
റിയാദ്: റിയാദിൽ ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം തിരൂർ വൈലത്തൂർ മണ്ണാറക്കൽ സ്വദേശി കൈതക്കാട്ടിൽ അയൂബ് സഖാഫിയുടെ (39) മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു. വ്യാഴാഴ്ച രാത്രി റിയാദിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മൃതദേഹം വെള്ളിയാഴ്ച രാവിലെ 7.35-ന് കോഴിക്കോട് എയർപോർട്ടിൽ എത്തിച്ചു. ഖബറടക്കം വൈലത്തൂർ ചിലവിൽ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.
ഈ മാസം ഏഴിനായിരുന്നു അയൂബ് സഖാഫിയുടെ അപ്രതീക്ഷിത വിയോഗം. അവധി കഴിഞ്ഞ് നാട്ടിൽ നിന്നും റിയാദിൽ തിരിച്ചെത്തി മൂന്ന് മാസം പിന്നിടുമ്പോഴായിരുന്നു മരണം. മഅ്ദിൻ സ്ഥാപനങ്ങളുടെ താൽക്കാലിക ഓർഗനൈസറായി പ്രവർത്തിച്ചിരുന്ന അദ്ദേഹം, റിയാദിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) അസീസിയ ഡിവിഷൻ ദാറുൽ ബൈദാ യൂനിറ്റ് പ്രസിഡൻറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നാട്ടിൽ പിതാവിന്‍റെ ആണ്ടുനേർച്ച ചടങ്ങുകൾ നടക്കുന്നതിനിടയിലാണ് അയൂബിന്‍റെ മരണവാർത്ത കുടുംബത്തെ തേടിയെത്തിയത്. റിയാദ് ഐ.സി.എഫ് വെൽഫെയർ ടീമിന്‍റെ നേതൃത്വത്തിലാണ് മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കിയത്. വ്യാഴാഴ്ച അസർ നമസ്കാരത്തിന് ശേഷം ഉമ്മുൽ ഹമാം കിങ് ഖാലിദ് മസ്ജിദിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ചിരുന്നു. പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയാണ് പിതാവ്. മാതാവ്: ഫാത്തിമ. ഭാര്യ: റുമൈസ. റസീൻ റബീഹ്, റാസി ആയിഷ എന്നിവർ മക്കളാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam