അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

By Web TeamFirst Published Nov 4, 2021, 10:49 PM IST
Highlights

മൂന്ന് മാസം മുന്‍പുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കവെ മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. 

റിയാദ്: സൗദി അറേബ്യയിൽ അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച തമിഴ്‌നാട് കന്യാകുമാരി സ്വദേശി കമീലൻസ് മുത്തുസ്വാമിയുടെ (63) മൃതദേഹം നാട്ടിലെത്തിച്ചു. തുടർചികിത്സാർഥം കഴിഞ്ഞമാസം 18ന്  കൊച്ചി വഴി നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പുകൾ പൂർത്തീകരിച്ചിരിക്കെയാണ് മരണം സംഭവിച്ചത്. 

മൂന്ന് മാസം മുമ്പ് ഇദ്ദേഹം ഓടിച്ച വാഹനം വൈദ്യുത പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു. അപകടം സംഭവിച്ചയുടനെ ഉനൈസ കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ചക്ക് ശേഷം അവിടെനിന്നും അൽ-റാസ്‌ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സെപ്തംബർ 23ന് നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിരുന്നെങ്കിലും വിമാന യാത്രയുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം നീട്ടിവയ്ക്കുകയായിരുന്നു.

റിയാദിൽ നിന്ന് ദുബൈ വഴിയുള്ള വിമാനത്തിൽ ബുധനാഴ്ച പുലർച്ചെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. അവിടെനിന്നും ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ തമിഴ്നാട്ടിലെ കന്യാകുമാരിയിൽ എത്തിച്ച് മരണാനന്തര ചടങ്ങുകൾ നടന്നു. സാമൂഹികപ്രവർത്തകൻ ഹരിലാൽ, ഖസീം പ്രവാസി സംഘം ജീവകാരുണ്യവിഭാഗം കൺവീനർ നൈസാം തൂലിക എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.

click me!