം പോലുള്ള സാഹസിക വിനോദങ്ങളും പര്‍വത പ്രദേശങ്ങളിലൂടെയുള്ള യാത്രകളും ഇഷ്ടപ്പെടുന്നവര്‍ യാത്രകള്‍ക്കായി തെരഞ്ഞെടുക്കുന്ന പ്രധാന സ്ഥലവും ജബല്‍ അക്ദറാണ്.
മാതളം, മുന്തിരി, പീച്ച്, ആപ്രിക്കോട്ട്, റോസ് എന്നിങ്ങനെയുള്ളവയുടെ കൃഷിസ്ഥലങ്ങളും ഈ അല്‍ ജബല്‍ അല്‍ അക്ദര്‍ വിലായത്തിലുണ്ട്. അറബികള്‍ക്ക് പുറമെ ഏഷ്യ, യൂറോപ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ട്. കഴിഞ്ഞ വര്‍ഷമെത്തിയ ആകെ സന്ദര്‍ശകരില്‍ 13,428 പേര്‍ സൗദി പൗരന്മാരും 1,543 പേര്‍ യുഎഇ പൗരന്മാരും 1,235 പേര്‍ കുവൈത്തികളുമാണ്. ഖത്തറില്‍ നിന്ന് 746 പേരും ബഹ്റൈനില്‍ നിന്ന് 51 പേരും 2022ല്‍ ജബല്‍ അക്ദര്‍ സന്ദര്‍ശിച്ചു. മറ്റ് അറബ് രാജ്യങ്ങളില്‍ നിന്ന് എത്തിയവരുടെ എണ്ണം 6,041 ആണ്. അതേസമയം ഗള്‍ഫ് ഇതര രാജ്യങ്ങളില്‍ നിന്ന് 72,294 വിനോദ സഞ്ചാരികള്‍ ഇവിടുത്തെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തി.
Read also: ഒമാനില്‍ ജനുവരി 12ന് പൊതു അവധി പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയ്ക്കും ബാധകം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ