
റിയാദ്: കഴിഞ്ഞ മാസം 24ന് സൗദി ഖസീം പ്രവിശ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു. തിരുവനന്തപുരം, കിളിമാനൂർ, പുളിമാത്ത് പൊരുന്തമൺ വള്ളംവെട്ടിക്കോണം കുന്നിൽവീട്ടിൽ പരേതനായ രാഘവന്റെ മകൻ ബൈജുവിന്റെ (40) മൃതദേഹമാണ് കനിവ് ജീവകാരുണ്യ കൂട്ടായ്‌മയുടെ പ്രവർത്തനഫലമായി ശനിയാഴ്ച നാട്ടിലെത്തിയത്.
കഴിഞ്ഞ എട്ട് വർഷമായി ഉനൈസയിലെ മരുഭൂ വിശ്രമകേന്ദ്രത്തിൽ (ഇസ്‌തിറാഹ) ജോലിക്കാരനായിരുന്ന ബൈജുവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ആത്മഹത്യയാണെന്നാണ് ഫോറൻസിക് പരിശോധന ഫലം. വെള്ളിയാഴ്ച രാത്രി റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം ശനിയാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങി. അവിടെനിന്ന് നോർക്കയുടെ ആംബുലൻസിൽ നാട്ടിലെത്തിച്ചു. കനിവ് ജീവകാരുണ്യവേദി അംഗം നൈസാം തൂലികയാണ് നടപടികൾ പൂർത്തീകരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് റിയാദ് ഇന്ത്യൻ എംബസിയാണ് വഹിച്ചത്. നാല് മാസം മുമ്പാണ് ബൈജു അവധി കഴിഞ്ഞ് മടങ്ങിയെത്തിയത്. അമ്മ ചെല്ലമ്മ. കുഞ്ഞുമോളാണ് ഭാര്യ. രാഹുൽ, രേഷ്മ എന്നിവർ മക്കളാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam