Saudi Accident : സൗദി വാഹനാപകടം: മലയാളി കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കും

By Web TeamFirst Published Dec 5, 2021, 11:44 PM IST
Highlights

റിയാദിൽ നിന്ന് 200 കിലോമീറ്റര്‍ അകലെ ജീസാൻ റോഡിലെ അൽ റെയ്ൻ എന്ന സ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളി കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ (Road accident in Saudi Arabia) മരിച്ച മലയാളി കുടുംബത്തിലെ മുഴുവനാളുകളുടെയും മൃതദേഹം നാട്ടിൽ കൊണ്ടുപോകും. റിയാദിൽ (Riyadh) നിന്ന് 200 കിലോമീറ്റര്‍ അകലെ ജീസാൻ റോഡിലെ അൽ റെയ്ൻ എന്ന സ്ഥലത്ത് കാറുകൾ കൂട്ടിയിടിച്ച അപകടത്തിൽ കോഴിക്കോട് ബേപ്പുർ സ്വദേശി പാണ്ടികശാലക്കണ്ടി വീട്ടിൽ മുഹമ്മദ് ജാബിർ (45), ഭാര്യ ഷബ്ന ജാബിർ (36), മക്കളായ ലുത്ഫി മുഹമ്മദ് ജാബിർ (12), സഹ ജാബിർ (6), ലൈബ മുഹമ്മദ് ജാബിർ (8) എന്നിവരാണ് മരിച്ചത്. 

അൽ റെയ്നിലെ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ഇന്ന് വൈകുന്നേരത്തോടെ റിയാദിലെ ഷുമേസി കിങ് സഊദ് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാൻ കഴിയുമെന്നാണ് സാമൂഹിക പ്രവർത്തകർ പറയുന്നത്. വെള്ളിയാഴ്ച രാവിലെ സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിന്ന് പുറപ്പെട്ട ഈ കുടുംബം അന്ന് ഉച്ചക്കാണ് അപകടത്തിൽ പെട്ടത്. എന്നാൽ ശനിയാഴ്ചയാണ് വിവരം പുറത്തറിഞ്ഞത്. സൗദി പൗരൻ ഓടിച്ച ലാൻഡ് ക്രൂയിസർ വാഹനവും മലയാളി കുടുംബം സഞ്ചരിച്ച ടൊയോട്ട കൊറോള കാറുമാണ് കൂട്ടിയിടിച്ചത്.  നിശ്ശേഷം തകർന്ന കാറിനുള്ളിൽ കുടുങ്ങിയ അഞ്ചംഗ കുടുംബത്തിലെ എല്ലാവരും മരിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. 

click me!